Sorry, you need to enable JavaScript to visit this website.

ജോലി തേടി യു.എ.ഇയിലെത്തിയ പഞ്ചാബി യുവതിക്ക് പീഡനം

അബുദാബി- ജോലി തേടി സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തിയ പഞ്ചാബിലെ ജലന്ധര്‍ സ്വദേശിനി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. ഒരു റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ കൈയില്‍ അകപ്പെട്ട വീണ റാണി എന്ന യുവതിയാണ് ശാരീരികവും മാനസികവുമായ പീഡനത്തിനിരയായത്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ഇവരെ രക്ഷിച്ച് നാട്ടിലേക്ക് അയച്ചു.
എട്ട് മാസം മുമ്പാണ് ഇവര്‍ യു.എ.ഇയില്‍ എത്തിയത്. ഒരു അനധികൃത ഏജന്റിന്റെ കെണിയില്‍ കുടുങ്ങിയ ഇവര്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു.
വീണയുടെ സ്വന്തം നാട്ടുകാരിയായ തെരേസ എന്ന ഏജന്റാണ് ഇവരെ കബളിപ്പിച്ചത്. 75000 രൂപയാണ് ഇവര്‍ ജോലി നേടിത്തരാന്‍ തെരേസക്ക് നല്‍കിയത്. യു.എ.ഇയിലെത്തിയപാടെ തെരേസ ബന്ധപ്പെടുകയും ഒരു വീട്ടില്‍ വേലക്ക് നിര്‍ത്തുകയുമായിരുന്നു.
എന്നാല്‍ ഇവിടെ ശാരീരിക പീഡനങ്ങളുണ്ടായതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മറ്റൊരു ജോലി നേടിക്കൊടുക്കാനന്‍ ഏജന്റ് തയാറാകാതിരുന്നതോടെ ഇന്ത്യന്‍ എംബസിയെ അഭയം പ്രാപിച്ചു.
പ്രശ്‌നത്തില്‍ ഇടപെട്ട എംബസി, യാത്രാരേഖകളും ടിക്കറ്റും ശരിയാക്കി ഇവരെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ജോലി അന്വേഷിക്കാന്‍ വിസിറ്റ് വിസയില്‍ യു.എ.ഇയിലെത്തുന്നത് ഒഴിവാക്കണമെന്നും ഇ.സി.ആര്‍ സ്റ്റാറ്റസുള്ളവര്‍ ഒരു കാരണവശാലും ഇതിന് മുതിരരുതെന്നും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍നേക്കര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News