അജയ്യൻ വിജേന്ദർ

ടാൻസാനിയയുടെ മുൻ ലോക ചാമ്പ്യൻ ഫ്രാൻസിസി ചീക്കയെ ഇടിച്ചുവീഴ്ത്തി സൂപ്പർ മിഡിൽവെയ്റ്റ് ബോക്‌സിംഗ് കിരീടം നിലനിർത്തുമ്പോൾ വിജേന്ദർ സിംഗ് വിചാരിച്ചിരുന്നില്ല, ഈ മത്സരം ഇത്ര എളുപ്പമാവുമെന്ന്. വിജേന്ദറിനെ കൊച്ചു പയ്യൻ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ചീക്കയുടെ വരവ്. ഭീഷണികളും പരിഹാസങ്ങളും തുടർന്നു. വിജേന്ദറിന്റെ കരിയർ തന്നെ ഇതോടെ അവസാനിപ്പിക്കുമെന്നും ടാൻസാനിയക്കാരൻ വീമ്പിളക്കി. 
എല്ലാത്തിനും റിംഗിൽ തിരിച്ചുകൊടുത്തു വിജേന്ദർ. പത്ത് മിനിറ്റിനുള്ളിൽ എതിരാളി നിലം പരിശായി. രണ്ടാം റൗണ്ടിൽ താടിക്ക് കൊടുത്ത ഊക്കൻ ഇടിയിൽ തന്നെ ചീക്കോയുടെ എല്ലാ കൺട്രോളും പോയി. പിന്നെ ഇടിയൂടെ പൂരമായിരുന്നു. വീമ്പിളക്കിയതെല്ലാം മറന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലായി ചീക്കോ. അവസാന അടവെന്ന നിയിൽ വിജേന്ദറിന്റെ കഴുത്തിൽ കടിക്കാനും ശ്രമിച്ചു. പക്ഷെ ഈറ്റപ്പുലിയായി മാറിയ ഹരിയാനക്കാരനു മുന്നിൽ ചീക്കോ തകർന്നുവീഴുകയായരുന്നു.
മത്സരം ഇത്ര അനായാസം ജയിക്കാൻ കഴിയുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് വിജേന്ദർ പിന്നീട് പറഞ്ഞു. അയാൾ മുമ്പ് പറഞ്ഞതെല്ലാം എന്റെ മനസ്സിലുണ്ടായിരുന്നു. അതിന് റിംഗിൽ മറുപടി നൽകാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശ്യം. രണ്ടാം റൗണ്ടിലെ ഉശിരൻ പഞ്ചിലൂടെതന്നെ അയാളെ വീഴ്ത്താൻ എനിക്ക് കഴിയുമായിരുന്നു. എന്നാൽ അയാൾ പറഞ്ഞതിനെല്ലാം പകരം വീട്ടാനായി ഞാൻ ഇടി തുടർന്നു. എന്നെ പയ്യനെന്നാണ് അയാൾ വിളിച്ചത്. ഞാനയാൾക്ക് യഥാർഥ ബോക്‌സിംഗ് എന്തെന്ന് കാട്ടിക്കൊടുത്തു -31 കാരൻ തുടർന്നു.
മത്സരത്തിനു മുമ്പ് ഭീഷണികൾ മുഴക്കി എന്നെ സമ്മർദത്തിലാക്കാനായിരുന്നു അയാളുടെ ശ്രമം. എന്നാൽ രണ്ടാം റൗണ്ടിൽ എന്റെ ഇടി കൊണ്ടപ്പോൾ തന്നെ അയാൾക്ക് സമനില തെറ്റി. പറഞ്ഞതെല്ലാം മറന്നു. പിന്നെ എങ്ങനെയെങ്കിലും സ്വന്തം തടി രക്ഷിക്കാനായിരുന്നു അയാളുടെ ശ്രമമെന്ന് വിജേന്ദർ തുടർന്നു.
ബോക്‌സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡൽ ജേതാവായ വിജേന്ദർ പ്രൊഫഷണൽ രംഗത്തേക്ക് ചുവടു മാറ്റിയ ശേഷം ഇതുവരെ പരാജയമെന്തെന്ന് അറിഞ്ഞിട്ടില്ല. പങ്കെടുത്ത എട്ട് മത്സരങ്ങളും ജയിച്ചു. സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നിലനിർത്താനുമായി. 
ലോക ബോക്‌സിംഗിന് ഇന്ത്യയുടെ സംഭാവനയായ വിജേന്ദർ കരുതലോടെ വിജയങ്ങളിലേക്ക് കുതിക്കുകയാണ്. നാളത്തെ മൈക്ക് ടൈസണാവാൻ.
