Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യക്ക് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനം

റിയാദ്- സൗദി അറേബ്യക്ക് മിസൈൽ പ്രതിരോധ സംവിധാനം വിൽക്കുന്നതിന് ലോക്ഹീഡ് മാർട്ടിൻ കമ്പനിക്ക് കരാർ ലഭിച്ചതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് (താഡ്) മിസൈൽ പ്രതിരോധ സംവിധാനം സൗദി അറേബ്യക്ക് നൽകുന്നതിനുള്ള കരാർ 148 കോടി ഡോളറിനാണ് കമ്പനി നേടിയത്. സൗദി അറേബ്യക്കു വേണ്ടി മിസൈൽ പ്രതിരോധ സംവിധാനം നിർമിക്കുന്നതിന് നേരത്തെയുണ്ടാക്കിയ കരാർ ഭേദഗതി ചെയ്താണ് പുതിയ കരാർ ഒപ്പുവെച്ചത്. ഇതോടെ താഡ് മിസൈൽ പ്രതിരോധ സംവിധാന ഇടപാട് തുക 536 കോടി ഡോളറായി ഉയർന്നു. 
അമേരിക്കൻ സെൻട്രൽ കമാണ്ട് കമാണ്ടർ ജനറൽ കെന്നത്ത് മക്കെൻസി സൗദി സംയുക്ത സേനാ മേധാവി ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് രാജകുമാരനുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. സൈനിക മേഖലയിൽ അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. മേഖലാ രാജ്യങ്ങളിലെ ഇറാൻ ഇടപെടൽ, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ സ്പീഡ് ബോട്ടുകളും അടക്കമുള്ള ആയുധങ്ങൾ ഹൂത്തികൾക്ക് ഇറാൻ നൽകുന്നത്, ഹൂത്തി മിലീഷ്യകളുടെ ഭീകര പ്രവർത്തനങ്ങൾ എന്നിവ ചർച്ചയിൽ വിഷയീഭവിച്ചു.
സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തുന്നതിന് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ഉപയോഗിച്ച ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലുകളുടെയും ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സമുദ്ര മൈനുകളുടെയും അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കുന്ന എക്‌സിബിഷനും ജനറൽ കെന്നത്ത് മക്കെൻസി സൗദി സംയുക്ത സേനാ മേധാവിക്കൊപ്പം വീക്ഷിച്ചു. 
ഇറാൻ ആക്രമണങ്ങൾ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നതെന്ന് ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യക്കെതിരായ ഇറാൻ ആക്രമണങ്ങൾ മേഖല, ആഗോള താൽപര്യങ്ങൾക്ക് ഭീഷണിയാണ്. സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ കരുതിക്കൂട്ടി ആക്രമണങ്ങൾ നടത്തുന്നതിനാണ് ഇറാൻ ആയുധങ്ങൾ ഹൂത്തികൾ ഉപയോഗിക്കുന്നത്. വിവിധ രാജ്യക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങൾക്കു നേരെ ഹൂത്തികൾ ആക്രമണങ്ങൾ നടത്തുന്നു. അബഹ, ജിസാൻ എയർപോർട്ടുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്. ഇറാന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്നും സൗദി സംയുക്ത സേനാ മേധാവി ആവശ്യപ്പെട്ടു. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങളിൽ ഇറാനുള്ള പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകളാണ് പ്രദർശനത്തിൽ താൻ കണ്ടതെന്ന് ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു. ഹുർമുസ്, ബാബൽമന്ദബ് കടലിടുക്കുകൾ അടക്കം മധ്യപൗരസ്ത്യ ദേശത്ത് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പു വരുത്തുന്നതിന് ആഗോള സമൂഹവുമായി അമേരിക്ക കൂടിയാലോചനകൾ നടത്തുന്നുണ്ട്. സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പു വരുത്തേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമല്ല. സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കുന്നതിന് അമേരിക്ക ഒരുക്കമാണ്. ഇറാനുമായി യുദ്ധത്തിന് അമേരിക്ക ശ്രമിക്കുന്നില്ല. മറിച്ച്, മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഇറാനെ ചെറുക്കുന്നതിനാണ് ശ്രമമെന്നും ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു. 

Tags

Latest News