Sorry, you need to enable JavaScript to visit this website.

സൗദി മരുഭൂമിയില്‍ കുടുങ്ങിയ ആറുപേരെ സൈന്യം രക്ഷപ്പെടുത്തി

റിയാദ് - ഫോർവീൽ കാറുകളുടെ ടയറുകൾ മണലിൽ ആഴ്ന്ന് മരുഭൂമിയിൽ കുടുങ്ങിയ ആറു പേരെ സൈന്യം രക്ഷപ്പെടുത്തിയതായി അതിർത്തി സുരക്ഷാ സേനാ വക്താവ് ലെഫ്. കേണൽ മിസ്ഫർ അൽഖരൈനി അറിയിച്ചു. മൂന്നു ഡെന്മാർക്കുകാരും ഒരു കാനഡക്കാരനും രണ്ടു സൗദി പൗരന്മാരും അടങ്ങിയ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. ആറു പേർ സഞ്ചരിച്ച കാറുകൾ മരുഭൂമിയിൽ കുടുങ്ങിയതായി ദമാം സർച്ച് ആന്റ് റെസ്‌ക്യു കോ-ഓർഡിനേഷൻ സെന്ററിൽ ബന്ധപ്പെട്ട് സൗദി പൗരൻ അറിയിക്കുകയായിരുന്നു. 


അതിർത്തി സുരക്ഷാ സേനക്കു കീഴിൽ റുബ്ഉൽഖാലി മരുഭൂമിയിൽ പ്രവർത്തിക്കുന്ന സപ്ലൈ ആന്റ് സപ്പോർട്ട് സെന്ററിൽ നിന്ന് 84 കിലോമീറ്റർ ദൂരെയാണ് സംഘത്തിന്റെ കാറുകൾ മരുഭൂമിയിൽ കുടുങ്ങിയത്. ഇവരുമായി ആശയവിനിമയം നടത്തി സ്ഥാനം നിർണയിച്ച ശേഷം സൈനികരെ സ്ഥലത്തേക്ക് അയക്കുകയായിരുന്നു. 
മണലിൽ കുടുങ്ങിയ കാറുകൾ സൈന്യം പുറത്തെടുക്കുകയും സഞ്ചാരികൾക്ക് ആവശ്യമായ മറ്റു സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. മരുഭൂ യാത്രക്കാർ നിയമ, നിർദേശങ്ങൾ പിൻപറ്റുകയും ജാഗ്രത പാലിക്കുകയും വേണം. സഹായങ്ങൾ ആവശ്യമുള്ളപ്പോൾ 994 എന്ന നമ്പറിൽ അതിർത്തി സുരക്ഷാ സേനയിൽ ബന്ധപ്പെടുന്നതിന് മടിച്ചുനിൽക്കരുതെന്നും ലെഫ്. കേണൽ മിസ്ഫർ അൽഖരൈനി പറഞ്ഞു. 

 

Latest News