Monday , January   27, 2020
Monday , January   27, 2020

അക്ബറിന്റെ ഫാത്തിമ

സ്‌നേഹിച്ച പെൺകുട്ടി ഒരു സുപ്രഭാതത്തിൽ ഒന്നും പറയാതെ പോയ അക്ബർ ഹുസൈന്റെ ആത്മനൊമ്പരം കണ്ടറിഞ്ഞ് അയാളെ ഭർത്താവായി സ്വീകരിക്കുകയായിരുന്നു ഫാത്തിമ. എന്നാൽ വിവാഹം കഴിഞ്ഞിട്ടും പൂർവകാമുകിയായ ജാനറ്റിനെ ഓർത്തുള്ള ജീവിതം അലോസരമായപ്പോൾ അവർ വിവാഹ മോചനത്തിന് ശ്രമം തുടങ്ങി. അതിനിടയിലാണ് സബ് ഇൻസ്‌പെക്ടറായ അക്ബറിന് ലൂക്കയുടെ ആക്‌സ്മിക മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിറങ്ങേണ്ടിവന്നത്. ലൂക്കയും നീഹാരികാ ബാനർജിയും തമ്മിലുള്ള പ്രണയവും ഒടുവിൽ ഒരുമിച്ചു ജീവിക്കാനാവില്ല എന്ന തിരിച്ചറിവിൽ ഇരുവരും മരണത്തെ പുൽകിയതുമായ കഥയറിഞ്ഞ ആ പോലീസുകാരൻ ഫാത്തിമയെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. ഭർത്താവിന്റെ പേഴ്‌സിലുള്ള പൂർവകാമുകിയുടെ ഫോട്ടോ നശിപ്പിച്ച് അവർ ഒന്നിച്ച് ജീവിക്കാനുറയ്ക്കുന്നു. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിൽ ഫാത്തിമയായി വിനിതാ കോശിയും അക്ബറായി നിതിൻ ജോർജുമാണ് വേഷമിടുന്നത്.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിനിത കോശി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറുന്നത്. എന്നാൽ അതിനു മുമ്പു തന്നെ യൂട്യൂബ് ചാനലിലൂടെ ഡബ്‌സ്മാഷ് വീഡിയോകളും മ്യൂസിക് വീഡിയോകളും ഹ്രസ്വ ചിത്രങ്ങളിലൂടെയുമെല്ലാം വിനിതയെ പ്രേക്ഷകർ അറിഞ്ഞിരുന്നു. ഇതു കണ്ടാണ് വിനീത് ശ്രീനിവാസൻ വിനിതയെ ആനന്ദത്തിലേയ്ക്ക് ക്ഷണിക്കുന്നത്. ഒന്നുരണ്ടു പേരെ കണ്ടുവെച്ചിരുന്നെങ്കിലും അവസാന നിമിഷം അവരെല്ലാം മാറിയപ്പോഴാണ് വിനിതയ്ക്ക് നറുക്കു വീഴുന്നത്. പിന്നീട് വിനീത് നായകനായ എബിയിൽ അവന്റെ കുട്ടിക്കാലത്തെ അമ്മയായ ക്ലാരയുമായി. മൗനം സൊല്ലും വാർത്തൈകൾ എന്ന തമിഴ് പ്രണയ സംഗീത ആൽബം ഹിറ്റായതോടെ വിനിത യുവഹൃദയങ്ങളുടെ ഹരമായി മാറുകയായിരുന്നു. തുടർന്നുവന്ന ഒറ്റമുറി വെളിച്ചത്തിലൂടെ 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി. ഒടുവിലാണ് ലൂക്ക എത്തിയത്. ലൂക്കയിലൂടെ മറ്റൊരു ശക്തമായ കഥാപാത്രത്തെയാണ് വിനിതയ്ക്കു ലഭിച്ചത്. വിനിത സംസാരിക്കുന്നു.

