സീരിയല്‍ കണ്ടതിന് വഴക്കുപറഞ്ഞു; ഷാര്‍ജയില്‍ ഇന്ത്യന്‍ ബാലന്‍ വീടുവിട്ടുപോയി

പത്തു ദിവസമായിട്ടും വിവരം ലഭിച്ചില്ല

ഷാര്‍ജ- രാത്രി വൈകിയും യൂ ട്യൂബില്‍ മുഴുകിയതിന് മാതാപിതാക്കള്‍ വഴക്കുപറഞ്ഞിനെത്തുടര്‍ന്ന് ഇന്ത്യക്കാരനായ 15 കാരന്‍ വീടുവിട്ടു. ഷാര്‍ജ മുവൈല പ്രദേശത്ത് നിന്ന് ജൂലൈ നാല് മുതല്‍ കാണാതായ മുഹമ്മദ് പര്‍വേസിനെ കണ്ടെത്താന്‍ കുടുംബം പൊതുജനങ്ങളുടെ സഹായമഭ്യര്‍ഥിച്ചു.
ബിഹാര്‍ സ്വദേശിയാണ് പര്‍വേസ്. പിതാവ് മുഹമ്മദ് അഫ്താബ് ആലം ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിനേയും വിവരമറിയിച്ചു. മകനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹകരണം തേടുകയാണെന്ന് പിതാവ് പറഞ്ഞു.
മൊബൈല്‍ ഫോണുമെടുത്താണ് പര്‍വേസ് പോയതെന്ന് ബന്ധു ഷംസ് തബ്‌രീസ് പറഞ്ഞു. ജൂലൈ മൂന്നിന് രാത്രി താനും പര്‍വേസും കൂടി സമീപത്തുള്ള പള്ളിയില്‍ ഖുര്‍ആന്‍ പഠന ക്ലാസ്സിന് പോയിരുന്നു. രാത്രി 11 മണിയോടെ തിരിച്ചെത്തി. താന്‍ ഉറങ്ങാന്‍ പോയി. എന്നാല്‍ പര്‍വേസ് കിടന്നില്ല. യൂ ട്യൂബില്‍ സീരിയല്‍ കാണാനിരുന്നു. മണിക്കൂര്‍ കഴിഞ്ഞിട്ടും പര്‍വേസ് ഉറങ്ങാതിരിക്കുന്നത് കണ്ട മാതാവ് വഴക്കു പറഞ്ഞു. ഇതില്‍ അരിശംപൂണ്ട കുട്ടി രാത്രി ഒരു മണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
രാവിലെ നാലിന് നമസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പര്‍വേസിനെ കണ്ടില്ല. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഡെല്‍റ്റ ഇംഗ്ലീഷ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയായ പര്‍വേസിനെ പകലെല്ലാം തിരഞ്ഞെങ്കിലും കിട്ടിയില്ല. വൈകിട്ട് പോലീസില്‍ പരാതി നല്‍കി.
ഇട്ടിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നും എടുത്തിട്ടില്ല. പഴ്‌സോ വസ്ത്രങ്ങളോ കൊണ്ടുപോയിട്ടില്ല. തിരിച്ചറിയല്‍ രേഖകളൊന്നും എടുത്തിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ദിവസങ്ങളായിട്ടും മകന്‍ തിരിച്ചുവരാതായതോടെ മാതാപിതാക്കളും സഹോദരിയും ഏറെ വിവശതയിലാണ്. മകനെ എത്രയും വേഗം കണ്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

 

Latest News