Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി വിട വാങ്ങിയത്  സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകും മുമ്പ് 

ജിദ്ദ- യു.എ.ഇയിലും നാട്ടിലുമായി ധാരാളം ബിസിനസ് സംരംഭങ്ങള്‍ നടത്തി വന്നിരുന്ന കണ്ണൂര്‍ കടവത്തൂര്‍ സ്വദേശി പി.എ റഹ്മാന്റെ വിയോഗം പ്രവാസി സമൂഹത്തിന് ആഘാതമായി. പാര്‍കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡിയും ചെയര്‍മാനുമായ പി.എ റഹ്മാന്‍ തന്റെ സ്വപ്ന പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് വിട വാങ്ങിയത്. കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിര്‍മാണം പൂരോഗമിച്ചു വരുന്ന പാര്‍കോ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണമാണ് അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നത്. പാവപ്പെട്ടവര്‍ക്ക് കൂടി ഇത്തരം ആശുപത്രികള്‍ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വടകരയില്‍ ആശുപത്രി സംരംഭത്തിന് തുടക്കമിട്ടതെന്ന് റഹ്മാന്റെ നാട്ടുകാരനും മിത്രവുമായ ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ പയേത്ത് പറഞ്ഞു. വടകര നഗരത്തിന്റെ വടക്കേ അതിര്‍ത്തിയായ പെരുവാട്ടിന്‍താഴയിലാണ് ആശുപത്രിക്കായി ബഹുനില കെട്ടിടം പണിതത്. ബൈപാസ് റോഡിനും ഓള്‍ഡ് ഹൈവേക്കുമിടയിലെ ആശുപത്രി സമുച്ചയം വടക്കന്‍ ജില്ലകളിലെ തലയെടുപ്പുള്ള സ്വകാര്യ ചികിത്സാ കേന്ദ്രമാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് ഷംസു പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും കോഴിക്കോടിന്റെ വടക്കന്‍ പ്രദേശങ്ങളായ നാദാപുരം, പെരിങ്ങത്തൂര്‍, മാഹി മുതലുള്ള സ്ഥലങ്ങളില്‍ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമെത്തിക്കാന്‍ ധാരാളം സമയം വേണ്ടിവരുന്നു. തിരക്കേറിയ ഹൈവേയിലൂടെ മണിക്കൂറുകള്‍ താണ്ടി കോഴിക്കോട്ടെത്തുമ്പോഴേക്ക് ജീവന്‍ നഷ്ടമാവുന്നതും അപൂര്‍വമല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് വടകരയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന ആശയമുടലെടുത്തത്. 
2009 ലാണ് ഇതിന് തറക്കല്ലിട്ടത്. 12.12.2012 ന് ഇത് ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് അന്ന് റഹ്മാന്‍ പറഞ്ഞിരുന്നത്. വടകര നഗരസഭയിലും ചോറോട് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന് നിര്‍മാണ അനുമതി ലഭിക്കാനും കാലതാമസമുണ്ടായി. 
നിര്‍മാണം പൂര്‍ത്തിയായി മറ്റു ക്രമീകരണങ്ങളേര്‍പ്പെടുത്തി വരുന്നതിനിടെയാണ് റഹ്മാന്‍ ഇഹലോക വാസം വെടിഞ്ഞത്. താന്‍ നേരിട്ട ജീവിത പ്രയാസങ്ങളാണ് റഹ്മാന് ഇത്രയും ബൃഹത്തായ ചികിത്സാ സംരംഭം ആരംഭിക്കാന്‍ പ്രചോദനായതെന്നാണ് സുഹൃത്തുക്കള്‍ കരുതുന്നത്. 
1970 നവംബര്‍ മാസത്തില്‍ 118 പേരടങ്ങുന്ന ലോഞ്ചില്‍ ജീവിതം പച്ചപിടിപ്പിക്കണം എന്ന മോഹവുമായാണ് കടവത്തൂരുകാരന്‍ പുതിയ പുരയില്‍ അബ്ദുറഹിമാന്‍ പ്രവാസത്തിലേക്ക് യാത്ര തിരിച്ചത്. ദുബായിലേക്ക് പുറപ്പെട്ട ലോഞ്ചില്‍ ഇരുപത്തൊന്നു ദിവസത്തോളം ദുരിത യാത്രയായിരുന്നു. അതിശക്തമായ കാറ്റില്‍ എന്‍ജിന്‍ കേടു വന്നതോടെ ലോഞ്ച് പായക്കപ്പലാക്കി മാറ്റി. ആഴ്ചയിലൊരിക്കല്‍ മാത്രം കിട്ടിയിരുന്ന ഇത്തിരി സുലൈമാനി മാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. ഒടുവില്‍ കരക്കണഞ്ഞത് ഒമാന്‍ തീരത്ത്. പാസ്‌പോര്‍ട്ടും രേഖകളുമില്ലാതെ ഒമാന്‍ പോലീസിന്റെ പിടിയിലായ യാത്രക്കാരെ കരയില്‍ കാത്തിരുന്നത് അതിലും വലിയ ദുരിതം. കൂട്ടത്തിലല്‍പം പഠിപ്പുണ്ടായിരുന്ന യുവാവിന്റെ അഭ്യര്‍ത്ഥന ഒമാന്‍ പോലീസ് ചെവിക്കൊണ്ടു. പോലീസ് മുഴുവന്‍ യാത്രക്കാരെയും കല്‍ബ അതിര്‍ത്തിയില്‍ കൊണ്ടു 
വിട്ടു. ദുരിതത്തിന്റെ കറുത്ത ഓര്‍മകള്‍ മനസ്സിലുള്ളപ്പോഴും സ്വപ്ന ഭൂമിയിലെത്തിയതിന്റെ സന്തോഷം ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു.
പുതിയ പുരയില്‍ അബ്ദുറഹിമാനെ പി എ റഹ്മാന്‍ എന്ന മികച്ച വ്യവസായിയാക്കി പരിവര്‍ത്തിപ്പിച്ചത് ദുബായ് എന്ന സ്വപ്ന ഭൂമിയാണ്.  ബര്‍ദുബായിലെ പ്ലസന്റ് റെസ്‌റ്റോറന്റില്‍ ബാര്‍വാല ആയിട്ടായിരുന്നു പി എ റഹ്മാന്റെ തുടക്കം. ഒരുപാട് സൗഹൃദ വഴികള്‍ തുറക്കാന്‍ ഇത് കാരണമായി.  ഓരോ സൗഹൃദങ്ങളും അവസരങ്ങളാക്കി മാറ്റി പി എ റഹ്മാന്‍ തന്റെ ബിസിനസ് സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടേ ഇരുന്നു.  പിന്നീടിങ്ങോട്ട് കഠിനാധ്വാനം മുഖമുദ്രയാക്കി മുന്നേറിയതോടെ നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ ദാതാവായി റഹ്മാന്‍ മാറി. 
വളര്‍ച്ചയിലൊരിക്കല്‍ പോലും അഹങ്കരിച്ചില്ല. സാധാരണക്കാരനെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു. അങ്ങനെ ജനകീയനായ പണക്കാരനായി റഹ്മാന്‍ മാറി. 
നാട്ടിലെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് റഹ്മാന്‍ വിട പറഞ്ഞത്. 


ചിത്രം 

പി.എ. റഹ്മാന്‍ 

പി.എ. റഹ്മാന്‍ സംരംഭകന്‍ അബ്ദുല്‍ ലത്തീഫ് കെ.എസ്.എ, സാമൂഹിക പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ പയേത്ത് എന്നിവര്‍ക്കൊപ്പം 


 

Latest News