കോഴിക്കോട് - തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര മ്യൂസിയമാക്കണമെന്ന് കെ മുരളീധരന്‍ എം പി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടനവധി മഹാരഥന്‍മാരെ സംഭാവന ചെയ്ത കോളേജില്‍ ഇന്ന് പഠനമല്ല, ക്രിമിനലുകളെയാണ് ഉല്‍പാദിപ്പിക്കുന്നത്. കോളേജ് കാര്യവട്ടത്തേക്ക് തന്നെ മാറ്റി സ്ഥാപിക്കണം. കോളേജ് മാറ്റാത്ത കാലത്തോളം പ്രശ്‌നങ്ങള്‍ തുടരും. എസ് എഫ് ഐയിലെ സമാധാന പ്രേമികള്‍ക്ക് പോലും കോളേജില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. അസഹിഷ്ണുതയെന്ന പേരില്‍ സെമിനാറുകള്‍ നടത്തുന്ന സി പി എമ്മും ഡിവൈഎഫ ഐയും ആദ്യം അതിന്റെ പര്യായമായ യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ട് അസഹിഷ്ണുതയെന്ന വാക്കിന്റെ അര്‍ത്ഥം എസ് എഫ് ഐയാണന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. 80 കളില്‍ തന്നെ യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരുന്നു. സി.പി.എം ഇതര സംഘടനകളുടെയും മറ്റും ജാഥകളും പ്രകടനങ്ങളും കടന്നുപോകുമ്പോള്‍ കോളേജ് കാമ്പസില്‍ നിന്ന് കല്ലേറ് ഉണ്ടാകുന്നത് പതിവായിരുന്നു. 93 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോളേജ് കാര്യവട്ടം കാമ്പസിലേക്ക് മാറ്റി. എന്നാല്‍ നായനാര്‍ സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും തല്‍സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ മോഡല്‍ ഇടിമുറികളാണ് ഇന്ന് കോളേജിലുള്ളത്. കുത്തിമലര്‍ത്താന്‍ ഇതര സംഘടനകള്‍ ഇല്ലാതായതോടെ കൂടാരത്തിലുള്ളവരെ തന്നെ കുത്തിമലര്‍ത്തുകയാണ് എസ് എഫ് ഐയെന്നും എം പി പറഞ്ഞു. ആയുസ്സില്‍ ഭയന്നാണ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ പ്രതികരിക്കാത്തത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ നേതാവു കൂടിയായിരുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ശിരസ്സ് പതാളത്തോളം താഴ്ത്തി ക്ഷമ ചോദിക്കുന്നുവെന്ന് പ്രതികരിക്കുന്ന തരത്തിലേക്ക് സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും പ്രവര്‍ത്തനങ്ങള്‍ മാറി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഹൈക്കോടതിയുടെ ബെഞ്ച് തിരുവനന്തപുരത്ത് ലഭിക്കുകയാണങ്കില്‍ കോളേജ് കെട്ടിടം ഉപയോഗിക്കാന്‍ ആലോചനയുണ്ടായിരുന്നു. കോളേജ് കാര്യവട്ടത്തേക്ക് മാറ്റി വാടക കെട്ടിടത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എങ്കിലും കോളേജ് ഉപയോഗപ്പെടുത്തണമെന്നും മുരളീധരന്‍ പരിഹസിച്ചു. കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ നടക്കുന്ന മുഖ്യമന്ത്രി ഉപദേശം നിര്‍ത്തി സ്വന്തം പാര്‍ട്ടിയെ നന്നാക്കാന്‍ നോക്കണം. മുഖ്യമന്ത്രിയുടെ ഡാഷ് പ്രയോഗം കൊണ്ട് എല്ലായ്‌പ്പോഴും ഗുണമുണ്ട്. പ്രേമചന്ദ്രനെ ഡാഷ് പ്രയോഗം നടത്തിയപ്പോള്‍ അദ്ദേഹം 35,000 വോട്ടിന് വിജയിച്ച് കയറി. മൊത്തം കോണ്‍ഗ്രസിന് നേരെ തിരിഞ്ഞപ്പോള്‍ 20 ല്‍ 19 സീറ്റും പിടിച്ചെടുത്ത് ജയിച്ചുകയറി. കോണ്‍ഗ്രസിന്റെ അവസ്ഥയെ കുറിച്ച് പറയുന്ന മുഖ്യമന്ത്രി ലോക്‌സഭയില്‍ വരണം. ബംഗാളില്‍ ബിജെപിയും തൃണമൂലും എന്നും സംഘര്‍ഷമാണ്. ഈ സംഘര്‍ഷത്തെ കുറിച്ച് പറയാന്‍ ഒരു എം.പിയെങ്കിലും ബംഗാളിലോ ത്രിപുരയിലോ സിപിഎമ്മിനുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി രാജിവെച്ചത്. മറിച്ച് പരാജയം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ആന്തൂരില്‍ വ്യവസായി സാജന്റെ ആത്മഹത്യ കുടുംബ പ്രശ്‌നമാക്കാനാണ് സി പി എം ശ്രമിക്കുന്നത്. ശ്യാമളയെ രക്ഷിക്കാന്‍ സാജന്റേത് കുടുംബ പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കാനുള്ള സി പി എമ്മിന്റെ വൃത്തികെട്ട ശ്രമമാണ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും തന്നെ മനഃപൂര്‍വം തഴയുന്നുണ്ട്. എന്നാല്‍ തനിക്ക് അതില്‍ ആക്ഷേപമില്ല. എം പി ഫണ്ട്് വിനിയോഗിച്ചുള്ള മണഡ്‌ലത്തിലെ വികസന പരിപാടികളില്‍ താന്‍ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തൂ.