കണ്ണൂര്‍- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് വിഭാഗമാണ് രണ്ട് യുവതികളില്‍ നിന്നായി ഇവ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കുന്നമംഗലം സ്വദേശിയില്‍ നിന്ന് 2.8909 കിലോ സ്വര്‍ണവും പിടികൂടിയിരുന്നു.
വരും ദിവസങ്ങളില്‍ സ്വര്‍ണം കള്ളക്കടത്ത് വന്‍തോതില്‍ വര്‍ധിക്കുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡി.ആര്.െഎയുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അബുദാബിയില്‍ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണവുമായി സ്ത്രീകള്‍ യാത്ര ചെയ്തിരുന്നത്. കോഴിക്കോട് സ്വദേശിനികളാണിവര്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഒരാളില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും, മറ്റൊരാളില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
രഹസ്യ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഡി.ആര്.െഎയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. പിടിയിലായ സ്ത്രീകളില്‍ ഒരാള്‍ കഴിഞ്ഞ രാത്രിയും മറ്റൊരാള്‍ ഇന്നലെ രാവിലെയുമാണ് കണ്ണൂരില്‍ വിമാനമിറങ്ങിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ കാരിയര്‍മാരാണ് ഇവരെന്നാണ് സംശയിക്കുന്നത്. ഇവരെ ഡി.ആര്.ഐ സംഘം വിശദമായി ചോദ്യം ചെയ്തു. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 30 തവണകളിലായി 9.43 കോടി രൂപ വിലവരുന്ന 28.8 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്.