1998 ലെയും 2018 ലെയും ലോകകപ്പ് ഫുട്‌ബോൾ കിരീടം നേടിയ ഫ്രഞ്ച് ടീമിനെപ്പോലെ വംശീയ വൈവിധ്യങ്ങളുടെ മഴവില്ലഴകാണ് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിനും.
ക്യാപ്റ്റൻ ജനിച്ചത് അയർലന്റ് തലസ്ഥാനമായ ഡബ്ലിൻ നഗരത്തിന്റെ പ്രാന്തരപ്രദേശങ്ങളിൽ, ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ജനിച്ചതും വളർന്നതും എതിരാളികളുടെ നാടായ ന്യൂസിലാൻറിൽ, നിർണായകമായ സൂപ്പർ ഓവർ എറിയാൻ ചുമതലപ്പെടുത്തപ്പെട്ട ബൗളർ ബാർബഡോസുകാരൻ, വിജയം നിർണയിച്ച റണ്ണൗട്ടിന് പന്തെറിഞ്ഞത് ദക്ഷിണാഫ്രിക്കയിൽ ജനിച്ചയാൾ, ട്രോഫികളുമായി നൃത്തം വെക്കാൻ രണ്ട് പാക്കിസ്ഥാനി വംശജർ.. 1998 ലെയും 2018 ലെയും ലോകകപ്പ് ഫുട്‌ബോൾ കിരീടം നേടിയ ഫ്രഞ്ച് ടീമിനെപ്പോലെ വംശീയ വൈവിധ്യങ്ങളുടെ മഴവില്ലഴകാണ് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിനും.
യൂറോപ്യൻ യൂനിയൻ വിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴാണ് വംശീയവൈവിധ്യത്തിന്റെ സമ്പന്നത വിളിച്ചോതി ഓയിൻ മോർഗനും കൂട്ടരും ലോകകപ്പുയർത്തിയത്.
ഐറിഷ് ഭാഗ്യമാണോ ഇംഗ്ലണ്ടിനെ തുണച്ചതെന്ന് ചോദിച്ചപ്പോൾ മോർഗൻ പറഞ്ഞു, അല്ലാഹുവും ഞങ്ങളുടെ കൂടെയായിരുന്നു. ഇംഗ്ലണ്ട് ലെഗ്‌സ്പിന്നർ ആദിൽ റഷീദുമായുള്ള സംഭാഷണം പങ്കുവെക്കുകയായിരുന്നു നായകൻ. 'ആദിലുമായി സംസാരിച്ചപ്പോൾ പറഞ്ഞു, അല്ലാഹു ഇംഗ്ലണ്ടിന്റെ കൂടെയായിരുന്നുവെന്ന്്. ഞങ്ങളുടെ ടീമിനെ പ്രതീകവൽക്കരിക്കുന്നു ആ പ്രസ്താവന. വ്യത്യസ്തമായ സംസ്‌കാരങ്ങളിൽ, പശ്ചാത്തലങ്ങളിൽ, രാജ്യങ്ങളിൽ വളർന്നവരാണ് ഞങ്ങൾ'.
ടീം ഒരു കുടുംബത്തെപ്പോലെയാവാൻ എല്ലാ കളിക്കാരും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് ഓൾറൗണ്ടർ മുഈൻഅലി എഴുതി. നിങ്ങൾ എവിടെ നിന്ന് വരുന്നുവെന്നതോ, എന്ത് വിശ്വസിക്കുന്നു എന്നതോ പ്രശ്‌നമല്ല. ലോകകപ്പ് ജയിക്കുകയെന്നതു പോലെ പൊതുവായ ഒരു ദൗത്യത്തിനു വേണ്ടി കൈകോർക്കുകയും ധൈര്യവും ഐക്യവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ നേടാനാവാത്തതായി ഒന്നുമില്ല. ഐക്യം, ധൈര്യം, ബഹുമാനം എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം.
ബഹുമാനമെന്നാൽ ഒരുമിച്ച് കളിക്കുന്നവരെയും എതിരെ കളിക്കുന്നവരെയും ധരിക്കുന്ന കുപ്പായത്തെയും ആദരിക്കലാണ്. ഐക്യമെന്നാൽ ഒരുമിച്ചു നിൽക്കൽ മാത്രമല്ല, രാജ്യത്തെ ഒന്നിപ്പിക്കൽ കൂടിയാണ്. ക്രിക്കറ്റിനെക്കാൾ ഉപരിയായ ലക്ഷ്യമായിരുന്നു അത് -മുഈൻ എഴുതി.