മറയില്ലാതെ  സെറീന

സെറീന വില്യംസ് അക്ഷരാർഥത്തിൽ എല്ലാം തുറന്നിടുകയാണ്.. പൂർണ ഗർഭിണിയായ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം കഴിഞ്ഞ ദിവസം വാനിറ്റി ഫെയർ മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ടത് പൂർണ നഗ്നയായാണ്. കാമുകൻ അലക്‌സ് ഒഹാനിയനുമായുള്ള പ്രണയത്തെക്കുറിച്ചും തന്റെ ഗർഭകാലത്തെക്കുറിച്ചുമുള്ള ഒരുപാട് ഓർമകൾ മാഗസിനുമായി സെറീന പങ്കുവെച്ചു. നിറവയർ അഭിമാനത്തോടെ പ്രദർശിപ്പിച്ചും വലതു കരം കൊണ്ട് സ്തനങ്ങൾ മറച്ചും അരഞ്ഞാണം മാത്രം അണിഞ്ഞ നിലയിലുമാണ് സെറീനയുടെ ചിത്രം. പ്രശസ്ത ഫോട്ടോഗ്രഫർ ആനി ലീബോവിറ്റ്‌സാണ് ചിത്രം പകർത്തിയത്. 
ഈ ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപണിനു മുമ്പ് അപ്രതീക്ഷിതമായാണ് ഗർഭ വിവരം താനറിഞ്ഞതെന്ന് സെറീന വെളിപ്പെടുത്തി. അവിടെ ജയിച്ചാണ് ഓപൺ യുഗത്തിലെ ഗ്രാന്റ്സ്ലാം റെക്കോർഡിനൊപ്പം സെറീന എത്തിയത്. മാർഗരറ്റ് കോർടിന്റെ 24 ഗ്രാന്റ്സ്ലാം എന്ന റെക്കോർഡിന് ഒരെണ്ണം പിറകിലെത്തിയത്. 'എന്റെ കഥ അവസാനിച്ചിട്ടില്ലെന്ന് ഉറപ്പാണ്, അടുത്ത ഓസ്‌ട്രേലിയൻ ഓപണിന് ഞാൻ തിരിച്ചെത്തും' -സെറീന പ്രഖ്യാപിച്ചു. 
മുപ്പത്തഞ്ചുകാരിയായ സെറീനയും സോഷ്യൽ മീഡിയ വെബ്‌സൈറ്റ് റെഡിറ്റ് സ്ഥാപകനായ മുപ്പത്തിനാലുകാരൻ ഒഹാനിയനും ഈ വർഷാവസാനം വിവാഹിതരാവും, പ്രസവത്തിനു ശേഷം. കഴിഞ്ഞ ഡിസംബറിലായിരുന്നു അവരുടെ വിവാഹ നിശ്ചയം. ആദ്യ കൂടിക്കാഴ്ച 2015 ൽ റോമിൽ വെച്ചും. എങ്ങനെയാണ് താൻ ഗർഭിണിയായതെന്ന വിവരം മനസ്സിലാക്കിയതെന്ന് സെറീന വിവരിക്കുന്നു. സീസണിലെ ആദ്യ മത്സരത്തിനു ശേഷം ഓസ്‌ട്രേലിയയിൽ വെച്ച് ഛർദിക്കുകയും സ്തനങ്ങൾ വീർക്കുകയും ചെയ്തപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്നു തോന്നിയത്. ഒരു സുഹൃത്താണ് ഗർഭ പരിശോധന നടത്താൻ നിർദേശിച്ചത്. ആദ്യം അതു ചിരിച്ചു തള്ളി. അക്കാര്യം ഞാൻ മറന്നു പോയിരുന്നു. ഒരു പരസ്യ ചിത്രത്തിനായി മുടികൾ അലങ്കരിക്കുമ്പോഴാണ് പരിശോധിച്ചാലോ എന്നാലോചിച്ചത്. സംസാരിച്ചും ചിരിച്ചും ഞാൻ ബാത് റൂമിലേക്കു പോയി. ബാത് റൂമിൽ വസ്ത്രം മാറുമ്പോഴാണ് തീരുമാനമെടുത്തത്. രണ്ടു തവണ പരിശോധിച്ചു, രണ്ടും പോസിറ്റീവ് ആയിരുന്നു. നിന്ന നിൽപിൽ താഴ്ന്നുപോവുന്ന പോലെ തോന്നി. 'ദൈവമേ, ഇതെങ്ങനെ. എനിക്കൊരു ടൂർണമെന്റ് കളിക്കാനുണ്ടല്ലോ? എങ്ങനെ ഞാൻ ഓസ്‌ട്രേലിയൻ ഓപൺ കളിക്കും. ഈ വർഷം വിംബിൾഡൺ ജയിക്കേണ്ടതാണല്ലോ?'
സുഹൃത്തിനെ വീണ്ടും ഫാർമസിയിലേക്കയച്ചു, പരിശോധനക്കായി അഞ്ച് സ്ട്രിപ്പുകൾ കൂടി വാങ്ങിവരാൻ. അഞ്ചും അതേ ഫലം തന്നെയായിരുന്നു. 
ഒഹാനിയനെ വിളിച്ച് ഉടൻ മെൽബണിലെത്താൻ ആവശ്യപ്പെട്ടു. വന്നയുടനെ അഞ്ച് സ്ട്രിപ്പുകളടങ്ങുന്ന ബാഗ് കൈമാറി. ഒഹാനിയനും ഞെട്ടി. ഉടനെ ഒരു ഡോക്ടറെ കണ്ടു. ഗർഭസ്ഥ ശിശുവിന് കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും ഓസ്‌ട്രേലിയൻ ഓപൺ കളിക്കാമെന്നും ഡോക്ടർ ഉറപ്പു നൽകി. ടൂർണമെന്റിലുടനീളം ഒരു സെറ്റ് പോലും കൈവിടാതെ സെറീന കിരീടം ജയിച്ചു. 
'അവിശ്വസനീയമായിരുന്നു അത്. യാഥാർഥ്യമായിത്തന്നെ തോന്നിയില്ല. കഴിഞ്ഞ നവംബറിൽ ഞാൻ ഉടനെ ഗർഭിണിയാവുമെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഏറ്റവും വലിയ കള്ളമെന്ന് ഞാൻ കരുതുമായിരുന്നു, ഇതിപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാവാനൊരുങ്ങുകയാണ് ഞാൻ. 
വളരെ വേഗം, വളരെ വേഗം അതു സംഭവിക്കുകയാണ്. കുഞ്ഞിനെ എന്തു ചെയ്യണമെന്നു പോലും അറിയില്ല. ഒന്നും ചെയ്തിട്ടില്ല, ഇതുവരെ കുഞ്ഞിന് മുറിയൊരുക്കിയിട്ടില്ല' -സെറീന പറഞ്ഞു. അടുത്ത ആഴ്ചകളിൽ സെറീനയുടെ ജോലി അതാണ്. കുഞ്ഞിനൊരു മുറി. അപ്പോഴേക്കും സെറീന നടക്കാൻ പറ്റാത്ത വിധത്തിലാവും. ബോറടിച്ചു ചാവും. 

Latest News