Sorry, you need to enable JavaScript to visit this website.

പോലീസ് തെരയുന്ന ഇന്നോവയിൽ ഷംസീർ എം.എൽ.എയുടെ സുഖ സഞ്ചാരം

കണ്ണൂർ - തലശ്ശേരിയിലെ സി.ഒ.ടി നസീർ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന കാറിൽ എ.എൻ.ഷംസീർ എം.എൽ.എയുടെ സുഖ സഞ്ചാരം. ഇന്ന് രാവിലെ കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ എത്തിയത് ഈ കാറിലായിരുന്നു. ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് കെ.എൽ. 7 സി.ഡി 6887 നമ്പർ ഇന്നോവ കാർ. 
സി.പി.എം വിമതനായ സി.ഒ.ടി നസീറിനെ ആക്രമിച്ചു കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നത് ഈ വാഹനത്തിലാണെന്നായിരുന്നു കേസിലെ മുഖ്യപ്രതി പൊട്ട്യൻ സന്തോഷ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നത്. തലശ്ശേരി കുണ്ടു ചിറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനടുത്തുവെച്ചും ചോനാടത്തെ കിൻഫ്ര പാർക്കിനടുത്തുവെച്ചുമാണ് ഗൂഡാലോചന നടന്നതെന്നായിരുന്നു മൊഴി. അന്നു മുതൽ ഈ കാർ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കാർ കസ്റ്റഡിയിലെടുക്കുന്നതിനു നോട്ടീസ് നൽകുന്ന നടപടി പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ വിശ്വംഭരനെ സ്ഥലം മാറ്റി. എം.എൽ.എയോട് ചോദ്യം ചെയ്യാൻ ഹാജരാവാനും ഈ ഉദ്യോഗസ്ഥൻ  നിർദ്ദേശം നൽകിയിരുന്നു. 
തലശ്ശേരിയിൽ പുതിയ സി.ഐ ആയി സനലിനെ നിയമിച്ചുവെങ്കിലും സി.ഒ.ടി നസീർ വധശ്രമക്കേസ് അന്വേഷണം മരവിച്ച നിലയിലാണ്. നസീറിൽനിന്നും വീണ്ടും ഒരിക്കൽ കൂടി മൊഴിയെടുത്തുവെന്നതുമാത്രമാണ് പിന്നീട് നടന്നത്. ഇതിനിടെയാണ് ഷംസീർ, വിവാദ വാഹനത്തിൽ കണ്ണൂരിലെത്തിയത്. എം.എൽ.എ ബോർഡ് വെക്കാതെയായിരുന്നു യാത്ര. 
ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പോലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പോലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണെന്ന് വി.ടി ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു.
 

Latest News