Sorry, you need to enable JavaScript to visit this website.

തകരാർ പരിഹരിച്ചു; ചന്ദ്രയാൻ-2 വിക്ഷേപണം തിങ്കളാഴ്ച്ച

ശ്രീഹരിക്കോട്ട- സാങ്കേതിക തകരാർ മൂലം അവസാന മിനുട്ടിൽ വിക്ഷേപണം മാറ്റിവെച്ച ഇന്ത്യയുടെ ചന്ദ്രയാൻ 2 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം വിക്ഷേപണം നടത്തുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ഉച്ചക്ക്  2.43 നായിരിക്കും വിക്ഷേപണം. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ തകരാറുകൾ പൂർണമായി പരിഹരിച്ചതിനു ശേഷമുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായി ഇന്ത്യൻ സ്‌പേസ്‌ റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ട്വിറ്ററിൽ അറിയിച്ചു. ഇക്കഴിഞ്ഞ പതിനഞ്ചിനു വിക്ഷേപണ തയ്യാറെടുപ്പുകൾപൂർത്തിയാക്കി കൗണ്ട് ഡൗൺ ആരംഭിച്ചു അവസാന മിനുട്ടുകളിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഉടൻ തന്നെ വിക്ഷേപണം താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. 
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 ന്റെ മാർക്ക് 3 റോക്കറ്റിലെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് 56 മിനുട്ടും 26 സെക്കന്റും ബാക്കി നിൽക്കെ വിക്ഷേപണം മാറ്റിവച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ തകരാർ വ്യക്തമാകുകയും ചൊവ്വാഴ്ച്ച രാത്രിയോടെ തകരാർ പൂർണമായി പരിഹരിച്ച ശേഷം ഇന്നലെ മണിക്കൂറുകൾ നീണ്ട സുരക്ഷാപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പുതിയ തിയ്യതിയും സമയവും പ്രഖ്യാപിച്ചത്. ടാങ്ക് ചോരാനുണ്ടായ സാഹചര്യം പരിശോധിച്ച് ഈ പിഴവ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തിട്ടുണ്ട്‌. നേരത്തെ പുലർച്ചെയായിരുന്നു വിക്ഷേപണമെങ്കിൽ ഇത്തവണ ഉച്ചയ്ക്കുശേഷമാണ്. 
 

Latest News