Sorry, you need to enable JavaScript to visit this website.

പെയിന്റും സോപ്പുപൊടിയും ഉപയോഗിച്ച് പാൽ; 62 പേർ പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഭോപാൽ- പെയിന്റും സോപ്പുപൊടിയും എണ്ണയും ഉപയോഗിച്ച് കൃത്രിമ പാൽ ഉണ്ടാക്കി വിതരണം ചെയ്യുന്ന വൻ ലോബിയെ പ്രത്യേക പോലീസ് സേന പിടികൂടി. ജീവൻ തന്നെ അപകടത്തിലാക്കുന്ന മാരക വിഷ വസ്‌തുക്കൾ ചേർത്തുണ്ടാക്കുന്ന പാൽ നിമ്മിച്ചു വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ ഇത് വിതരണം ചെയ്‌തതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പോലീസ് പുറത്ത് വിട്ടത്. മധ്യപ്രദേശിലെ ഗ്വാളിയോർ, ചമ്പൽ മേഖലയിലെ ഭിന്ദ് ജില്ലയിലെ ലഹർ, മൊറേന ജില്ലയിലെ അംബ എന്നിവിടങ്ങളിലായാണ് മൂന്ന് അനധികൃത പാൽ നിർമ്മാണ ഫാക്റ്ററികൾ കണ്ടെത്തിയത്. മൂന്ന് യൂണിറ്റുകളിൽ നിന്നായി പുറത്തിറങ്ങുന്ന മുഴുവൻ പാലും പൂർണമായും വ്യാജമാണെന്നു അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു  ലിറ്റർ പാലിൽ മുപ്പത് ശതമാനം മാത്രമാണ് യഥാർത്ഥ പാൽ സാന്നിധ്യം. വെള്ള പെയിന്റ്, ദ്രവരൂപത്തിലുള്ള സോപ്പ് പൊടി, ഗ്ലൂക്കോസ് പൗഡർ, പാചക എണ്ണ എന്നിവയാണ് ഇതിലെ ബാക്കി ചേരുവകൾ. ഏതാനും ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യഗസ്ഥരുടെ അറിവോടെയാണ്‌ ലോബി പ്രവർത്തിച്ചിരുന്നതെന്നും ഇവരെ തിരിച്ചറിഞ്ഞു പിടികൂടാനുള്ള ഒരുക്കത്തിലാണെന്നും റെയ്‌ഡിന്‌ നേതൃത്വം നൽകിയ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സേന പറഞ്ഞു. 
      ഇവിടെ നിന്നും നിർമ്മിക്കുന്ന വ്യാജ പാൽ മധ്യപ്രദേശിനു പുറമെ, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ദില്ലി, ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുകയാണ് സംഘം ചെയ്‌തിരുന്നത്‌. ഈ സംസ്ഥാനങ്ങളിലെ പാൽ നിർമ്മാണ യൂണിറ്റുകളിൽ ഈ കൃത്രിമ പാൽ ഉപയോഗിച്ചാണ് പാൽ നിർമ്മിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഘം നടത്തിയ പരിശോധനയിൽ പതിനായിരം ലിറ്റർ വ്യാജ പാൽ, 500 കിലോ കേടുവന്ന കൃത്രിമ പാൽക്കട്ടി, 200 ലിറ്റർ കൃത്രിമ പനിനീർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.  20 ടാങ്കറുകളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച നിലയിലായിരുന്നു പാല്‍. ലിറ്ററിന് അഞ്ചു രൂപ മാത്രം ഉൽപാദന ചിലവുള്ള ഈ കൃത്രിമ വിഷപ്പാൽ 45 രൂപ മുതൽ 50 രൂപ വരെ ഈടാക്കിയാണ് ലോബി വിപണനം നടത്തിയിരുന്നത്. കൃത്രിമ പാൽക്കട്ടി 100 രൂപ മുതൽ 150 രൂപ വരെയും ഈടാക്കിയാണ് വിൽപ്പന. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന വ്യാജ വിഷപ്പാൽ ഉൽപാദന കേന്ദ്രത്തിൽ ദിനേന 2 ലക്ഷം ലിറ്റർ വ്യാജ പാലാണ് ഉത്പാദിപ്പിച്ചിരുന്നത്‌. 

Latest News