ആനന്ദത്തിലേയ്ക്കുള്ള വഴി?
മംഗലാപുരത്തെ ഫാദർ മുള്ളർ മെഡിക്കൽ കോളേജിൽനിന്നും പീഡിയാട്രിക് കൗൺസലിംഗ് പഠനം കഴിഞ്ഞ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വിനീത് ശ്രീനിവാസന്റെ ക്ഷണമെത്തുന്നത്. കുടുംബത്തിന്റെ അനുവാദം ചോദിച്ചപ്പോൾ എല്ലാവരും എതിർക്കുകയായിരുന്നു. നല്ലൊരു ജോലിയുള്ളപ്പോൾ എന്തിന് അഭിനയം എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഡബ്‌സ്മാഷും ചില ഹ്രസ്വ ചിത്രങ്ങളുമല്ലാതെ സിനിമ മനസ്സിലുണ്ടായിരുന്നില്ല. എക്‌സ്‌പെക്‌റ്റേഷൻ വേഴ്‌സസ് റിയാലിറ്റി എന്ന വീഡിയോ കണ്ടാണ് വിനീതേട്ടൻ വിളിച്ചത്. അടുത്ത ദിവസം തന്നെ സെറ്റിലെത്തണം എന്നായിരുന്നു പറഞ്ഞത്. വിനീത് ശ്രീനിവാസൻ എന്ന വലിയൊരു കലാകാരന്റെ ക്ഷണം നിരസിക്കാൻ തോന്നിയില്ല. ഒരു മാസത്തെ ലീവെടുത്ത് പെട്ടെന്നു തന്നെ നാട്ടിലെത്തി. അങ്ങനെയാണ് ആനന്ദത്തിലെ ലൗലി മിസ് ആയി മാറുന്നത്. കഥാപാത്രം അത്ര പ്രയാസമുള്ളതായിരുന്നില്ലെങ്കിലും ആദ്യമായി അഭിനയിക്കുന്നതിന്റെ പേടിയുണ്ടായിരുന്നു. ഒന്നുരണ്ടു ദിവസത്തിനകം എല്ലാവരുമായും ചങ്ങാത്തത്തിലായി. അതോടെ ടെൻഷനും മാറി.

മൗനം സൊല്ലും വാർത്തൈകൾ?
രാഹുൽ റിജി നായർ ആയിരുന്നു ഈ ഗാനം ഒരുക്കിയത്. പത്തു ലക്ഷത്തോളം പേരാണ് ഈ ആൽബം കണ്ടത്. അതോടെ ഒരു അഭിനേത്രി എന്ന നിലയിൽ തിരിച്ചറിഞ്ഞുതുടങ്ങുകയായിരുന്നു.

സംസ്ഥാന പുരസ്‌കാരം?
തികച്ചും ആകസ്മികമായിരുന്നു ഈ അംഗീകാരം. എങ്കിലും ആ കഥാപാത്രത്തിനുവേണ്ടി ഏറെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. നിസ്സഹായയായ ഒരു സ്ത്രീയുടെ ജീവിതമാണ് ചിത്രം വരച്ചുകാണിക്കുന്നത്. ഒരു മുറി മാത്രമുള്ള വീട്ടിലേയ്ക്ക് വിവാഹിതയായെത്തുന്ന സുധയ്ക്ക് യാതൊരു സ്വകാര്യതയും ലഭിക്കുന്നില്ല. മാത്രമല്ല, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് ഭർത്താവും വീട്ടുകാരും അവളോടു പെരുമാറിയത്. ഒടുവിൽ അവൾ പ്രതികരിക്കുകയാണ്.
സുധയെന്ന കഥാപാത്രം ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. എങ്കിലും സംവിധായകന്റെയും സഹപ്രവർത്തകരുടെയുമെല്ലാം സഹകരണം കൊണ്ട് കഥാപാത്രത്തെ ഭംഗിയാക്കാൻ കഴിഞ്ഞു. ആൽബം സംവിധാനം ചെയ്ത രാഹുൽ തന്നെയായിരുന്നു ഒറ്റമുറിവെളിച്ചത്തിന്റെയും സംവിധായകൻ. ഇരുപതു ദിവസത്തെ ചിത്രീകരണം ഏറെ ബുദ്ധിമുട്ടായിരുന്നു.
ഡോക്ടറെ കാണാൻ ആശുപത്രിയിലേയ്ക്ക് പോകുമ്പോഴാണ് അവാർഡ് വിവരമറിയുന്നത്. അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. പിന്നീട് ഒരാൾ വന്നു പറഞ്ഞപ്പോഴും വിശ്വസിച്ചിരുന്നില്ല. കളിയാക്കുകയായിരിക്കും എന്നാണ് കരുതിയത്. അവസാന റൗണ്ടിൽ മഞ്ജു വാര്യരും പാർവതിയും തമ്മിലാണ് മത്സരം എന്നറിഞ്ഞിരുന്നു. ടി.വിയിൽ വാർത്ത കണ്ടപ്പോഴാണ് മികച്ച ചിത്രത്തിനും സ്‌പെഷ്യൽ ജൂറി അവാർഡിനും അർഹമായി എന്നറിയുന്നത്.

