ദുബായ്- ബാബരി മസ്ജിദ് നിന്ന സ്ഥലത്തെച്ചൊല്ലിയുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ മുസ്‌ലിംകള്‍ തയാറായതായും ഇതിലൂടെ പ്രശ്‌നം ശാശ്വതമായി പരിഹരിച്ചേക്കാമെന്നും റിപ്പോര്‍ട്ട്. ദുബായില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ന്യൂസ് ദിനപത്രമാണ് സുപ്രീം കോടതി നിയമിച്ച മധ്യസ്ഥസമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു നൂറ്റാണ്ടായി ഇന്ത്യയിലെ സാമുദായികാന്തരീക്ഷം വഷളാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച അയോധ്യ തര്‍ക്കം മാധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് സുപ്രീം കോടതി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, അഡ്വ. ശ്രീറാം പഞ്ചു എന്നിവരടങ്ങിയതാണ് സമിതി. ഏതാനും മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമിതി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. സമിതി ഈ മാസം 18 ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്.
കേസിലെ കക്ഷികളും നൂറുകണക്കിന് മതനേതാക്കളും സിവില്‍ സൊസൈറ്റി അംഗങ്ങളുമൊക്കെയായി സമിതി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മസ്ജിദ് നിലനിന്ന ഭൂമി വിട്ടുകൊടുക്കാമെന്നും ഇനിയൊരിക്കലും മറ്റൊരു മസ്ജിദിന്റെ പേരിലും ഇത്തരം അവകാശത്തര്‍ക്കങ്ങള്‍ ഉന്നയിക്കരുതെന്ന വ്യവസ്ഥയോടെയാണിതെന്നുമാണ് സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് വ്യക്തമാക്കിയത്.






