പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ച എസ്.പിക്ക് സ്ഥലംമാറ്റം 

കോഴിക്കോട്- മദ്യപിച്ചു ലക്കുകെട്ട എസ്.പി പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചു.  പുതുതായി ക്രൈംബ്രാഞ്ചില്‍ ചാര്‍ജ് എടുത്ത എസ്.പിയാണ് കഥാനായകന്‍. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്.പിയാണ് കീഴുദ്യോഗസ്ഥരെ വട്ടം കറക്കിയത്. സംഭവത്തെ തുടര്‍ന്ന് നല്ല നടപ്പിനായി ഇയാളെ തിരുവനന്തപുരത്തേക്ക് മാറ്റി. എസ്.പി ചാര്‍ജ് എടുക്കാന്‍ വരുന്നതറിഞ്ഞ് ഉദ്യോഗസ്ഥര്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. 
എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ എസ്.പി നേര ബാറിലേക്കാണ് പോയത്. രണ്ട് ദിവസം ഹോട്ടലില്‍ മുറിയെടുത്ത് നന്നായി മിനുങ്ങിയ ശേഷമാണ് എസ്.പി ചാര്‍ജെടുക്കാനെത്തിയത്. എസ്.പിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് ശാരീരിക അവശതയാണെന്നാണ് കരുതിയത്. എന്നാല്‍ ജീപ്പില്‍ മദ്യക്കുപ്പി കണ്ടതോടെ കാര്യം വ്യക്തമായി. എസ്.പി പിന്നീട് താമസം പോലീസ് ക്ലബ്ബിലേക്ക് മാറ്റി. 
തുടര്‍ന്ന് പോലീസിന്റെ ഉന്നതന്റെ സഹോദരന്‍ മരിച്ചുവെന്നും തനിക്ക് അവിടേക്ക് പോകണമെന്നും എസ്.പി പറഞ്ഞു. ആവശ്യപ്രകാരം ഔദ്യോഗിക വാഹനത്തില്‍ പോകുന്നതിനിടെ എസ്.പി വാഹനത്തില്‍ ഛര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് കൃത്യസ്ഥലത്ത് എത്താനായില്ല. അവിടെ നിന്ന് മടങ്ങുന്നതിനിടെ പോലീസ് വാഹനത്തില്‍ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു. ഇതെല്ലാം കീഴുദ്യോഗസ്ഥര്‍ തന്നെ കഴുകേണ്ടിവന്നു. 
പോലീസ് ക്ലബില്‍ മടങ്ങിയെത്തിയ എസ്.പി ജോലിക്ക് പോകാതെ രണ്ട് ദിവസം മുറിയടച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ ക്ലബിന്റെ മുറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കമ്മീഷണറെ വിവരമറിയിച്ചു. കമ്മീഷണര്‍ ഓഫീസില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ എസ്.പിയെ മദ്യലഹരിയില്‍ കണ്ടു. ഇക്കാര്യം കമ്മീഷണര്‍ പോലീസ് മേധാവികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരം അന്വേഷിച്ചു. തുടര്‍ന്ന് എസ്.പിയെ നല്ല നടപ്പിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് തിരിച്ചയക്കുകയായിരുന്നു എന്നാണ് വാര്‍ത്ത.

Latest News