Sorry, you need to enable JavaScript to visit this website.

ചന്ദ്രനിൽ കാലുകുത്തിയെന്ന് വിശ്വസിക്കാത്തവർ ധാരാളം 

മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയിട്ട് അര നൂറ്റാണ്ടായി. അല്ലെങ്കിൽ, ചിലരുടെ അഭിപ്രായത്തിൽ, അമേരിക്കൻ സർക്കാർ ചരിത്രത്തിലെ ഏറ്റവും മനോഹരമായ തട്ടിപ്പ് നടത്തിയിട്ട് 50 വർഷമായി. 1969 ജൂലൈ 20 നാണ്  നീൽ ആംസ്‌ട്രോംഗ് ചന്ദ്ര ഉപരിതലത്തിൽ കാൽ സ്പർശിച്ചത്. ശാസ്ത്രജ്ഞരും എൻജിനീയർമാരും നടത്തിയ ഒരു വലിയ പരിശ്രമത്തിന്റെ ഭാഗമായി പിറവിയെടുത്ത പേടകമാണ് അദ്ദേഹത്തെയും സഹ ബഹിരാകാശ യാത്രികരെയും ചന്ദ്രനിലേക്ക് കൊണ്ടുപോയത്.  വിജ്ഞാനത്തിന്റേയും പുതിയ ഗവേഷണങ്ങളുടേയും വലിയ വാതിലാണ് അതു തുറന്നതെങ്കിലും 
ഈ നേട്ടം അവിശ്വസനീയമാണെന്ന് അന്നും ഇന്നും ചിലർ പറയുന്നു. ബഹിരാകാശ യാത്രികർ ചന്ദ്രനിൽ ഇറങ്ങിയതായി വിശ്വസിക്കാൻ അവർ വിസമ്മതിക്കുന്നു. പകരം ഇതെല്ലാം ജനങ്ങളെ വിഡ്ഢികളാക്കിയ ശുദ്ധ തട്ടിപ്പാണെന്നും ഗൂഢാലോചനയാണെന്നും പറയുന്നു. 
താരതമ്യേന ലളിതമായ ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ഇക്കൂട്ടർ മുന്നോട്ടു വെക്കുന്നത്.  അപ്പോളോ 11 ബഹിരാകാശ യാത്രികർ ഒരിക്കലും ചന്ദ്രനിലേക്ക് പോയിട്ടില്ലെന്ന് അവർ പറയുന്നു. ഭ്രമണപഥത്തിലേക്ക് അയച്ച ശേഷം സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ജനങ്ങളെ കാണിച്ചുവെന്നും പിന്നീട് ബഹിരാകാശ യാത്രികരെ ഹീറോകളാക്കിയെന്നുമാണ് ആരോപണം. 
ഫോട്ടോകളും സാമ്പിളുകളും മുന്നിൽ വെച്ച് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്ന് വിശ്വസിക്കാൻ സാധിക്കുമെങ്കിലും ശാസ്ത്ര വസ്തുതകളും തെളിവുകളും ചൂണ്ടിക്കാട്ടി തന്നെയാണ് അതിനെ ഖണ്ഡിക്കാനും ശ്രമിക്കുന്നത്. അമേരിക്കയും സോവിയറ്റ് യൂനിയനും ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് ബഹിരാകാശ ദൗത്യവും അതിന്റെ ഭാഗമായത്. ചന്ദ്രനിൽ ഇറങ്ങിയത് ഗൂഢാലോചനയാണെന്ന് വാദിക്കുന്നവർ ഈ സമയം തന്നെയാണ് പ്രധാനമായും ആരോപണമായി ഉന്നയിക്കുന്നത്. സോവിയറ്റ് യൂനിയന്റെ ബഹിരാകാശ പദ്ധതി വിജയകരമായ ചാന്ദ്രദൗത്യത്തിന് തൊട്ടരികിലെത്തിയപ്പോഴായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. സോവിയറ്റ് യൂനിയനിൽനിന്ന് പോയവർ ചന്ദ്രനിൽ കാലു കുത്തിയിരുന്നുവെങ്കിൽ അമേരിക്കക്ക് വലിയ ആഘാതമാകുമായിരുന്നു. ശാസ്ത്രരംഗത്ത് കുതിച്ചുവെന്ന പ്രതിഛായ തകർക്കുന്ന കനത്ത ആഘാതം. 
എന്നാൽ ആ കാലഘട്ടത്തിൽ എതിർവാദങ്ങളൊന്നും ഉയർന്നുവന്നില്ല. 1970 കളിലാണ് അമേരിക്കയുടെ ചാന്ദ്ര ദൗത്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവർ രംഗത്തു വന്നു തുടങ്ങിയത്. ചാന്ദ്രദൗത്യവും അപ്പോളോ പദ്ധതിയും അവസാനിച്ച ശേഷമായിരുന്നു അത്. ചന്ദ്രനിലിറങ്ങിയോ എന്നതിലുപരി അമേരിക്കൻ സർക്കാരിലുള്ള അവിശ്വാസമാണ് ഇത് വളർത്തിയത്. 1970 കളിൽ പുറത്തുവന്ന പല കാര്യങ്ങളും യു.എസ് ഭരണകൂടത്തിലുള്ള വിശ്വാസത്തെ എല്ലാ അർഥത്തിലും ഉലയ്ക്കുന്നതായിരുന്നു. വിയറ്റ്‌നാം യുദ്ധത്തെ കുറിച്ച് പറഞ്ഞത് മുഴുവൻ കള്ളമായിരുന്നുവെന്ന് 1971 ൽ പുറത്തുവന്ന പെന്റഗൺ പേപ്പറുകൾ വെളിപ്പെടുത്തി. 1976 ലാകട്ടെ ജോൺ എഫ് കെന്നഡിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന് വിശ്വസിക്കാൻ തെളിവുകളുണ്ടെന്ന നിഗമനം പാർലമെന്ററി കമ്മിറ്റി മുന്നോട്ടു വെച്ചു. 1963 ൽനടന്ന കെന്നഡി വധം മുതൽ 9/11 ആക്രമണം ഉൾപ്പെടെ അമേരിക്കയുടെ പല വാദങ്ങളും വിശ്വസിക്കാൻ ജനങ്ങൾ പൂർണമായും തയാറകുന്നില്ല. അതുകൊണ്ടു തന്നെ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ തിയറിയും ഒരിക്കലും അവസാനിക്കുന്നില്ല. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പത്ത് ശതമാനം അമേരിക്കക്കാർ വിശ്വസിക്കുന്നില്ല. പുറംലോകത്തുള്ളവർ ഇതിലുമേറെ വരും. അമേരിക്കക്കാർ ചന്ദ്രനിൽ കാലു കുത്തിയിട്ടില്ലെന്നാണ് 57 ശതമാനം റഷ്യക്കാരും കരുതുന്നത്. 

Latest News