Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ -ചൈനയോട് അരുൺ ജയ്റ്റ്‌ലി

അതിർത്തിയിൽ ചൈന നിർമാണ പ്രവർത്തനം നിർത്തിവെക്കണമെന്നും ഇന്ത്യ

ന്യൂദൽഹി- അതിർത്തിയിൽ ചൈനയുടെ നിർമാണ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ചൈനയുടെ നീക്കത്തിൽ ഇന്ത്യക്ക് ഏറെ ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി. സിക്കിമിനു സമീപം ദോഖ്‌ലാം പ്രദേശത്ത് ചൈനയുടെ റോഡ് നിർമാണത്തെക്കുറിച്ചുള്ള ആശങ്ക വിദേശകാര്യ മന്ത്രാലയം ചൈനീസ് സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നാണ് ചൈനയുടെ റോഡ് നിർമാണം എന്നും സർക്കാർ വ്യക്തമാക്കി. 
അതിനിടെ, 2017 ലെ ഇന്ത്യ 1962 ലെ ഇന്ത്യയിൽനിന്നു ഏറെ വ്യത്യസ്തമാണെന്ന മുന്നറിയിപ്പുമായി പ്രതിരോധത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി അരുൺ ജയ്റ്റലിയും രംഗത്തെത്തി. അവർ നമ്മളെ എന്തെങ്കിലും ഓർമപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ 1962  ൽനിന്നു സ്ഥിതി ഇപ്പോൾ ഏറെ വ്യത്യസ്തമാണ്. ഭൂട്ടാനിൽ ചൈന അവകാശവാദം ഉന്നയിക്കുകയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതു തെറ്റായ നടപടിയാണ്. ഈ വിഷയത്തിൽ ഭൂട്ടാൻ തന്നെ സ്ഥിരീകരണം നൽകിയതോടെ നിലവിലെ സ്ഥിതി ഏറെക്കുറെ വ്യക്തമാണ്. സുരക്ഷാ വിഷയത്തിൽ ഇന്ത്യയും ഭൂട്ടാനും തമ്മിൽ ധാരണയുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. 
ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചെന്നും ചരിത്രത്തിൽനിന്ന് പാഠം പഠിക്കണമെന്നുമുള്ള ചൈനയുടെ മുന്നറിയിപ്പിനാണ് ജയ്റ്റ്‌ലിയുടെ മറുപടി. 
അതിർത്തിയിലെ വിഷയങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണം എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനാകില്ല. ഇരുപക്ഷം അംഗീകരിക്കുന്ന പ്രതിനിധികളുടെ സാന്നിധ്യത്തിൽ സമവായമുണ്ടാക്കുകയാണ് വേണ്ടത്. ചൈനയുടെ ഇപ്പോഴത്തെ നിലപാടിൽ കടുത്ത ആശങ്കയാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 
ഇന്തോ-ചൈന അതിർത്തിയിൽ എക്കാലവും സമാധാനം നിലനിർത്താനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. ഇത് ഏറെ ലളിതമായിരുന്നില്ല. ഇരു പക്ഷത്തുനിന്നും സമാധാനം നിലനിർത്തുന്നതിനായി കഠിന ശ്രമങ്ങളുണ്ടായിട്ടുണ്ട്. ചൈനയുമായുള്ള എല്ലാ അതിർത്തി പ്രശ്‌നങ്ങളിലും പരിഹാരം കണ്ടെത്തുന്ന കാര്യത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 16 നാണ് പീപ്പിൾസ് ലിബറേഷൻ ആർമി ദോഖ്‌ലാം മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ചൈന റോഡ് നിർമാണം നടത്തുന്ന ദോഖ്‌ലാം മേഖല ഇന്ത്യ, ഭൂട്ടാൻ, തിബത്ത് മേഖലയിൽ വരുന്നതാണ്. ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലുള്ള ഇവിടെ നിർമാണ പ്രവർത്തനം നടത്തുന്നതിൽ ഭൂട്ടാൻ സർക്കാറും ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചെന്നാരോപിച്ച് ചൈന കഴിഞ്ഞ ദിവസം അതിർത്തി അടച്ചിരുന്നു. ദോഖ്‌ലാമിൽ സംഘർഷ സാധ്യത ഏറിയതോടെ ഇന്ത്യ ഇവിടെ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ഇന്ത്യ-ചൈന അതിർത്തി 3488 കിലോമീറ്ററാണ്. ഇതിൽ 220 കിലോമീറ്റർ അതിർത്തി പ്രദേശവും സിക്കിമിലാണ്. അതിർത്തി വിഷയത്തിൽ ഇന്ത്യയുമായി അർഥവത്തായ ചർച്ചക്കു തയാറാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു.  
    

Latest News