സ്വര്‍ണം കൊണ്ടുപോകാനുള്ള പരിധി ഉയര്‍ത്താതെ ഗള്‍ഫില്‍ വില്‍പന കൂടില്ല

കസ്റ്റംസ് നികുതി ഉയര്‍ത്തിയത് കള്ളക്കടത്തുകാര്‍ക്ക് സഹായമെന്നും പ്രവാസികള്‍
ദുബായ്- സ്വര്‍ണത്തിനും മറ്റ് അമൂല്യ ലോഹങ്ങള്‍ക്കും കസ്റ്റംസ് നികുതി കൂട്ടിയ കേന്ദ്ര ബജറ്റ് നിര്‍ദേശം ജി.സി.സിയിലെ സ്വര്‍ണാഭരണ വിപണിക്ക് ഉണര്‍വാകുമെന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് ഉപഭോക്താക്കള്‍. പത്തില്‍നിന്ന് പന്ത്രണ്ടര ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്. ഇതോടെ നാട്ടില്‍ സ്വര്‍ണവില ഉയരുമെന്നും ഇത് അവധിക്കാല യാത്രക്കാരായ പ്രവാസികള്‍ ഗള്‍ഫില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ ഇടയാക്കുമെന്നുമായിരുന്നു സ്വര്‍ണാഭരണ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.
എന്നാല്‍ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് സ്വര്‍ണം കൊണ്ടുപോകാന്‍ പരിധിയുണ്ട് എന്നതിനാല്‍ ഈ പ്രതീക്ഷയില്‍ അര്‍ഥമില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് വളരെ കുറഞ്ഞ തോതില്‍ മാത്രമേ സ്വര്‍ണം കൊണ്ടുപോകാനാകൂ എന്നും അതിനാല്‍ ബജറ്റ് നിര്‍ദേശം പ്രയോജനപ്പെടുന്നത് കള്ളക്കടത്തുകാര്‍ക്ക് മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കസ്റ്റംസ് നിയമമനുസരിച്ച് ഒരു വര്‍ഷത്തിലധികമായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരുമ്പോള്‍ കൊണ്ടുവരാവുന്ന സ്വര്‍ണം പുരുഷനാണെങ്കില്‍ 50000 രൂപക്കുള്ളതും സ്ത്രീകളാണെങ്കില്‍ ഒരു ലക്ഷം രൂപക്കുള്ളതുമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഇപ്പോഴത്തെ വിപണി വിലയില്‍ പുരുഷ യാത്രക്കാര്‍ക്ക് പരമാവധി രണ്ടു പവനും സ്ത്രീകള്‍ക്ക് നാലു പവനും വരെ കൊണ്ടുപോകാന്‍ സാധിക്കും. ഈ വ്യവസ്ഥക്ക് മാറ്റമില്ലാത്തതിനാല്‍, ഗള്‍ഫില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുമെന്ന വാദം നിരര്‍ഥകമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
സ്വര്‍ണം കൊണ്ടുപോകാനുള്ള പരിധി ഉയര്‍ത്തണമെന്ന ആവശ്യം ദീര്‍ഘകാലമായുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരുകള്‍ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മാത്രമല്ല, സാധാരണ ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകാന്‍ വരെ കസ്റ്റംസ് ഓഫീസര്‍മാരുടെ ശകാരം സഹിക്കേണ്ടി വരുന്നുവെന്ന പരാതിയും ഉണ്ട്.
ഡ്യൂട്ടിയില്ലാതെ കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്റെ പരിധി ഉയര്‍ത്തണമെന്ന് 30 വര്‍ഷമായി ആവശ്യപ്പെടുകയാണെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി. ശംസുദ്ദീന്‍ പറഞ്ഞു. 1967 ല്‍ കസ്റ്റംസ് ചടങ്ങള്‍ രൂപീകരിച്ചപ്പോള്‍ പുരുഷന്മാര്‍ക്ക് 10000 രൂപക്കും സ്ത്രീകള്‍ക്ക് 20000 രൂപക്കുമുള്ള സ്വര്‍ണമാണ് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നത്. അന്നത്തെ കാലത്ത് 10000 രൂപക്ക് അര കിലോഗ്രാം സ്വര്‍ണം കിട്ടുമായിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് തുലോ െതുച്ഛമാണ് ഈ പരിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു നല്ല നെക്‌ലേസ് കൊണ്ടുപോകണമെങ്കില്‍ തന്നെ ഇന്നത്തെ ചട്ടമനുസരിച്ച് ഡ്യൂട്ടി നല്‍കേണ്ടി വരും. സ്ത്രീകള്‍ക്ക് 100 ഗ്രാം വരെയും പുരുഷന്മാര്‍ക്ക് 50 ഗ്രാം വരെയും സ്വര്‍ണം കൊണ്ടുപോകാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം.
കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍പോയപ്പോള്‍ കുറച്ച് ആഭരണം കൈയില്‍ കരുതിയതിന്റെ പേരില്‍ വിമാനത്താവളത്തില്‍ തനിക്ക് ഏറെ മാനഹാനിയുണ്ടായതായി ബംഗളൂരു സ്വദേശിനിയായ സുശീല രാമന്‍ പറഞ്ഞു. ദുബായില്‍നിന്ന് വാങ്ങിയ ഒരു നെക്‌ലേസും അതിന് ഇണങ്ങുന്ന കമ്മലുകളുമാണ് കൊണ്ടുപോയത്. നിരവധി ചോദ്യങ്ങളാണ് ഇതിന്റെ പേരില്‍ കസ്റ്റംസില്‍നിന്ന് നേരിടേണ്ടി വന്നത്. ഡ്യൂട്ടി അടക്കാനും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സ്വര്‍ണം അവിടെ ഒരു ലോക്കറില്‍ വെക്കണമെന്നും മടങ്ങിപ്പോകുമ്പോള്‍ കൊണ്ടുപോകണമെന്നും പറഞ്ഞു.
മറ്റു പലരും സമാന അനുഭവങ്ങള്‍ പങ്കുവെച്ചു.
സ്വര്‍ണവില വളരെ കുറഞ്ഞിരുന്ന സമയത്താണ് ഈ പരിധി വെച്ചിരുന്നതെന്നും അത് മാറ്റാനുള്ള സമയം അതിക്രമിച്ചുവെന്നും സിരോയ ജ്വല്ലേഴ്‌സ് ഉടമ ചന്തു സിരോയ പ്രതികരിച്ചു. എന്നാല്‍ നാട്ടില്‍ സ്വര്‍ണ വില കൂടുന്നതിനാല്‍ ദുബായില്‍ വില്‍പന കൂടുമെന്ന് തന്നെയാണ് മീന ജ്വല്ലേഴ്‌സ് ഉടമ വിനയ് ജെ. ജത്‌വാനിയുടെ അഭിപ്രായം. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സ്വര്‍ണ കള്ളക്കടത്ത് കൂടാന്‍ കസ്റ്റംസ് തീരുവയിലെ വര്‍ധന ഇടയാക്കുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

 

 

Latest News