റിയാദ്- സൗദി അറേബ്യയുടെയും മേഖലാ രാജ്യങ്ങളുടെയും സുരക്ഷാ ഭദ്രത തകർക്കുന്നതിന് ഖത്തർ പിടിവാശി കാണിക്കുകയാണെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. ലോകത്തിന് മുഴുവൻ ഭീഷണിയായ ഭീകരതയെ ഖത്തർ പിന്തുണക്കുകയാണ്. മേഖലാ രാജ്യങ്ങളിൽ അരാജകത്വമുണ്ടാക്കുന്നതിന് അഭംഗുരം പ്രവർത്തിക്കുന്ന ഇറാനുമായി ഖത്തർ പങ്കാളിത്തം സ്ഥാപിക്കുന്നു. മേഖലയിൽ സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിനും, ഭീകരതക്ക് പിന്തുണ നൽകുന്നത് നിർത്തിവെക്കുന്നതിന് ഖത്തറിനു മേൽ സമ്മർദം ചെലുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിന് സൗദി അറേബ്യയും ഈജിപ്തും യു.എ.ഇയും ബഹ്‌റൈനും തീരുമാനിച്ചത്. ഇത് പരമാധികാരത്തിന്റെ ഭാഗമാണ്.
ഇറാനെ സഖ്യരാജ്യമായി ഖത്തർ തെരഞ്ഞെടുത്തിരിക്കുകയാണ്. മേഖലാ രാജ്യങ്ങൾക്കെതിരെ ഭീകര സംഘടനകൾ നടത്തുന്ന ഗൂഢാലോചനകൾ അറിഞ്ഞുകൊണ്ടു തന്നെ 20 വർഷമായി ഭീകര സംഘടനകൾക്ക് ഖത്തർ പിന്തുണ നൽകുന്നു. ഭീകരതക്ക് തുടർച്ചയായി പിന്തുണ നൽകുന്നതാണ് ഭീകരരുടെ സുരക്ഷിത താവളമാക്കി ഖത്തറിനെ മാറ്റിയത്. സ്വന്തം രാജ്യങ്ങൾക്കെതിരെ ഗൂഢാലോചനകൾ നടത്തുന്നതിന് വളക്കൂറുള്ള മണ്ണായി ഖത്തറിനെ ഭീകരർ കാണുകയാണ്. ഖത്തറിനെ സ്വാഭാവിക ചുറ്റുപാടിൽ നിലനിർത്തുന്നതിന് ശ്രമിച്ച്, ഭീകരതക്കുള്ള പിന്തുണയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളും അവസാനിപ്പിക്കുന്നതിന് ഖത്തറിന് പല അവസരങ്ങളും നൽകിയിരുന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നെന്ന് അബ്ദുല്ല അൽ മുഅല്ലിമി പറഞ്ഞു.






