Sorry, you need to enable JavaScript to visit this website.

രചനയുടെ പണിപ്പുരയിൽ അജിൻ

ഓണാട്ടുകരയുടെ ഗ്രാമപാതകളിലൂടെ സഹകരണ മേഖലയിലെ കെ.സി.ടി ബസുകൾ ഓടാൻ തുടങ്ങിയിട്ട് കാലമേറെയായി. 
കെ. എസ്. ആർ. ടി. സി കടന്നു വരാത്ത ധാരാളം പ്രദേശങ്ങളിൽ കെ. സി. ടി അര നൂറ്റാണ്ട് മുൻപ് മുതലേ സർവീസ് നടത്തിയിരുന്നു. മിക്കയിടങ്ങളിലും ഇപ്പോഴും തുടരുന്നുമുണ്ട്.
ആയിരംതെങ്ങ്, ഓച്ചിറ, ചൂനാട്, ചെങ്ങന്നൂർ സർവീസ് ഏറെ കീർത്തി കേട്ടതാണ്. ഇന്നും മുടങ്ങാതെ തുടരുന്നുമുണ്ട്. സമയ കൃത്യത പാലിക്കുന്നതിൽ കെ.സി.ടി അന്നും ഇന്നും സ്വകാര്യ ബസുകൾക്ക്  മാതൃകയാണ്.
യാത്രക്കാരോട് മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥർ ഈ സർവീസിന് മുതൽക്കൂട്ടാണ്.
മറ്റ് സ്വകാര്യ ബസുകൾ പരസ്പരം അടികൂടുമ്പോൾ ജീവനക്കാരുടെ കൂടി പങ്കാളിത്തമുള്ള ഈ പ്രൈവറ്റ് ബസ് സർവീസിനെ അവർ മക്കളെ പോലെ നോക്കുകയും വളർത്തി വലുതാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് ലക്ഷുറി ബസുകളും കെ.സി.ടിക്കുണ്ട് എന്നതും വളർച്ചയുടെ ഭാഗമായി കാണാം.
ചൂ ചൂ എക്‌സ്പ്രസ് എന്ന് കളിയാക്കി വിളിക്കുമായിരുന്ന ചൂനാട് - ചൂളത്തെരുവ് റൂട്ടിലെ 'കുഞ്ഞ്' കെ.സി.ടി ബസ് സർവീസ് മറക്കാനാവില്ല.
ആലപ്പുഴ കറ്റാനം കട്ടച്ചിറ വിഷ്ണു ഭവനത്തിൽ  അജിൻ വിഷ്ണു എന്ന യുവാവ് കെ. സി. ടി ബസ് അതും പണ്ട് സർവീസ് നടത്തിയിരുന്ന 2003  മോഡലിന്റെ  അതേ രൂപത്തിലും ഭാവത്തിലുമുള്ള  ചെറു രൂപം നിർമിച്ചത് ശ്രദ്ധേയമാകുന്നു. ഓട്ടോമൊബൈൽ മേഖലയിൽ ജോലി ചെയ്യുന്ന അജിൻ കുട്ടിക്കാലത്ത് ഏറെ യാത്ര ചെയ്ത ബസ് എന്ന നിലയിൽ ആ ബസിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമായിരുന്നു നിർമാണം. ആറു മാസമെടുത്താണ് കെ.സി.ടിയുടെ ഗഘ4ജ 1308 ന്റെ ചെറു രൂപം പുനഃസൃഷ്ടിച്ചത്.
പ്രശസ്തി നേടിയ തെച്ചിക്കോട്ടു രാമചന്ദ്രൻ എന്ന ആനയെ ഉൽസവ ഇടങ്ങളിൽ കൊണ്ടുപോയിരുന്ന ലോറിയുടെ രൂപവും മുൻപ് നിർമിച്ചിട്ടുണ്ട് ഈ കലാകാരൻ. ഓട്ടോമൊബൈൽ ഡിപ്ലൊമയ്ക്ക് ശേഷം ബി.ടെക് കരസ്ഥമാക്കിയിട്ടുള്ള അജിൻ ഇപ്പോൾ ചുവർ ചിത്രകലയും അഭ്യസിക്കുന്നുണ്ട്.

Latest News