മക്ക - സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ഹജ് സർവീസ് കമ്പനികളിലെയും സ്ഥാപനങ്ങളിലെയും സൗജന്യ ഹജ് സീറ്റുകൾ ഹജ്, ഉംറ മന്ത്രാലയം നിർണയിച്ചു. ഈ വർഷം ആദ്യമായാണ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സൗജന്യ ഹജ് പ്രോഗ്രാം മന്ത്രാലയം നടപ്പാക്കുന്നത്. അഞ്ഞൂറും അതിൽ കുറവും സീറ്റുകളുള്ള ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും ചുരുങ്ങിയത് രണ്ടു സീറ്റുകളാണ് സൗജന്യ ഹജ് പദ്ധതിക്കു വേണ്ടി നീക്കിവെക്കേണ്ടത്. 501 മുതൽ 1500 വരെ സീറ്റുകളുള്ള ഹജ് സർവീസ് കമ്പനികൾ നാലു സീറ്റുകളും 1501 മുതൽ 2500 വരെ സീറ്റുകളുള്ള സർവീസ് കമ്പനികൾ ആറു സീറ്റുകളും 2501 മുതൽ 3500 വരെ സീറ്റുകളുള്ള സ്ഥാപനങ്ങൾ എട്ടു സീറ്റുകളും പദ്ധതിക്കു വേണ്ടി നീക്കിവെക്കണം.
സൗജന്യ ഹജ് പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു സൗജന്യ സീറ്റിന് അര പോയന്റ് വീതം മൂല്യനിർണയത്തിൽ വെയ്‌റ്റേജ് നൽകും. മന്ത്രാലയം നിർണയിച്ചതിൽ കൂടുതൽ സീറ്റുകൾ സൗജന്യ ഹജ് പദ്ധതിക്കു വേണ്ടി നീക്കിവെക്കുന്ന സർവീസ് കമ്പനികൾക്ക് അധികമായി നീക്കിവെക്കുന്ന ഓരോ ഈരണ്ടു സീറ്റുകൾക്കും പത്തു പോയന്റുകൾ വീതം മൂല്യനിർണയത്തിൽ അധിക വെയ്‌റ്റേജ് നൽകും. അൽദിയാഫ വിഭാഗത്തിലാണ് സൗജന്യ സീറ്റുകൾ നീക്കിവെക്കേണ്ടത്. പദ്ധതിക്കു വേണ്ടി അധിക സീറ്റുകൾ നീക്കിവെക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇക്കോണമി-1, ഇക്കോണമി-2 വിഭാഗങ്ങളിലും സീറ്റുകൾ നീക്കിവെക്കാവുന്നതാണ്. എന്നാൽ ഇത്തരം സീറ്റുകളുടെ എണ്ണം നാലിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
ഇ-ട്രാക്ക് വഴി സൗദികൾക്കും വിദേശികൾക്കും അനുവദിക്കുന്ന സീറ്റുകളിൽ നിന്ന് സൗജന്യ സീറ്റുകളിൽ നിന്നല്ല, മറിച്ച്, ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേകം നീക്കിവെക്കുന്ന ആറു ശതമാനം ക്വാട്ടയിൽ നിന്നാണ് സൗജന്യ സീറ്റുകൾ അനുവദിക്കേണ്ടത്. ലൈസൻസ് പ്രകാരം അനുവദിച്ച ക്വാട്ടയുടെ ആറു ശതമാനം സീറ്റുകളിലേക്ക് സ്വന്തം നിലക്ക് ഹജ് തീർഥാടരെ തെരഞ്ഞെടുക്കുന്നതിന് ഓരോ സർവീസ് കമ്പനിക്കും അനുമതിയുണ്ട്. ഈ ക്വാട്ടയിൽ നിന്നാണ് സൗജന്യ ഹജ് സീറ്റുകൾ നീക്കിവെക്കേണ്ടത്.
സൗജന്യ ഹജ് സീറ്റുകളിൽ പകുതി പുരുഷന്മാർക്കും പകുതി വനിതകൾക്കും വേണ്ടി സർവീസ് കമ്പനികൾ നീക്കിവെക്കണം. തുടർച്ചയായി അഞ്ചു വർഷം സൗജന്യ ഹജ് പദ്ധതി നടപ്പാക്കുന്ന സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഹജ്, ഉംറ മന്ത്രി നേരിട്ട് പ്രശംസാപത്രം സമ്മാനിക്കും.