ലൂക്കയിലെ ഫാത്തിമ?
ലൂക്കയിൽ ഒരു ചെറിയ വേഷമാണെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷമാണ്. കാലിൽ പ്ലാസ്റ്ററിട്ടാണ് ചിത്രത്തിൽ അഭിനയിച്ചത്. ലൂക്കയ്ക്കു മുമ്പ് ഒരു ചിത്രത്തിൽ വേഷമിട്ടിരുന്നു. അതിന്റെ ചിത്രീകരണത്തിലാണ് അപകടമുണ്ടായത്. ഇതിനു മുമ്പേ ലൂക്കയിലേയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ലൂക്ക മുൻകൂട്ടി നിശ്ചയിച്ച തീയതിക്ക് മുമ്പേ ചിത്രീകരണം തുടങ്ങിയതിനാൽ അഭിനയിക്കാനാവുമോ എന്നറിയില്ലായിരുന്നു. സംവിധായകനോടും ഇത് സൂചിപ്പിച്ചു. എന്നാൽ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ എന്തു സഹായവും ചെയ്യാം എന്നവർ വാക്കു നൽകി. കാൽ നിലത്തു കുത്താനാവാതെയാണ് സെറ്റിലെത്തിയത്. ഇരുന്നുകൊണ്ടുള്ള രംഗങ്ങളായിരുന്നു ഏറെയും. പ്ലാസ്റ്ററിട്ട കാൽ മറച്ചുപിടിച്ചാണ് ബൈക്കിൽ കയറിയത്. എങ്കിലും പ്രൊഡക്ഷൻ ടീം നല്ല സപ്പോർട്ടാണ് നൽകിയത്. യാത്രയ്ക്ക് കാരവാനടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് അവർ സഹായിച്ചത്.

അപകടം എങ്ങനെയാണ് സംഭവിച്ചത്?
ചിത്രത്തിൽ ഒരു അത്‌ലറ്റായാണ് അഭിനയിക്കുന്നത്. അതിനായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യേണ്ടിവന്നു. നിരന്തര പരിശീലനം കാരണം കാലിന് വേദന തുടങ്ങി. 
ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഉപ്പൂറ്റിക്കു മുകളിൽ പൊട്ടലുണ്ടെന്ന് അറിയുന്നത്. അങ്ങനെയാണ് പ്ലാസ്റ്ററിടേണ്ടിവന്നത്. ഇതു കാരണം ലൂക്കയിൽ അഭിനയിച്ചിരുന്നില്ലെങ്കിൽ വലിയ നഷ്ടമായേനേ. സംവിധായകനോടും തിരക്കഥാകൃത്തിനോടുമെല്ലാം ഏറെ കടപ്പാടുണ്ട്.

ടോവിനോയുമായുള്ള അടുപ്പം?
അങ്ങോട്ടു ചെന്ന് പരിചയപ്പെടാൻ പേടിയുണ്ടായിരുന്നു. നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ് ടോവിനോ. സെറ്റിൽ എല്ലാവരുമായും നല്ല ഫ്രണ്ട്‌ലിയാണ്. അങ്ങനെ ഞാനും നല്ല സുഹൃത്തായി.

യാത്ര ചെയ്യാൻ ഏറെ ഇഷ്ടം?
സിനിമ കഴിഞ്ഞാൽ യാത്രയാണ് ഹോബി. ഇതിനകം പതിനേഴ് രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലാണ് യൂറോപ്യൻ ട്രിപ്പ് നടത്തിയത്. യാത്രയ്ക്കുപുറമെ വായനയ്ക്കും സമയം കണ്ടെത്തുന്നു. പാടാനും നൃത്തം ചെയ്യാനുമെല്ലാം ഇഷ്ടമാണ്. ഡബ്‌സ്മാഷ് വീഡിയോകൾ പലതും ഹിറ്റായതോടെ സുഹൃത്തുക്കളുടെ നിരന്തരമായ പ്രോത്സാഹനമാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ കാരണമായത്. ഡബ്‌സ്മാഷിനു പുറമെ അഭിനയിച്ച ചില സീനുകളും ചാനലിലുണ്ട്. ഇനിയും വ്യത്യസ്തമായ പരിപാടികളുമായി ചാനലിൽ സജീവമാകണം.

സ്വപ്നം?
ആദ്യ ചിത്രത്തിനു ശേഷമാണ് സിനിമയിൽ സജീവമാകണമെന്നു തോന്നിയത്. ആദ്യചിത്രത്തിനു വേണ്ടി 54 ദിവസം അവധിയെടുക്കേണ്ടിവന്നു. തൊട്ടുപിന്നാലെ എബിയെത്തി. അതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഒറ്റ മുറി വെളിച്ചത്തിലെ സുധയ്ക്ക് ജൂറി അവാർഡ് ലഭിച്ചതോടെ സിനിമ തന്നെയാണ് ജീവിതം എന്നു മനസ്സിലാക്കി. ഇപ്പോഴത്തെ സ്വപ്നം സിനിമയാണ്. ജീവനുള്ള സിനിമയിൽ നല്ല കുറെ കഥാപാത്രങ്ങളെ അവതരിപ്പിക്കണം.
 

Latest News