അഭിമന്യു സ്മാരകം അനധികൃതം-സര്‍ക്കാര്‍ 

കൊച്ചി-മഹാരാജാസ് കോളേജിനകത്ത് അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊതുസ്ഥലത്തെ ഇത്തരം സ്മാരക നിര്‍മ്മാണം സര്‍ക്കാരിന്റെ പോളിസി ആണോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരിച്ചുപോയവരുടെയെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.എന്നാല്‍ സ്മാരകം നിര്‍മിച്ചത് അനധികൃതമായാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്മാരകം നിര്‍മ്മിച്ചതിന് ശേഷമാണ് കോളേജ് ഗവേണിങ് കൗണ്‍സിലിനെ വിദ്യാര്‍ത്ഥികള്‍ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സര്‍ക്കാര്‍ അറ്റോര്‍ണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എന്നാല്‍ അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, പൊതുസ്ഥലത്തെ ഇത്തരം സ്മാരക നിര്‍മ്മാണം സര്‍ക്കാരിന്റെ പോളിസി ആണോയെന്ന് ചോദിക്കുകയായിരുന്നു.
സര്‍ക്കാര്‍ ക്യാമ്പസില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകരായ കെ.എം അജിത്ത്, കാര്‍മല്‍ ജോസ് എന്നിവരായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചച്ചത്.
സ്തൂപത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍, ഗവേണിങ് കൗണ്‍സില്‍, പൊലീസ് മേധാവി എന്നിവര്‍ ഓഗസ്റ്റ് ഒമ്പതിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. കേസ് ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.

Latest News