Sorry, you need to enable JavaScript to visit this website.

ധോണി -വില്ലനോ വീരനോ? 

ജദേജയും ധോണിയും... ധോണിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ പ്രതീക്ഷകൾ നിലനിർത്തിയത്. ആ ഇന്നിംഗ്‌സ് തന്നെയാണ് പ്രതീക്ഷകൾ തല്ലിക്കെടുത്തിയതും.

ഒരു നെഞ്ചിടിപ്പിന്റെ ദൂരത്തിലാണ് ഇന്ത്യക്ക് ലോകകപ്പ് നഷ്ടപ്പെട്ടത്. നൂറു കോടി സ്വപ്‌നങ്ങൾ തകർന്നത് മഹേന്ദ്ര ധോണിയുടെ ബാറ്റിന്റെ ഒരിഞ്ച് വ്യത്യാസത്തിലായിരുന്നു. സ്‌ക്വയർ ലെഗിൽ നിന്ന് മാർടിൻ ഗപ്റ്റിൽ എറിഞ്ഞ പന്ത് സ്റ്റമ്പ് തകർക്കുമ്പോൾ കുതിച്ചെത്തിയ ധോണിയുടെ ബാറ്റ് വെറും ഇഞ്ചുകൾ അരികിലായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നം അത് നീട്ടിയത് നാലു വർഷം അകലേക്കാണ്. 2015 നു ശേഷം 2019 ലും പ്രതീക്ഷകൾ വാനോളമുയർത്തിയ ശേഷം വെറും കൈയോടെ മടങ്ങാനായി ടീമിന്റെ വിധി. 
2011 ൽ ധോണി ഹെലികോപ്റ്റർ ഷോട്ടിലൂടെ നേടിയ സിക്‌സറായിരുന്നു ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നത്. എട്ടു വർഷമിപ്പുറം ധോണിയുടെ റണ്ണൗട്ട് ഇന്ത്യയുടെ സ്വപ്‌നം തകർത്തു. എത്രയോ ചെയ്‌സുകൾ അവസാന ഓവറിൽ വിജയമാക്കിയ സ്വപ്‌ന നായകനായിരുന്നു ധോണി. മാനസികമായും ശാരീരികമായും തളർന്ന, കാലത്തോട് പൊരുതിത്തോറ്റ പോരാളിയായി ധോണി പവിലിയനിലേക്ക് മടങ്ങി, ഒരുപക്ഷേ നീലക്കുപ്പായത്തിൽ അവസാനമായി. ആ റണ്ണൗട്ടിന്റെ ഗൗരവം അൽപം പോലും ധോണി പ്രകടിപ്പിച്ചില്ല, ഒരു തലകുലുക്കലോ ബാറ്റ് ചുഴറ്റലോ പോലും. അതാണ് ധോണി. ധോണിയുടെ ഉജ്വലമായ കരിയറിന്റെ അവസാന പാദത്തിന്റെ പ്രതീകമായിരുന്നു ആ ഇന്നിംഗ്‌സ്. 
പോരാളിയെപ്പോലെ, നിരവധി പന്തുകളിൽ റൺസെടുക്കാനാവാതെ. ഒരു ബൗണ്ടറി മാത്രമായിരുന്നു ആ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. അവസാന ഘട്ടത്തിൽ ഒരു സിക്‌സറും. ആ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ പ്രതീക്ഷകൾ നിലനിർത്തിയത്. ആ ഇന്നിംഗ്‌സ് തന്നെയാണ് പ്രതീക്ഷകൾ തല്ലിക്കെടുത്തിയതും. എല്ലാം തന്നെ ആശ്രയിച്ച ഘട്ടത്തിൽ ധോണി പരാജയപ്പെട്ടു. 
അഞ്ചിന് 71 ലുള്ളപ്പോഴാണ് ധോണി ക്രീസിലെത്തിയത്. വൈകാതെ അത് ആറിന് 92 ആയി. ധോണിയുടെ സംയമനം ഇല്ലായിരുന്നുവെങ്കിൽ അതോടെ ഇന്ത്യയുടെ കഥ കഴിയുമായിരുന്നു. പക്ഷേ 59 പന്തിൽ 77 റൺസടിച്ച രവീന്ദ്ര ജദേജയുടെ ഇന്നിംഗ്‌സിനെ അപ്രസക്തമാക്കുന്നതായി ധോണിയുടെ മെല്ലെപ്പോക്ക്. ജദേജ ഇല്ലായിരുന്നുവെങ്കിൽ ടീം വിജയം സ്വപ്‌നം കാണില്ലായിരുന്നു. എന്നിട്ടും ജദേജ പുറത്താവുമ്പോൾ വേണ്ട റൺറെയ്റ്റ് 15 നു മുകളിലായിരുന്നു. 116 റൺസ് കൂട്ടുകെട്ടിൽ ധോണിയുടെ സംഭാവന 45 പന്തിൽ 32 റൺസായിരുന്നു. 45 പന്തിൽ ഇരുപതിലും ധോണിക്ക് റൺസെടുക്കാനായില്ല. ധോണിയുടെ ഇന്നിംഗ്‌സ് വിജയം ഏതാണ്ട് അപ്രാപ്യമാക്കി. 
ഇന്ത്യയുടെ ചെയ്‌സ് ധോണിയുടെ ഇന്നിംഗ്‌സിലൊതുക്കുന്നത് ജദേജയോട് കാണിക്കുന്ന അപമര്യാദയാവും. ഇന്ത്യ ജയിച്ചിരുന്നുവെങ്കിൽ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച വ്യക്തിഗത പ്രകടനമാവുമായിരുന്നു ജദേജയുടേത്. ന്യൂസിലാന്റ് ടീമിന് ഒരൊറ്റ സിക്‌സർ മാത്രം സാധ്യമായ പിച്ചിൽ നാല് പടുകൂറ്റൻ സിക്‌സറുകൾ പായിച്ചു ജദേജ. മത്സരത്തിലെ ഏറ്റവും പിശുക്കൻ ഓവറുകളെറിഞ്ഞത് ജദേജയായിരുന്നു. ഒരു പ്രധാന വിക്കറ്റെടുത്തു. ഒരു ഉശിരൻ റണ്ണൗട്ടും രണ്ടു തകർപ്പൻ ക്യാച്ചുകളുമായി ഫീൽഡിൽ നിറഞ്ഞുനിന്നു. ഇതിനേക്കാളധികം എന്താണ് ചെയ്യാനാവുക? അവസാന ലീഗ് മത്സരം വരെ ജദേജ ഇന്ത്യയുടെ പദ്ധതികളിൽ ഇല്ലായിരുന്നു എന്നത് ഈ പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു. ജദേജയെ പോലെ അല്ലറ ചില്ലറ കളിക്കാർ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ വേണ്ടെന്ന മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ച്‌രേക്കറുടെ കമന്റാണ് ജദേജയെ വാർത്തകളിൽ നിർത്തിയത്. അൽപനേരം കൂടി ക്രീസിൽ തുടർന്നിരുന്നുവെങ്കിൽ ലോകകപ്പിന്റെ ചരിത്രത്തിൽ എന്നെന്നേക്കുമായി ജദേജ സ്ഥാനം പിടിക്കുമായിരുന്നു. പക്ഷേ ചരിത്രത്തിന്റെ അടിക്കുറിപ്പുകളിലൊന്നായി അവസാനിക്കാനായി ജദേജയുടെ വിധി.  
 

Latest News