Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലെവി: ചെറുകിട സ്ഥാപനങ്ങൾക്ക് തിരികെ നൽകിയത് 30 കോടി റിയാൽ

പ്രായോജകർ 12,656 ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ

റിയാദ്- ലെവി ഇനത്തിലും മറ്റും ഗവൺമെന്റിലേക്ക് അടച്ച 30 കോടി റിയാൽ രജിസ്റ്റർ ചെയ്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് തിരികെ നൽകിയെന്ന് ജനറൽ അതോറിറ്റി ഫോർ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് അതോറ്റി (മുൻശആത്ത്) അറിയിച്ചു. 12,656 സ്ഥാപനങ്ങൾക്കാണ് ഇത്രയും തുക തിരിച്ചു നൽകിയതെന്ന് മുൻശആത്ത് ഗവർണർ എൻജി. സ്വാലിഹ് അൽറഷീദ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സൗദി സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ട് നവസംരംഭങ്ങൾ തുടങ്ങുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മുൻശആത്ത് ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 
രാജ്യത്തെ 90 ശതമാനം സ്ഥാപനങ്ങളും ഇടത്തരം, ചെറുകിട കാറ്റഗറികളിൽ പെടുന്നവയാണ്. ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നതിന് മുൻശആത്ത് പ്രത്യേകം സെന്റർ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വ്യവസായ രംഗത്തേക്ക് കടന്നുവരുന്നതും നിലവിൽ സ്ഥാപനങ്ങൾ നടത്തുന്നവരുമായ 6,256 നിക്ഷേപകർക്ക് സെന്റർ ഇതിനകം സഹായം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, സംരംഭകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുക, ജീവനക്കാർക്കും ഉടമകൾക്കും പരിശീലനം നൽകുക, പ്രശ്‌നപരിഹാര സാധ്യതകൾ നിർദേശിക്കുക എന്നീ സേവനങ്ങളും മുൻശആത്ത് സപ്പോർട്ട് സെന്റർ നൽകിവരുന്നുണ്ട്. സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നേരിട്ടല്ലാത്ത രീതിയിൽ ലോണുകൾ നൽകുന്നതിനും സെന്റർ സഹായിക്കുന്നുണ്ടെന്നും എൻജി. സ്വാലിഹ് അൽറാഷിദ് പറഞ്ഞു. 739 സ്ഥാപനങ്ങൾക്ക് ഈ രീതിയിൽ 706 മില്യൺ റിയാൽ സാമ്പത്തിക സഹായം ഇതുവരേക്കും ലഭ്യമാക്കി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നവർക്ക് ധനസഹായം നൽകുന്നതിനായി ഒരു ബാങ്ക് തുടങ്ങുന്നതിനെ കുറിച്ച് മുൻശആത്ത് പഠനം നടത്തിയിട്ടുണ്ട്. 
പുതുതായി സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്ക് ഉടൻതന്നെ ഒമ്പത് വിസകൾ വരെ അനുവദിക്കുമെന്നും ഗവർണർ അറിയിച്ചു. ഇതിനായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി ഏകോപനം നടത്തിയിട്ടുണ്ട്. കൂടാതെ, പുതിയ സ്ഥാപനങ്ങൾക്ക് നിതാഖാത്ത് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ഒരു വർഷം വരെ സാവകാശം നൽകും. ഏതെങ്കിലും ഒരു തൊഴിലാളിയുടെ സേവനം നഷ്ടമായാൽ പകരം പുതിയ വിസ അനുവദിക്കുന്നതിനും മുൻശആത്ത് സഹായിക്കുമെന്നും എൻജി. സ്വാലിഹ് അൽറഷീദ് വിശദമാക്കി. 
കാർഷികം, വിദ്യാഭ്യാസം, താമസ ഭക്ഷണ സേവനങ്ങൾ, ആരോഗ്യ പരിപാലനം, അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് സപ്പോർട്ടിംഗ് സർവീസ്, വ്യവസായം, ട്രാൻസ്‌പോർട്ടിംഗ് ആന്റ് ട്രഷറി സർവീസ്, കലാസാംസ്‌കാരിക വിനോദം, റിയൽ എസ്റ്റേറ്റ്, ഐ.ടി ആന്റ് കമ്മ്യൂണിക്കേഷൻ എന്നീ പത്ത് മേഖലകൾ കേന്ദ്രീകരിച്ചാണ് മുൻശആത് പ്രവർത്തിക്കുകയെന്നും എൻജി. സ്വാലിഹ് അൽറാഷിദ് വ്യക്തമാക്കി. ദേശീയ വരുമാനത്തിന്റെ 20 മുതൽ 35 ശതമാനം വരെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ നിന്ന് സമ്പാദിക്കുന്നതിനാണ് സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 വിഭാവന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest News