Sorry, you need to enable JavaScript to visit this website.

വേലക്കാരികള്‍ സ്‌പോണ്‍സര്‍മാരെ കാത്തിരിക്കേണ്ട, എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങാം

റിയാദ് - റീ-എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോയി തിരിച്ചുവരുന്ന വേലക്കാരികളെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം എടുത്തുകളഞ്ഞു. ഇവർക്ക് എയർപോർട്ടുകളിലെ ആഗമന ടെർമിനലുകളിൽ നിന്ന് നേരെ പുറത്തിറങ്ങുന്നതിന് സാധിക്കും. സ്‌പോൺസർമാർ വരുന്നതു വരെ എയർപോർട്ടുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഇവർ കാത്തിരിക്കേണ്ടതില്ല. വേലക്കാരികളെ സ്വീകരിക്കുന്നതിന് എയർപോർട്ടിലെ വിശ്രമ കേന്ദ്രത്തെ സ്‌പോൺസർമാർ സമീപിക്കേണ്ട ആവശ്യവുമില്ല. വേലക്കാരികളെ വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പൂർണ ചുമതല സ്‌പോൺസർമാർക്ക് ആയിരിക്കും. ഈ മാസം പതിനഞ്ചു മുതൽ പുതിയ സംവിധാനം നിലവിൽവരും. തുടക്കത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ മാത്രമാണ് പുതിയ സംവിധാനം നടപ്പാക്കുക. 
ഇതുവരെ റീ-എൻട്രി വിസയിൽ തിരിച്ചുവരുന്ന വേലക്കാരികളെ എയർപോർട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. സ്‌പോൺസർമാർ നേരിട്ടെത്തി ഇവിടങ്ങളിൽ നിന്ന് വേലക്കാരികളെ സ്വീകരിക്കുയാണ് വേണ്ടിയിരുന്നത്. പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളെ എയർപോർട്ടിൽ നിന്ന് സ്വീകരിക്കുന്ന ചുമതല ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകിയിട്ടുണ്ട്. എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കുന്ന വേലക്കാരികളെ റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും തങ്ങൾക്കു കീഴിലുള്ള താൽക്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറ്റി പിന്നീട് സ്‌പോൺസർമാർക്ക് കൈമാറുകയാണ് വേണ്ടത്. ഇതുവരെ എയർപോർട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളെ നേരിട്ട് സമീപിച്ച് സ്‌പോൺസർമാർ തന്നെ വേലക്കാരികളെ സ്വീകരിക്കേണ്ടിയിരുന്നു. ഈ രംഗത്തുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് വേലക്കാരികളെ സ്വീകരിച്ച് സ്‌പോൺസർമാർക്ക് കൈമാറുന്ന ചുമതല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ ഏൽപിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ റിയാദ് എയർപോർട്ടിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങളിലേക്കും പദ്ധതി പിന്നീട് വ്യാപിപ്പിക്കും. 
ഏകീകൃത റിക്രൂട്ട്‌മെന്റ് കരാർ അനുസരിച്ച് ഉപയോക്താക്കളുമായി കരാർ ഒപ്പുവെച്ച് 90 ദിവസത്തിനകം വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചുനൽകാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് കരാർ തുകയുടെ 30 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തുന്നതിന് തീരുമാനമുണ്ട്. ഇതിൽ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പിഴ ചുമത്താനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ നിരക്ക് ഉയർത്തുന്നതിന് തുടങ്ങിയിട്ടുണ്ട്. 
പഴയ കരാറിലുണ്ടായിരുന്ന ചില പോരായ്മകൾ പരിഹരിച്ചും ഉപയോക്താക്കളുടെയും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെയും അവകാശങ്ങൾ ഉറപ്പു വരുത്തിയുമാണ് റിക്രൂട്ട്‌മെന്റ് കരാർ പരിഷ്‌കരിച്ചിരിക്കുന്നത്. ഉയർന്ന പിഴ ബാധകമല്ലാത്തതിനാൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കുന്ന വിദേശങ്ങളിലെ റിക്രൂട്ട്‌മെന്റ് ഏജൻസികളും സ്ഥാപനങ്ങളും സമയപരിധി പാലിക്കുന്നില്ല. അതുകൊണ്ടു തന്നെ സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് ഏകീകൃത കരാർ അനുശാസിക്കുന്ന സമയപരിധി പാലിക്കുന്നതിന് കഴിയില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. 

Latest News