ന്യൂദൽഹി- ഗൂഗിൾ ഇന്ത്യയിൽ നടപ്പാക്കുന്ന ഇന്റർനെറ്റ് പഠന സംവിധാനം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പുതുതായി പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ കൂടി ഇന്റർനെറ്റ് ശാദി പ്രോഗ്രാം പദ്ധതി വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിലെ യുവതികൾക്ക് ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കുകയും അതേക്കുറിച്ചുള്ള അവഗാഹം നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ഇന്റർനെറ്റ് ശാദി പ്രോഗ്രാം. പുതിയ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതോടെ 20 സംസ്ഥാനങ്ങളിലായി 2.6 ലക്ഷം വില്ലേജുകൾ പദ്ധതിക്ക് കീഴിലാകുമെന്നു ഗൂഗിൾ അറിയിച്ചു.
2015 ലാണ് ടാറ്റ ട്രസ്റ്റുമായി സഹകരിച്ചു ഗൂഗിൾ ഇന്ത്യയിൽ പൈലറ്റ് പദ്ധതിയായി ഇത് നടപ്പാക്കാൻ ആരംഭിച്ചത്. ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കാം എന്നതും തുടർന്ന് പഠിതാക്കൾ തങ്ങളുടെ ഗ്രാമത്തിലെ മറ്റുള്ള സ്ത്രീകൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നാല് വർഷത്തിനിടക്ക് പഠനം പൂർത്തിയാക്കിയ 70000 വനിതകൾ നല്ല രീതിയിൽ സമൂഹത്തെ നയിക്കുകയും അവർ വഴി2.6 കോടി വനിതകൾക്ക് ഇതിന്റെ പ്രയോചനം ലഭിക്കുകയും ചെയ്തുവെന്ന് കമ്പനി അറിയിച്ചു.
പുതിയ വിജ്ഞാനം വനിതകളിൽ ഉണർവ്വ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്നും ആർജ്ജിച്ചെടുത്ത കഴിവ് ഉപയോഗപ്പെടുത്തി ചില വനിതകൾ സ്വന്തമായി ചെറിയ ബിസിനസുകൾ ആരംഭിച്ചുവെന്നും കുടുംബ സാഹചര്യത്തെ പരിപോഷിപ്പിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും ഗൂഗിൾ ഇന്ത്യ ഇന്റർനെറ്റ് ശാദി പ്രോഗ്രാം ചീഫ് നേഹ ഭട്ടാചാര്യ പറഞ്ഞു.