സാജന്റെ ആത്മഹത്യക്കു പിന്നില്‍ മന്‍സൂറെന്ന് ദേശാഭിമാനി; അപവാദ പ്രചാരണമെന്ന് സാജന്റെ ഭാര്യ

സി.പി.എം നേതാക്കളായ പി.ജയരാജനും ശ്രീമതി ടീച്ചറും സാജന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍. (ഫയല്‍ ചിത്രം)

കണ്ണൂര്‍- തനിക്കും കുടുംബത്തനുമെതിരെ അപവാദ പ്രചാരണം നടത്തി മാനസികമായി തകര്‍ക്കുകയാണെന്ന് ആന്തൂരില്‍ ആത്മഹത്യചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന പറഞ്ഞു. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഓരോ ദിവസവും ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണെന്നും അവര്‍ പറഞ്ഞു.
ഇല്ലാത്ത കാര്യങ്ങളാണ് വാര്‍ത്തയായി വരുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നു. അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. മരിക്കുന്നതിന് തലേദിവസംവരെ തന്നോട് ഒരുകാര്യം മാത്രമാണ് പറഞ്ഞത്. കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് കിട്ടാന്‍ പോകുന്നില്ലെന്ന് മാത്രമായിരുന്നു അത്.
പണം മുഴുവന്‍ അതില്‍ നിക്ഷേപിച്ചു. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നാണ് തന്നോട് പറഞ്ഞത്. മറ്റെന്തെങ്കിലും നിസ്സാര കാര്യത്തിന് അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. എന്ത് പകതീര്‍ക്കലാണ് ഇതെന്ന് മനസിലാകുന്നില്ലെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആന്തൂരില്‍ വ്യവ്യസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത കേസില്‍ സുപ്രധാന വഴിത്തിരിവെന്ന തലക്കെട്ടില്‍ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  മാധ്യമങ്ങള്‍ ഏറ്റുപാടിയപോലെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജന്‍ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വാര്‍ത്ത.
സാജന്റെ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും ഇതിലേക്ക് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മന്‍സൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തുവെന്നും ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരമെന്നും റിപ്പോര്‍ട്ടിലുണ്ട്.  

ഈ ഫോണ്‍കോളുകളും അതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ സാജന്‍ ആത്മഹത്യചെയ്ത ജൂണ്‍ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ല്‍പരം കോളുകള്‍  വന്നത്. 25 കോളുകള്‍ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകള്‍ നീളുന്നവ. സാജന്‍ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോള്‍ വന്നു. ഇതിനുശേഷമാണ് സാജന്‍ ആത്മഹത്യചെയ്തത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News