Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഹാജിമാരുടെ മക്ക പ്രയാണം ഇന്നു മുതൽ

ജിദ്ദ- മദീനയിൽനിന്ന് ഇന്ത്യൻ ഹാജിമാരുടെ മക്ക പ്രയാണം ഇന്നു മുതൽ ആരംഭിക്കും. ആദ്യ ദിനമായ ജുലൈ നാലിന് മദീനയിലെത്തിയ 2521 തീർഥാടകരാണ് മദീനയിലെ എട്ടു ദിവസത്തെ താമസത്തിനു ശേഷം ഇന്ന് മക്കയിലേക്ക് തിരിക്കുന്നത്. മക്കയിലെത്തുന്ന ഹാജിമാർ ഹജിനു ശേഷം ജിദ്ദ വഴിയായിരിക്കും നാട്ടിലേക്കു മടങ്ങുക. ദൽഹി, ഗുവാഹതി, ഗയ, ശ്രീനഗർ എന്നിവിടങ്ങളിൽനിന്നുമെത്തിയ തീർഥാടകരാണ് ഇന്ന് മക്കയിലേക്ക് തിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ദൽഹിയിൽ നിന്നുള്ളവരാണ് -1767 ഹാജിമാർ. കുറവ് ഗുവാഹതിയിൽനിന്നുള്ള 150 പേരും. മദീനയിൽനിന്ന് ബസ് മാർഗമാണ് ഹാജിമാരുടെ മക്ക യാത്ര. ഇതിനായി ആധുനിക സൗകര്യങ്ങളുള്ള പുതിയ മോഡൽ ബസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽനിന്ന് ഹജ് കമ്മിറ്റി വഴിയെത്തുന്ന 1,40,000 തീർഥാടകരിൽ 63,000 തീർഥാടകർ മദീനയിലാണെത്തുന്നത്. ഇവരുടെ മദീനയിലേക്കുള്ള വരവ് ഈ മാസം 21 വരെ തുടരും. ഇതിൽ കേരളത്തിൽനിന്നുള്ള 13,472 ഹാജിമാരും ഉൾപ്പെടും. കരിപ്പൂരിൽനിന്ന് ഏഴാം തീയതി മുതലാണ് ഹാജിമാർ എത്താൻ തുടങ്ങിയത്. ഇവർ 15 മുതൽ മക്കയിലേക്ക് മടങ്ങാൻ തുടങ്ങും. നെടുമ്പാശ്ശേരിയിൽനിന്നുള്ള ആദ്യ സംഘം 14 ന് മദീനയിലെത്തും. 14 മുതൽ 17 വരെയാണ് കൊച്ചി സർവീസ്. കരിപ്പൂരിൽനിന്നുള്ള ഹാജിമാരുടെ വരവ് 20 വരെയുണ്ടാകും. 
സ്വകാര്യ ഗ്രൂപ്പുകൾ വഴി ഇന്ത്യയിൽനിന്നും ഈ വർഷം 60,000 തീർഥാടകരാണ് എത്തുന്നത്. ഇതിൽ കേരളത്തിൽനിന്നുള്ള തീർഥാടകരുടെ വരവ് തുടരുകയാണ്. ഇവരിൽ അധികപേരും മക്കയിലേക്കാണ് വരുന്നത്. ഹജ് തുടങ്ങുന്നതിന് പത്തു ദിവസം മുമ്പായിരിക്കും ഇവരുടെ മദീന യാത്ര. ഇന്ത്യയിൽനിന്ന് ഹജ് കമ്മിറ്റി വഴി ഇതുവരെ മദീനയിലെത്തിയ ഹാജിമാരുടെ എണ്ണം 23,000 കടന്നു. സ്വകാര്യ ഗ്രൂപ്പുകൾ വഴി 5,000 ഓളം പേരും പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. 
ഹാജിമാരിൽ ഭൂരിപക്ഷം പേരും അസീസിയ കാറ്റഗറിയിലാണ് താമസിക്കുക. ഹജ് കമ്മിറ്റി വഴിയുള്ള ഹാജിമാരിൽ 1,21,990 തീർഥാടകരും അസീസിയയിൽ താമസിക്കുന്നതിനാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഹറമിൽനിന്ന് 1000 മീറ്റർ പരിധിക്കകത്തായി വരുന്ന എൻ.സി. എൻ.ടി കാറ്റഗറിയിൽ ഇത്തവണ 15,772 ഹാജിമാരാണുള്ളത്. ഇവിടെ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്യാനാവില്ല. ഭക്ഷണത്തിന് പൂർണമായും ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരും. ഹറമിലേക്ക് പോകുന്നതിന് വാഹന സൗകര്യവും ഉണ്ടാവില്ല. 
അതേസമയം അസീസിയയിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനും ഹറമിലേക്ക് പോകുന്നതിന് 24 മണിക്കൂറും ബസ് സൗകര്യവും ഉണ്ടാകും. ഹൈദരാബാദ്, ടോങ്ക്, ഭോപാൽ, ആർകോട്ട്, ബൊഹറ റൂബാത്തുകളിലായി 2319 തീർഥാടകർക്കും താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
 

Tags

Latest News