Sorry, you need to enable JavaScript to visit this website.

ഹായിൽ മേയർക്കെതിരെ ട്വിറ്ററിൽ പ്രചാരണം

ഹായിൽ - ഹായിൽ മേയറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നു. 
ഹായിലിലെ മോശം നഗരസഭാ സേവനങ്ങളാണ് മേയറോടുള്ള നാട്ടുകാരുടെ അപ്രീതിക്ക് കാരണം. ഹായിലിൽ നഗരസക്ഷാ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡുകളുടെ മോശം ടാറിംഗ്, മോശം ശുചീകരണ നിലവാരം, പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തുകൾ എന്നിവയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകൾ സഹിതമാണ് സാമൂഹികമാധ്യമ ഉപയോക്താക്കൾ ട്വിറ്ററിലെ ഹാഷ്ടാഗിൽ മേയർക്കെതിരെ പ്രചാരണം നടത്തുന്നത്. 
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് ഹായിൽ നഗരസഭക്കു കീഴിൽ പ്രത്യേക വിഭാഗമുണ്ടെന്നും ഈ വിഭാഗത്തിന്റെ ശ്രദ്ധയിൽപെടുന്ന കാര്യങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നുണ്ടെന്നും നഗരസഭ പറഞ്ഞു. നഗരസഭപോലെ പൗരന്മാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വീഴ്ചകളും പോരായ്മകളുമുണ്ടാവുക സ്വാഭാവികമാണെന്നും ഇത്തരം പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നുണ്ടെന്നും ഹായിൽ നഗരസഭ മീഡിയ സെന്റർ മേധാവി സഅദ് അൽഥുവൈനി പറഞ്ഞു. 
ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് പ്രതിബന്ധങ്ങളുണ്ടാകും. ഇത്തരം പ്രതിബന്ധങ്ങൾ അവസാനിപ്പിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അൽപ സമയമെടുക്കും. പൗരന്മാർക്ക് തത്സമയ സേവനങ്ങൾ നൽകുന്നതിന് ഖിദ്മാത്തീ എന്ന് പേരിട്ട പദ്ധതിക്ക് ഹായിൽ നഗരസഭ രൂപംനൽകിയിട്ടുണ്ട്. 100 സേവനങ്ങൾ ഈ പദ്ധതി വഴി നൽകുന്നുണ്ട്. നഗരസഭയുടെ ഭാഗത്തുള്ള വീഴ്ചകളും പോരായ്മകളും മറ്റും വ്യക്തമാക്കുന്ന ഫോട്ടോകൾ സഹിതം വാട്‌സ് ആപ്പ് നമ്പർ വഴി ഉപയോക്താക്കൾക്ക് പരാതിപ്പെടാവുന്നതാണെന്നും സഅദ് അൽഥുവൈനി പറഞ്ഞു. 
ഉത്തര ഹായിലിലെ അൽമസീഫ് ഡിസ്ട്രിക്ടിലെ റോഡുകളിൽ ആറു വർഷമായി കുഴികളാണെന്ന് സൗദി പൗരൻ അബ്ദുൽഹാദി അൽസുരയ്യിഅ് പറഞ്ഞു. റോഡിലെ കുഴികൾക്ക് ഉത്തരവാദി ജല വകുപ്പാണെന്ന് നഗരസഭ പറയുന്നു. ഇതിന്റെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് പറഞ്ഞ് ജല വകുപ്പ് കൈ കഴുകുകയാണെന്നും അബ്ദുൽഹാദി അൽസുരയ്യിഅ് കൂട്ടിച്ചേർത്തു. 
മുൻ വർഷങ്ങളിലെ ബജറ്റുകളിൽ ഭീമമായ തുകകൾ ഹായിൽ നഗരസഭക്കു വേണ്ടി നീക്കിവെച്ചിരുന്നു. എന്നാൽ ഇതിന്റെ ഫലം നാട്ടുകാർക്ക് കാണുന്നതിന് സാധിച്ചിട്ടില്ലെന്നു മാത്രമല്ല, സേവന നിലവാരം കൂടുതൽ മോശമാവുകയാണ് ചെയ്‌തെന്ന് ഹായിൽ പ്രവശ്യാ സമിതി അംഗം സഈദ് അൽനാബിത് പറഞ്ഞു.

 

Latest News