അബുദാബി- അബുദാബിയിലെ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന സുഹൃത്തിനെ ഹൈദരാബാദിലെ ഹോട്ടല്‍മുറിയില്‍ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. വിവാഹത്തിനൊരുങ്ങി നാട്ടിലേക്ക് വന്ന ശ്രീകാന്ത് റെഡ്ഡി(29)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നരേഷ്(26) ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൃത്യത്തിന് ശേഷം കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) മുന്‍ വിദ്യാര്‍ഥിയും ഹൈദരാബാദ് സ്വദേശിയുമാണ് ശ്രീകാന്ത് റെഡ്ഡി.
അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്തും നരേഷും വളരെ അടുപ്പത്തിലായിരുന്നു. വിശാഖപട്ടണത്തെ പെണ്‍കുട്ടിയുമായുള്ള ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞ മാസം 20ന് നിശ്ചയിച്ചിരുന്നു. ഇതില്‍ അരിശം പൂണ്ട പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും ശ്രീകാന്തിനെ തന്ത്രപൂര്‍വം ഹോട്ടല്‍ കൃഷ് ഇന്നിലെ മുറിയിലെത്തിച്ച് കൊലപ്പെടുത്തുകയും സ്വയം കഴുത്തു മുറിച്ച് ജീവനൊടുക്കാന്‍ മുതിരുകയുമായിരുന്നുവെന്ന് ഹൈദരബാദ് പോലീസ് പറഞ്ഞു. പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്.