ദളിതനെ വിവാഹം ചെയ്തതിന് ഭീഷണിപ്പെടുത്തുന്നു; ബി.ജെ.പി എം.എല്‍.എക്കെതിരെ മകള്‍-video

ലഖ്‌നൗ- ദളിത് യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന്  ബി.ജെ.പി. എം.എല്‍.എ.യായ പിതാവ് ഭീഷണിപ്പെടുത്തുന്നതായി മകളുടെ പരാതി.  കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ബറേലി മണ്ഡലത്തെയാണ് രാജേഷ് മിശ്രയെന്ന പപ്പു പ്രതിനിധീകരിക്കുന്നത്.

ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാറും സാക്ഷിയും  കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും യുവതി ആരോപിക്കുന്നു. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും അതിന് പിന്നിലെന്ന് സാക്ഷി മിശ്ര വിഡിയോയില്‍ പറയുന്നു.

തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും മറ്റു ബി.ജെ.പി. എം.എല്‍.എമാരോ എം.പിമാരോ തന്റെ പിതാവിനെ ഒരിക്കലും സഹായിക്കരുതെന്നും യുവതി ആവശ്യപ്പെടുന്നു.

യുവതിയുടെ വിഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ. പാണ്ഡെ അറിയിച്ചു.

 

Latest News