Sorry, you need to enable JavaScript to visit this website.

ചലച്ചിത്ര ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം- പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അറുപത്തഞ്ചോളം സിനിമകള്‍ക്ക് എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഷാജി എന്‍.കരുണ്‍ ഒരുക്കിയ 'ഓള്' ആണ് അവസാന ചിത്രം. ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മരണ സിംഹാസനം എന്ന ചിത്രത്തിന് കാന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏഴു തവണ രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. ദേശാടനം, കരുണം, അടയാളങ്ങള്‍, ബോയോസ്‌കോപ്, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാടു പൂക്കുന്ന നേരം എന്നീ ചിത്രങ്ങളാണ് പുരസ്‌കാരങ്ങള്‍ നേടിയത്.
ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്റെ തുടക്കം. എ.എന്‍.ബാലകൃഷ്ണനായിരുന്നു സിനിമയിലേക്ക് കൊണ്ടുവന്നത്. ഷാജി എന്‍.കരുണ്‍ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. പിന്നീട് ഷാജി എന്‍.കരുണിന്റെ കീഴില്‍ അസോസിയേറ്റ് ഛായാഗ്രാഹകനായി. മാമലകള്‍ക്ക് അപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ഡോ.ബിജു വരെയുള്ള സംവിധായകര്‍ക്കായി രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ചു.
പുനലൂര്‍ തൊളിക്കോട് ശ്രീ നിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്. ഇപ്പോള്‍ തിരുവനന്തപുരം പട്ടം ലക്ഷ്മിനഗറിലാണ് താമസം. ഭാര്യ: ശ്രീലത. മക്കള്‍: യദുകൃഷ്ണന്‍, നീരജ. യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.

 

 

Latest News