ഇനി എനിക്ക്  ഉറങ്ങാം

? കഴിഞ്ഞ മേയിൽ താങ്കൾ പറഞ്ഞു, ഒളിംപിക്‌സ് ക്വാർട്ടർ ഫൈനലിൽ തോറ്റത് ഇപ്പോഴും വേട്ടയാടുന്നുവെന്ന്. രണ്ട് സൂപ്പർ സീരീസ് കിരീടങ്ങൾ നേടിയതോടെ സുഖമായി ഉറങ്ങാൻ കഴിയുന്നുണ്ടോ
= തീർച്ചയായും. ഇപ്പോൾ ഒരുപാട് ആശ്വാസം തോന്നുന്നു. വലിയ മനോവിഷമം തീർന്നു. 
? ഒളിംപിക് ചാമ്പ്യൻ ചെൻ ലോംഗിനെ ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിൽ തോൽപിച്ചതിനെക്കുറിച്ച് വിവരിക്കാമോ, എങ്ങനെയാണ് ചെന്നിന്റെ കനത്ത പ്രതിരോധം അഴിച്ചെടുത്തത്.
= ചെൻ എത്ര പ്രയാസമുള്ള കളിക്കാരനാണ് എന്ന് എല്ലാവർക്കുമറിയാം. പഴുതടച്ച പ്രതിരോധം സൃഷ്ടിച്ച് എത്ര ദീർഘനേരവും കളിക്കാൻ ചെന്നിന് സാധിക്കും. നമുക്ക് മുന്നിൽ ഒരു സാധ്യതയേ ഉള്ളൂ. ചെന്നിനൊപ്പം മത്സരത്തിൽ നിൽക്കുക. നന്നായി കളിച്ച് ഒപ്പത്തിനൊപ്പം മുന്നേറാനാണ് ഞാൻ ശ്രമിച്ചത്. അധികം പദ്ധതികളൊന്നും അയാൾക്കെതിരെ വിലപ്പോവില്ല. എല്ലാ ശ്രമവും നടത്തിയ ശേഷം അത് ഫലപ്രദമാവുമെന്ന് ആശിക്കുക മാത്രം. ആ ദിവസം എല്ലാം ഫലപ്രദമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നല്ല ആത്മവിശ്വാസത്തിലായിരുന്നു ഞാൻ. കുറെ ഫൈനൽ കളിച്ചത് കരുത്തേകി. ഇന്തോനേഷ്യൻ ഓപണിന്റെ ആദ്യ റൗണ്ടിലാണ് ചെന്നിനെ നേരിട്ടിരുന്നതെങ്കിൽ കഥ മാറിയേനേ. ആ വിജയം എന്റെ ആത്മവിശ്വാസം കാരണം മാത്രമായിരുന്നു. ലോക ചാമ്പ്യനായിരുന്നു ചെൻ. ഒരു ഘട്ടത്തിലും വലിയ ലീഡ് വഴങ്ങാൻ പാടില്ലായിരുന്നു. മുമ്പ് പലതവണ ചെന്നിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടങ്ങളിൽ ഞാൻ തോറ്റിരുന്നു. അതിനാൽ ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു തന്ത്രം. കളി എന്റെ നിയന്ത്രണത്തിൽ നിർത്താൻ സാധിച്ചത് മുൻതൂക്കം നൽകി. 
