ചെരിപ്പിനുള്ളില്‍ മയക്കുമരുന്നുമായി ദോഹ യാത്രക്കാരന്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍-  കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു പുറമെ, മയക്കുമരുന്നു കടത്തും. ഗള്‍ഫിലേക്കു പോകാനിരുന്ന കണ്ണൂര്‍ സ്വദേശി അജാസില്‍നിന്ന് 910 ഗ്രാം ഹഷീഷ് പിടികൂടി.
ഗോവ വഴി ഖത്തറിലേക്കു പോകാനാണ് അജാസ് എത്തിയത്. പരിശോധനയില്‍ സി.െഎ.എസ്.എഫ്, ഹഷീഷ് കണ്ടെടുക്കുകയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്കു കൈമാറുകയുമായിരുന്നു. ചെരിപ്പിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. മധ്യകേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കു മരുന്നു ശൃംഖലയിലെ കണ്ണിയാണിയാളെന്നാണ് സൂചന. ഖത്തറിലേക്കുള്ള മൂന്നു മാസത്തെ വിസിറ്റ് വിസ ഇയാളുടെ കൈവശമുണ്ടായിരുന്നു.
കണ്ണൂരില്‍ നിന്നും ഇതുവരെയായി അഞ്ച് തവണയാണ് മയക്കു മരുന്നും ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണിത്.

 

Latest News