മുംബൈ-വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ കൈയോടെ പിടികൂടി. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന വിചിത്ര ന്യായമാണ് ജസോ പോലീസിനോടു പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പിടികൂടിയത്. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു. സമീപകാലത്തു വെള്ളമടിച്ചു ജീവനക്കാരോട് മോശമായി പെരുമാറിയ മലയാളിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.






