Sorry, you need to enable JavaScript to visit this website.

ട്രാഫിക് പിഴയിൽ തിരുത്തൽ തേടാൻ സംവിധാനമായി 

റിയാദ് - ട്രാഫിക് പോലീസ് രേഖപ്പെടുത്തുന്ന ഗതാഗത നിയമലംഘനങ്ങളിൽ ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന സേവനം എല്ലാ പ്രവിശ്യകളിലും നിലവിൽ വന്നതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. തങ്ങളുടെ പേരിൽ ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയതിൽ വിയോജിപ്പുള്ളവർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴിയാണ് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ അൽഖസീം പ്രവിശ്യയിലാണ് നാലു മാസം മുമ്പ് പുതിയ സേവനം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ നിർദേശാനുസരണമാണ് പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരിക്കുന്നത്. ഈ വർഷാവസാനത്തിനു മുമ്പായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും പുതിയ സേവനം പ്രാബല്യത്തിൽ വരുത്താനായിരുന്നു പദ്ധതി. എന്നാൽ നാലു മാസത്തിനകം തന്നെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കും സേവനം വ്യാപിപ്പിക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റിന് സാധിച്ചു. തങ്ങളുടെ പേരിൽ ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് ആഗ്രഹിക്കുന്നവരെ സമയവും അധ്വാനവും ലാഭിക്കുന്നതിന് പുതിയ സേവനം സഹായിക്കുന്നു. 

Latest News