വിജേന്ദറിന്റെ അടുത്ത എതിരാളി മിക്കവാറും കോമൺവെൽത്ത് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻ ലൂക്ക് ബ്ലാക്ക്‌ലെഡ്ജുമായിട്ടായിരിക്കും. 27 മത്സരങ്ങളിലും 22 ഉം ജയിച്ച ബോക്‌സറാണ് ബ്രിട്ടീഷുകാരനായ ലൂക്ക്. മൂന്നെണ്ണം മാത്രമേ തോറ്റിട്ടുള്ളൂ. രണ്ട് സമനിലയും.
മത്സര വേദി ഏതാണെന്ന് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മിക്കവാറും ഇംഗ്ലണ്ടിലെ ലെസ്റ്ററിലാവും. ഇന്ത്യൻ സമൂഹത്തിന്റെ വൻ സാന്നിധ്യമുള്ള ലെസ്റ്ററിൽ മത്സരം നടത്തുന്നതിനോടാണ് വിജേന്ദറിന്റെ പ്രൊമോട്ടർമാരായ ഇൻഫിനിറ്റി ഒപ്റ്റിമൽ സൊലൂഷൻസിനും (ഐ.ഒ.എസ്) താൽപര്യം. ചൈനയിലോ ദുബായിലോ നടത്താനും അവർ ആലോചിക്കുന്നുണ്ട്.
എന്നാൽ മത്സരം എവിടെയാണെന്നത് തനിക്ക് പ്രശ്‌നമില്ലെന്നാണ് വിജേന്ദറിന്റെ നിലപാട്. ദൽഹിയിലായാലും വിദേശത്തായാലും എനിക്ക് ഒരുപോലെ തന്നെ. അടുത്ത എതിരാളി ആരാണെന്നതിനെ കുറിച്ചു മാത്രമേ ഞങ്ങൾ ചിന്തിക്കാറുള്ളു -വിജേന്ദർ പറഞ്ഞു.
വളരെ ആലോചിച്ച് മാത്രം എതിരാളികളെ കണ്ടെത്തുക. പിന്നീട് മത്സരം ജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുക. കഠിനമായ പരിശീലനം നടത്തുക... അങ്ങനെ തികച്ചും ആസൂത്രിതമായാണ് വിജേന്ദറിന്റെ ഓരോ ചുവടുവെയ്പും. കഴിഞ്ഞ എട്ട് മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞതും ഈ തയാറെടുപ്പിന്റെ ഗുണമാണ്. കോമൺവെൽത്ത് ബെൽറ്റിനുള്ള മത്സരം കഴിഞ്ഞാൽ ഇന്റർകോണ്ടിനന്റൽ ബെൽറ്റിനോ, ഡബ്ല്യൂ.ബി.ഒയുടെ യൂറോപ്യൻ ബെൽറ്റിനോ മത്സരിക്കാനും പദ്ധതിയിടുന്നുണ്ട്. വിജേന്ദറിന്റെ മിക്ക മത്സരങ്ങളും നടന്നത് യു.കെയിൽ ആയിരുന്നതിനാൽ യൂറോപ്യൻ ബെൽറ്റിന് യോഗ്യത നേടാൻ പ്രയാസമില്ലെന്ന് താരത്തിന്റെ ബ്രിട്ടനിലെ പ്രൊമോട്ടർമാർ പറഞ്ഞു.
ഏതായാലും 100 ശതമാനം വിജയത്തോടെ 2016 അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ വിജേന്ദർ സന്തുഷ്ടനാണ്. പുതുവർഷത്തിലും അജയ്യനായി തുടരാനുള്ള കഠിന പരിശ്രമത്തിലാണ് താരം. മുൻകൂട്ടി തീരുമാനിച്ച പ്ലാൻ പ്രകാരം മത്സരങ്ങളെ നേരിടുന്നതാണ് ഹരിയാനക്കാരന്റെ തുടർച്ചയായ വിജയങ്ങൾക്ക് ആധാരം. ഫ്രാൻസിക് ചീക്കോക്കെതിരായ മത്സരത്തിലെ വിജയത്തിനു പിന്നിലും അതു തന്നെ. ചീക്കോക്കെതിരായ വിജയം അതിർത്തിയിൽ കൊല്ലപ്പെടുന്ന ഇന്ത്യൻ സൈനികർക്കാണ് വിജേന്ദർ സമർപ്പിച്ചത്. രാജ്യത്തിനു വേണ്ടി ധീരമായി പോരാടുന്നവരോടുള്ള ആദരവ് എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന യഥാർഥ പോരാളി.
 

Latest News