പാക് മുന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി അഴിമതിക്കേസില്‍ അറസ്റ്റില്‍

ലാഹോര്‍- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയെ അഴിമതിക്കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) അറസ്റ്റുചെയ്തു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പിന്നാലെ അറസ്റ്റിലാകുന്ന പ്രമുഖ രാഷ്ട്രീയ നേതാവാണ് അബ്ബാസി. ലാഹോര്‍ പ്രസ് ക്ലബ്ബിലേക്ക് പോകുംവഴിയാണ് ഇദ്ദേഹം അറസ്റ്റിലായത്.
ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) അഴിമതിക്കേസിലാണ് അബ്ബാസിയുടെ അറസ്റ്റ്. നിയമങ്ങള്‍ ലംഘിച്ച് തങ്ങള്‍ക്ക് ബന്ധമുള്ള കമ്പനിക്ക് 15 വര്‍ഷത്തേക്ക് എല്‍.എന്‍.ജി ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചുവെന്നാണ് അബ്ബാസിക്കെതിരായ കേസ്. ഇതുമൂലം ഖജനാവിന് കനത്ത നഷ്ടമുണ്ടായതായി അഴിമതി വിരുദ്ധ ബ്യൂറോ ആരോപിക്കുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതിന്റെ പേരില്‍ അബ്ബാസിക്കും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനുമെതിരെ കഴിഞ്ഞ വര്‍ഷമാണ് എന്‍.എ.ബി അന്വേഷണം തുടങ്ങിയത്.

പനാമ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിന് പിന്നാലെയാണ് അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 2017 ഓഗസ്റ്റ് മുതല്‍ 2018 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. അഴിമതിക്കേസില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് നവാസ് ഷെരീഫ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയാണ്. വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസില്‍ ആസിഫ് അലി സര്‍ദാരിയെ കഴിഞ്ഞ ജൂണ്‍ പത്തിനാണ് എന്‍.എ.ബി അറസ്റ്റ് ചെയ്തത്.

 

 

Latest News