യു.എ.ഇ ഫാമിലി വിസ ലഭിക്കാന്‍ ഇനി നിശ്ചിത വരുമാനംവേണം

നേരത്തെ പ്രൊഫഷന്‍ മാത്രം മതിയായിരുന്നു

അബുദാബി- യു.എ.ഇയില്‍ ഫാമിലി വിസ ലഭിക്കാനുള്ള നിയമത്തില്‍ മാറ്റം. കമ്പനി താമസസൗകര്യം നല്‍കുന്ന 3000 ദിര്‍ഹത്തില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്കോ താമസ സൗകര്യം നല്‍കുന്നില്ലെങ്കില്‍ 4000 ദിര്‍ഹം ശമ്പളമുള്ളവര്‍ക്കോ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് എമിറേറ്റിസേഷന്‍ അറിയിച്ചു.
ഇതനുസരിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ സ്ത്രീ-പുരുഷ ഭേദമെന്യെ നിശ്ചിത ശമ്പളമുള്ളവര്‍ക്ക് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനേയും 18 വയസ്സില്‍ താഴെയുള്ള മക്കളേയും (അവിവാഹിതരായ പെണ്‍മക്കളേയും) കുടുംബ വിസയില്‍ കൊണ്ടുവരാനാകും. ഭാര്യയും ഭര്‍ത്താവും രാജ്യത്തുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും കൂടി ഈ ശമ്പളമുണ്ടായാല്‍ മതിയാകും.
2019 ലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് നിയമഭേദഗതി. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ നേരത്തെ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.
നേരത്തെ, കുടുംബ വിസ ലഭിക്കാന്‍ വരുമാനം ഒരു നിബന്ധന അല്ലായിരുന്നു. നിശ്ചിത പ്രൊഫഷന്‍ ഉണ്ടായാല്‍ മാത്രം മതിയായിരുന്നു. ഇനി മുതല്‍ വരുമാനം കൂടി കണക്കിലെടുത്താകും ഫാമിലി വിസ ലഭിക്കുക.

 

Latest News