? ഇന്തോനേഷ്യൻ ഓപണിൽ ലോക ഒന്നാം നമ്പർ സോൻ ഹാൻ വോയെ സെമി ഫൈനലിൽ തോൽപിച്ചു. ഒരു മണിക്കൂറിലേറെ നീണ്ടു മൂന്നു ഗെയിം വരെ ദീർഘിച്ച ആ കളി
= രണ്ട് ടൂർണമെന്റിലായി എനിക്ക് മൂന്നു ഗെയിം കളിക്കേണ്ടി വന്ന ഏക മത്സരമായിരുന്നു അത്. പ്രയാസമേറിയതും ദൈർഘ്യമേറിയതും ശാരീരികമായി വെല്ലുവിളി നിറഞ്ഞതുമായിരുന്നു ആ പോരാട്ടം. മൂന്നാം ഗെയിം അവസാനം വരെ ഒപ്പത്തിനൊപ്പമായിരുന്നു, 21-19 നാണ് ഞാൻ ജയിച്ചത്. ആ കളിക്ക് തയാറെടുക്കുമ്പോൾ തന്നെ സമയമേറെയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, അതിനനുസരിച്ച് ഒരുങ്ങിയിരുന്നു. അതിനാൽ ഒരുപാട് സംതൃപ്തി നൽകിയ വിജയമായിരുന്നു അത്. 
? ശ്രീകാന്ത് കളിക്കുന്നതു പോലെ ജംപ് സ്മാഷ് കളിക്കാൻ അധികമാർക്കും കഴിയില്ല. എത്ര കാലമായി ഇതിൽ പരിശീലനം നടത്തുന്നു.
= കുറച്ചു കാലമായി. അതിന്റെ എല്ലാ ക്രെഡിറ്റും ഗോപി സാറിനാണ് (ദേശീയ കോച്ച് പി. ഗോപിചന്ദ്). ആ ഷോട്ട് അഭ്യസിക്കാനായി എന്നിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു അദ്ദേഹം. അതു മാത്രമല്ല എന്റെ ഏതാണ്ടെല്ലാ ഷോട്ടുകളും കഴിവുകളും വികസിപ്പിച്ചത് ഗോപി സാറായിരുന്നു. ആ ഷോട്ട് മെച്ചപ്പെടുത്താൻ ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു. എന്നാൽ എതിരാളികൾക്ക് അത് എത്ര വലിയ വെല്ലുവിളിയാണെന്ന് ആലോചിച്ചിരുന്നില്ല. സ്വന്തം കളിയുടെ ഓരോ ഘടകവും വികസിപ്പിക്കുകയും പരമാവധി പൂർണതയിലെത്തുകയുമാണ് ചെയ്യുന്നത്. കരിയറിലെ ഏറ്റവും മികച്ച ഘട്ടമാണ് ഇതെന്നാണ് തോന്നുന്നത്. പക്ഷേ ഇനിയും മെച്ചപ്പെടാനാവും. 
? ഇന്തോനേഷ്യൻ ഓപൺ ഫൈനലിൽ സകായിയെ തോൽപിച്ച ശേഷം ഓടിച്ചെന്ന് കോച്ച് മൂല്യൊ ഹാൻഡോയോയെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. 
= ഹാൻഡോയോയെ സിംഗിൾസ് കോച്ചായി ഗോപി സാർ കൊണ്ടുവന്ന ശേഷം ഇന്ത്യൻ കളിക്കാരുടെ പ്രകടനം പതിന്മടങ്ങ് മെച്ചപ്പെട്ടു. പി.വി. സിന്ധു രണ്ട് കിരീടങ്ങൾ നേടി. സായ്പ്രണീതും ചാമ്പ്യനായി. ഇപ്പോൾ ഞാനും. അദ്ദേഹത്തിന്റെ പരിശീലന മുറകൾ ഏറെ സഹായിച്ചിട്ടുണ്ട്. ഞങ്ങൾ മുമ്പ് പരിശീലിച്ച രീതിയിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇത്. ഗോപി സാറിന്റെ നിർദേശങ്ങളും മൂല്യോയുടെ പരിശീലന ക്രമവും. അത് എല്ലാവരെയും സഹായിക്കുന്നു. മുമ്പ് ഗോപി സാറിന്റെ നിർദേശങ്ങൾ മാത്രമേയുള്ളൂ, മൂല്യോ വന്നത് ബോണസായി. രണ്ട് വലിയ ചിന്തകൾ ഒരു ലക്ഷ്യത്തിനായി ഒന്നിക്കുകയാണ്. 
 

Latest News