Sorry, you need to enable JavaScript to visit this website.

ഗഫൂറിന്റെ മയ്യിത്ത് ഖബറടക്കി; ജിദ്ദ അരീകുളം കൂട്ടായ്മക്ക് തീരാനഷ്ടം

ജിദ്ദ- രണ്ട് ദിവസം മുമ്പ് റോഡപകടത്തില്‍ മരിച്ച വേങ്ങര അരീകുളം സ്വദേശി ചെര്‍ച്ചീല്‍ അബ്ദുല്‍ ഗഫൂറിന്റെ (41) മയ്യിത്ത് നാട്ടുകാരുടെയും സഹ പ്രവര്‍ത്തകരുടെയും വലിയ സുഹൃദ് വലയത്തിന്റെയും സാന്നിധ്യത്തില്‍  ജിദ്ദ റുവൈസിലെ മഖ്ബറയില്‍ മറവുചെയ്തു.
സൗദിയില്‍ എത്തിയതു മുതല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി അദാം ഇന്റര്‍ നാഷണല്‍ ട്രേഡിംഗ്  കമ്പനിക്കു കീഴിലുള്ള സവാരി ഗ്രൂപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. ഗഫൂര്‍ സഞ്ചരി കാര്‍ ജിദ്ദ അമീര്‍ സുല്‍ത്താന്‍ റോഡില്‍ ജോലി സ്ഥലത്തിനടുത്ത് അമിത വേഗതയില്‍ വരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് മരണം . അപകട ശേഷം മൃതദേഹം മഹ്ജറിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു ഗഫൂര്‍. 2008 ന്റെ തുടക്കത്തില്‍ ജിദ്ദയില്‍ വേങ്ങര അരീകുളം മഹല്ല്കാരുടെ കൂട്ടായ്മ ഉണ്ടാക്കിയതിന് നേതൃത്വം നല്‍കിയത് മുതല്‍ ഇതുവരെ കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ ഗഫൂറുണ്ടായിരുന്നു.

മയ്യിത്ത് സംസ്‌കരണത്തിനും കോണ്‍സുലേറ്റ് നടപടി ക്രമങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകരായ ഹബീബ് കല്ലന്‍, മുഹമ്മദ് കുട്ടി, എ കെ ബാവ, യൂസുഫ് ഹാജി, ജലീല്‍ അറാസാത്ത്, സൗദി പൗരന്‍ ബന്ദര്‍ അല്‍ ഉതൈബി എന്നിവരെ കൂടാതെ അരീകുളം കൂട്ടായ്മ ഭാരവാഹികളായ ക്യാപ്റ്റന്‍ അബ്ദുലത്തീഫ്, എ കെ സിദ്ദിഖ്, നൗഷാദ് അലി, സി ടി ആബിദ്, വേങ്ങര നാസര്‍, നൗഷാദ് പൂചെങ്ങല്‍, ഇഖ്ബാല്‍ പുല്ലമ്പലവന്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പിതാവ് മുഹമ്മദ്, മാതാവ് ഉമൈവ. ഭാര്യ നസീമ ചീരങ്ങന്‍. രണ്ട് മക്കള്‍ മുഹമ്മദ് ശഹീദ്, മുഹമ്മദ് ഫിദാന്‍ എന്നിവര്‍ യഥാക്രമം പ്ലസ് വണ്ണിനും നാലാം തരത്തിലും പഠിക്കുന്നു. ജിദ്ദയില്‍ ജോലി ചെയ്യുന്ന അനുജന്‍ അന്‍വര്‍ സാദത്ത് അവധിക്കു നാട്ടിലാണ്.
പരേതന് വേണ്ടി നാട്ടിലും ദുബായിയിലും  മയ്യത്ത് നമസ്‌കാരങ്ങള്‍ നടന്നു. നാട്ടില്‍ ജിദ്ദയിലെ പ്രവാസി കൂട്ടായ്മ പ്രത്യേകം അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു.

 

 

Latest News