Sorry, you need to enable JavaScript to visit this website.

ദേശസുരക്ഷയുടെ പേരിൽ പൗരസ്വാതന്ത്ര്യം  ഹനിക്കരുത് -ലഈഖ് അഹ്മദ് ഖാൻ

ഫ്രറ്റേണിറ്റി അഖിലേന്ത്യ ജനറൽ സെക്രട്ടറി ലഈക് അഹമ്മദ് ഖാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസരിക്കുന്നു.
ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ സമാപനത്തോട് അനുബന്ധിച്ച് തൃശൂരിൽ നടന്ന പ്രകടനം

 

  • ഫ്രറ്റേണിറ്റി​ സാഹോദര്യ രാഷ്ട്രീയജാഥ സമാപിച്ചു

തൃശൂർ - ദേശസുരക്ഷയുടെ പേരിൽ പൗരന്മാരുടെ പ്രാഥമികാവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി ലഈഖ് അഹ്മദ് ഖാൻ. 'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നേതൃത്വം നൽകിയ സാഹോദര്യ രാഷട്രീയ ജാഥയുടെ ഡോ. പായൽ തദ്വി നഗറിൽ നടന്ന സമാപന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ദേശം, ദേശസുരക്ഷ തുടങ്ങി ദേശവുമായി ബന്ധപ്പെട്ട എന്ത് വ്യവഹാരവും പൗരന്മാർക്കെതിരായ ഹിംസകൾക്ക് ഉപയോഗപ്പെടുത്തപ്പെടുമെന്നതാണ് ഉന്മാദ ദേശീയതയുടെ പ്രത്യേകത. തങ്ങളുടെ ഹിംസകൾക്കും അക്രമങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികളെയും ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുകയാണ് സംഘ്ശക്തികൾ. രണ്ടാം മോദി സർക്കാറിൽ അഭ്യന്തര മന്ത്രിയായി അമിത് ഷാ എത്തിയതോടെ നിയമനിർമാണ സഭയെ തന്നെ ഉപയോഗപ്പെടുത്തി ബില്ലുകൾ ചുട്ടെടുക്കുന്നതാണ് കാണാനാകുന്നത്. 
പ്രവർത്തനങ്ങളിൽ വിവേചനം കാണിക്കുകയും ചില ജനവിഭാഗങ്ങളെ ടാർജറ്റ് ചെയ്ത് കേസുകൾ പടച്ചുണ്ടാക്കുകയും ചെയ്യാൻ വിദഗ്ധരുമായ എൻ.ഐ.എക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും കാര്യമായൊരെതിർപ്പുമില്ലാതെയാണ് പാസായത്. ഭീകര വിരുദ്ധ നിയമങ്ങളിൽ നിയമപാലകർ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന യു.എ.പി.എ വിപുലീകരിക്കുന്നതായിരുന്നു അമിത് ഷാ ലോക്‌സഭ കടത്തിയ മറ്റൊരു ബിൽ. ഈ രണ്ടു ബില്ലുകളും ദേശസുരക്ഷയുടെ പേരിൽ പൗരന്റെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നവയാണ്. പൗരന്മാരെ പ്രദേശത്തിന്റെയും വംശത്തിന്റെയും പേരിൽ പുറം തള്ളുന്ന ദേശീയ പൗരത്വ രജിസ്റ്റർ അസമിന് പുറമെ രാജ്യത്തുടനീളം നടപ്പാക്കുമെന്നായിരുന്നു സംഘ് മന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. അഭയാർഥികളിൽ മുസ്ലിംകളെ മാത്രം പുറംതള്ളാനുള്ള പൗരത്വ ഭേദഗതി ബില്ലും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഇത്തരത്തിൽ ദേശസുരക്ഷയുടെ പേരിൽ പൗരാവകാശങ്ങളെ നിഷേധിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


രാജ്യത്ത് വിവിധ തരത്തിലുള്ള വിവേചനങ്ങൾ ആധിപത്യം നേടിക്കൊണ്ടിരിക്കുകയാണ്. ഏത് പ്രതിരോധത്തെയും വിധേയപ്പെടുത്തുന്ന തരത്തിലാണ് ഫാസിസം കടന്നു കയറുന്നത്. അതിനാൽ വിവേചനങ്ങളെ വിചാരണ ചെയ്ത്, വിധേയത്വങ്ങളെ വിസമ്മതിച്ച് നാം പുതിയ സാഹോദര്യ രാഷ്ട്രീയമുയർത്തേണ്ട അനിവാര്യ ഘട്ടമാണിതെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ഷംസീർ ഇബ്രാഹിം പറഞ്ഞു. കേരളത്തിലെ വിവിധ സാമൂഹിക പ്രശ്‌നങ്ങൾ, ജനകീയ സമരങ്ങൾ, വിദ്യാഭ്യാസ പ്രശ്‌നങ്ങൾ എന്നിവ ഉന്നയിച്ചാണ് തെരുവിലും കാമ്പസുകളിലും ഈ സാഹോദര്യ ജാഥ പ്രയാണം നടത്തിയത്. അധികാരം ഉപയോഗിച്ചും നിയമപാലകരെ ഉപയോഗിച്ചും അക്രമങ്ങളഴിച്ച് വിട്ടും ജാഥയെ തടയാൻ ശ്രമങ്ങൾ നടന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ജാഥ പൂർത്തീകരിച്ചത്. ജാഥയുയർത്തിയ ആശയങ്ങളെ പൊതു ജനം ഏറ്റെടുത്തെന്നാണ് ജാഥക്ക് ലഭിച്ച സ്വീകരണങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
വിഭജന രാഷ്ട്രീയമാണ് സംഘ്പരിവാർ ഉയർത്തുന്നത്. അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് സാഹോദര്യം. അതാണ് ഫ്രറ്റേണിറ്റി ഉയർത്തുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നിസാർ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ശ്രുതീഷ് കണ്ണാടി മുഖ്യാതിഥിയായിരുന്നു. ജാഥാ വൈസ് ക്യാപ്റ്റൻ മഹേഷ് തോന്നക്കൽ മറുപടി പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന സ്വാഗതവും തൃശൂർ ജില്ലാ പ്രസിഡന്റ് പി.ബി. ആഖിൽ നന്ദിയും പറഞ്ഞു. വെൽഫെയർ പാർട്ടി തൃശൂർ ജില്ലാപ്രസിഡന്റ് എം.കെ. അസ്‌ലം ആശംസകളർപ്പിച്ച് സംസാരിച്ചു.

 

Latest News