പര്‍വേസ് തിരിച്ചെത്തി, നിറകണ്ണുമായി സ്വീകരിച്ച് കുടുംബം

ഷാര്‍ജ- മാതാവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഷാര്‍ജയിലെ വീട്ടില്‍നിന്നിറങ്ങിപ്പോയ 15 കാരനായ ഇന്ത്യന്‍ ബാലന്‍ മുഹമ്മദ് പര്‍വേസിനെ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് പര്‍വേസിനെ കണ്ടെത്തി. 15 ദിവസത്തിന് ശേഷമാണ് പര്‍വേസ് മടങ്ങിയെത്തിയത്.
മകന്റെ തിരോധാനത്തില്‍ തീ തിന്നുകയായിരുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് അഫ്താബിനും കുടുംബത്തിനും ഇത് ആഹ്ലാദം പകര്‍ന്നു. ജൂലൈ 4 മുതല്‍ അപ്രത്യക്ഷനായ കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ ഉഴറുകയായിരുന്നു ഇവര്‍.
കണ്ണീരോടെയാണ് അഫ്താബും കുടുംബവും മകനെ സ്വീകരിച്ചത്. വികാരഭരിതനായ പര്‍വേസും പിതാവിന് ചുംബനം നല്‍കി കണ്ണീര്‍ വാര്‍ത്തു. മാതാവ് അവനെ കെട്ടിപ്പുണര്‍ന്നു.
വീട്ടില്‍നിന്ന് അകന്നുകഴിഞ്ഞപ്പോഴാണ് തനിക്ക് കുടുംബത്തിന്റെ വില മനസ്സിലായതെന്നും ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും പര്‍വേസ് പറഞ്ഞു.
നിസ്സാര കാര്യത്തിനാണ് മുഹമ്മദ് പര്‍വേസ് എന്ന ബാലന്‍ അര്‍ധരാത്രി വീടുവിട്ടിറങ്ങിയത്. ഉറങ്ങാതെ യൂ ട്യൂബില്‍ ഹിന്ദി സീരിയല്‍ കണ്ടിരുന്ന കുട്ടിയെ ഉമ്മ വഴക്കുപറഞ്ഞു. പിറ്റേന്ന് സ്‌കൂളില്‍ പോകാനുള്ള പര്‍വേസ് രാത്രിയില്‍ ഏറെ സമയം ഉറക്കമൊഴിക്കുന്നതില്‍ വിഷമിച്ചാണ് മാതാവ് ഇപ്രകാരം പറഞ്ഞത്. എന്നാല്‍ രാത്രി തന്നെ പര്‍വേസ് ഇറങ്ങിപ്പോയി. രാവിലെ സുബ്ഹി നമസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് മകനെ കാണാതായ വിവരം കുടുംബം അറിയുന്നത്.
അജ്മാനിലെ താമസ പ്രദേശങ്ങളിലൂടെ അലക്ഷ്യമായി നടക്കുകയായിരുന്ന പര്‍വേസിനെ ചില തദ്ദേശവാസികള്‍ തിരിച്ചറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നെന്ന് ഷാര്‍ജ പോലീസ് വക്താവ് ക്യാപ്റ്റന്‍ അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. അജ്മാന്‍ പോലീസ് കുതിച്ചെത്തി ബാലനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഷാര്‍ജ പോലീസിനെ വിവരമറിയിച്ചു. അവര്‍ മാതാപിതാക്കളേയും.

 

Latest News