Sorry, you need to enable JavaScript to visit this website.

നോക്കൗട്ടിൽ സംഭവിക്കുന്നത്

ചെയ്‌സുകളുടെ രാജാവാണ് കോഹ്‌ലി. എന്നാൽ മൂന്ന് സുപ്രധാന നോക്കൗട്ട് മത്സരങ്ങളിൽ കോഹ്‌ലി നേടിയത് 5, 1, 1 എന്നിങ്ങനെയാണ്. 

തുടർച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് ഇന്ത്യയുടെ വൻ പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ തകരുന്നത്. 2015 ലെ ലോകകപ്പിൽ അപരാജിതരായാണ് ഇന്ത്യൻ ടീം സെമി ഫൈനലിലെത്തിയത്. സെമിയിൽ ഓസ്‌ട്രേലിയയോട് തോറ്റു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് എത്തിയത്, എന്നിട്ടും സെമി ഫൈനലിൽ ന്യൂസിലാന്റിനോട് കീഴടങ്ങി. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തകർത്തിരുന്നു ഇന്ത്യ. എന്നാൽ ഫൈനലിൽ അതേ ടീമിനോട് വൻ പരാജയം വാങ്ങി. മുൻനിര ബാറ്റ്‌സ്മാന്മാർ മൂന്ന് ടൂർണമെന്റിലും ഗ്രൂപ്പ് ഘട്ടം വാണു. നോക്കൗട്ട് ഘട്ടത്തിൽ പരാജയപ്പെട്ടു. മൂന്ന് ടൂർണമെന്റിലുമായി ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരുടെ ബാറ്റിംഗ് ശരാശരി 73 ആണ്. നോക്കൗട്ടിൽ വെറും 12.1 ഉം.  
2015 ലെ ലോകകപ്പിൽ 328 പിന്തുടർന്ന ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും 15 പന്തിനിടയിൽ ശിഖർ ധവാനെയും രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും നഷ്ടപ്പെട്ടു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ രോഹിതും കോഹ്‌ലിയും മൂന്നാം ഓവറാവുമ്പോഴേക്കും പവിലിയനിൽ തിരിച്ചെത്തി. ധവാൻ അഞ്ചോവറിനു ശേഷം അവരോടൊപ്പം ചേർന്നു. ഇത്തവണ ചെറിയ ലക്ഷ്യമായിരുന്നു. പക്ഷേ നാലാം ഓവറാവുമ്പോഴേക്കും മൂന്നു മുൻനിരക്കാർ മടങ്ങി. ആകെ സംഭാവന മൂന്നു റൺസായിരുന്നു. ചെയ്‌സുകളുടെ രാജാവാണ് കോഹ്‌ലി. എന്നാൽ ഈ സുപ്രധാന മത്സരങ്ങളിൽ കോഹ്‌ലി നേടിയത് 5, 1, 1 എന്നിങ്ങനെയാണ്. 
ഭാഗ്യവും ഇന്ത്യയോടൊപ്പമായിരുന്നില്ല. ടൂർണമെന്റിൽ രോഹിത് അഞ്ച് സെഞ്ചുറി നേടി. അതിൽ നാലിലും ഭാഗ്യം തുണച്ചു. മൂന്ന് ക്യാച്ചുകൾ ഫീൽഡർമാർ കൈവിട്ടു, ഒരു റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെട്ടു. സെമിയിൽ രോഹിത് ആദ്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ തന്നെ പുറത്തായി. അമ്പയർ കോളിലാണ് കോഹ്‌ലി പുറത്തായത്. അമ്പയർ ആദ്യം നോട്ടൗട്ട് വിധിച്ചിരുന്നുവെങ്കിൽ റിവ്യൂയിൽ കോഹ്‌ലിക്ക് രക്ഷപ്പെടാമായിരുന്നു. ട്രെന്റ് ബൗൾടിന്റെ തകർപ്പൻ ക്യാച്ചാണ് ദിനേശ് കാർത്തികിനെ മടക്കിയത്. 
മധ്യനിരയിലെ അനിശ്ചിതത്വമാണ് അന്തിമമായി ടീമിന് ചതിക്കുഴിയൊരുക്കിയത്. അമ്പാട്ടി രായുഡു മുതൽ ദിനേശ് കാർത്തിക് വരെ നിരവധി പേരെ മധ്യനിരയിൽ ഇന്ത്യ പരീക്ഷിച്ചു. ഒടുവിൽ മുൻനിര തകർന്നപ്പോൾ മധ്യനിരക്ക് ഉത്തരവാദിത്തമേറ്റെടുക്കാനായില്ല. ന്യൂസിലാന്റിന്റെ എട്ടിന് 239 പിന്തുടർന്ന ഇന്ത്യയെ മൂന്നു വിക്കറ്റിന് അഞ്ച് റൺസിലേക്കും നാലിന് 24 റൺസിലേക്കും കിവീസ് പെയ്‌സർമാർ എറിഞ്ഞിടുകയായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ രവീന്ദ്ര ജദേജയുടെ ഉശിരൻ ഇന്നിംഗ്‌സ് മത്സരത്തെ ആവേശകരമാക്കിയെങ്കിലും ഇന്ത്യയെ മൂന്ന് പന്ത് ശേഷിക്കേ ഓളൗട്ടാക്കി ന്യൂസിലാന്റ് 18 റൺസിന്റെ വിജയം സ്വന്തമാക്കി. 
ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മുൻനിരയാണ് ഇന്ത്യക്കു വേണ്ടി സ്‌കോർ ചെയ്തത്. 69 ശതമാനത്തോളം റൺസ് വന്നത് അവരുടെ ബാറ്റിൽ നിന്നായിരുന്നു. മധ്യനിരയിൽ നിന്ന് വന്നത് വെറും 30 ശതമാനം മാത്രം. വാലറ്റത്തിൽ നിന്ന് കിട്ടിയത് ഒരു ശതമാനം മാത്രവും.

Latest News