Sorry, you need to enable JavaScript to visit this website.

കേന്ദ്ര ബജറ്റിന്  നിക്ഷേപകരെ ആവേശം കൊള്ളിക്കാനായില്ല 

ബജറ്റ് വാരം കഴിഞ്ഞതോടെ നിക്ഷേപകർ അൽപം ആശ്വാസത്തിലാണെങ്കിലും യു എസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കുമെന്ന വിലയിരുത്തൽ വിദേശ ഫണ്ടുകളെ ഇന്ത്യയിൽ വിൽപനക്കാരാക്കി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഇതിനിടയിൽ നിക്ഷേപത്തിന് ഉത്സാഹിച്ചത് ബോംബെ   സെൻസെക്‌സ് 119 പോയന്റും നിഫ്റ്റി 23 പോയന്റും ഉയർത്തി. 
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിഫ്റ്റിക്ക് മുകളിൽ നിലകൊള്ളുന്ന 12,082 പോയന്റിലെ കടമ്പ മറികടക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്ര ബജറ്റിന് നിക്ഷേപകരെ ആവേശം കൊള്ളിക്കാൻ കഴിയാഞ്ഞത് സൂചികയുടെ കുതിപ്പിന് താൽക്കാലിക തടയിട്ടു. കഴിഞ്ഞവാരം സൂചിക 11,798 - 11,981 പോയന്റിൽ കയറി ഇറങ്ങിയ ശേഷം വാരാന്ത്യം 11,811 ലാണ്. ഈവാരം 11,928 ൽ നിഫ്റ്റിക്ക് തടസ്സം നേരിടാം. ഇത് മറികടന്നാലും വീണ്ടും 12,046 ൽ പ്രതിരോധം നിലവിലുണ്ട്. ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ 11,745-11,680 ൽ താങ്ങ് പ്രതീക്ഷിക്കാം. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് എ ആർ, എം എ സി ഡി  എന്നിവ ബുള്ളിഷാണ്. സ്‌റ്റോക്കാസ്റ്റിക് ആർ എസ് ഐ, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോ സ്‌റ്റോക്കാസ്റ്റിക് എന്നിവ ന്യൂട്ടറൽ റേഞ്ചിലും. 
ബോംബെ സെൻസെക്‌സ് 39,394 ൽ നിന്ന് 39,743 ലേക്ക് ഓപണിങ് ദിനത്തിൽ ഉയർന്നങ്കിലും തൊട്ടടുത്ത ദിവസം സൂചിക തളർന്നു. ബജറ്റ് ദിനത്തിൽ 40,000 ലെ പ്രതിരോധം തകർത്തെങ്കിലും 40,032 ന് മുകളിൽ ഇടം കണ്ടെത്താൻ സെൻസെക്‌സിനായില്ല. ഇതിനിടയിൽ ഉടലെടുത്ത പ്രോഫിറ്റ് ബുക്കിങിനെ തുടർന്ന് 39,441 ലേക്ക് വിപണി തളർന്നങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ 39,513 ലാണ്. ബി എസ് ഇ സൂചിക 39,292 ലെ താങ്ങ് നിലനിർത്തി 39,88249,253 ലേയ്ക്ക് മുന്നേറാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ അടുത്ത ലക്ഷ്യം 40,844 പോയന്റാണ്. അതേ സമയം ആദ്യ താങ്ങ് നിലനിർത്താൻ വിപണിക്കായില്ലെങ്കിൽ 39,071 ലേക്ക് പരീക്ഷണങ്ങൾ നടത്താം.  
ജൂലൈ ആദ്യവാരം വിദേശ ഓപറേറ്റർമാർ ഓഹരി വിപണിയിൽ നിന്ന് 3,710.21 കോടി രൂപ പിൻവലിച്ചെങ്കിലും ഇതേ കാലയളവിൽ അവർ 3,234.65 കോടി രൂപ കടപ്പത്രത്തിൽ നിക്ഷേപിച്ചു, ഇതിനിടയിൽ വിപണിക്ക് നഷ്ടപ്പെട്ടത് 475.56 കോടി രൂപയാണ്. വിദേശ നിക്ഷേപകർ ഫെബ്രുവരിയിൽ 11,182 കോടി രൂപയും മാർച്ചിൽ 45,981 കോടി രൂപയും ഏപ്രിലിൽ 16,093 കോടി രൂപയും ജൂണിൽ 10,384.54 കോടി രൂപയും ഓഹരി വിപണിയിലും കടപ്പത്രത്തിലുമായി നിക്ഷേപിച്ചു. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 69.94 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച ശേഷം  വാരാന്ത്യം 68.41 ലേക്ക് ശക്തി പ്രാപിച്ചു. വാരാന്ത്യം വിനിമയ നിരക്ക് 68.44 ലാണ്. മുൻ നിരയിലെ പത്തിൽ ഏഴ് കമ്പനികളുടെ  വിപണി മൂല്യത്തിൽ 53,732.55 കോടി രൂപയുടെ വർധന. എച്ച്ഡിഎഫ്‌സി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ആർഐഎൽ, എച്ച്ഡിഎഫ്‌സി ബാങ്ക്,  എസ്ബിഐ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് എന്നിവയുടെ വിപണി മൂല്യം ഉയർന്നപ്പോൾ ഐസിഐസിഐ ബാങ്ക്, എച്ച്യുഎൽ, ഐടിസി എന്നിവക്ക് തളർച്ച നേരിട്ടു. 
ഏഷ്യൻ മാർക്കറ്റുകളിൽ ഹോങ്കോങിൽ ഹാൻസെങ് സൂചിക ഒഴികെ മറ്റു പ്രമുഖ ഓഹരി ഇൻഡക്‌സുകൾ വാരാന്ത്യം മികവിലാണ്. അതേ സമയം അമേരിക്കൻ തൊഴിൽ മേഖലയിൽ നിന്നുള്ള പുതിയ കണക്കുകൾ യൂറോപ്യൻ മാർക്കറ്റുകളെ തളർത്തി. പലിശ നിരക്കിൽ കുറവ് വരുത്താൻ പുതിയ സാഹചര്യത്തിൽ യു എസ് ഫെഡ് തയാറാവുമെന്ന  വിലയിരുത്തൽ ഫണ്ടുകളെ യുറോപ്യൻ മാർക്കറ്റിൽ വിൽപനക്കാരാക്കി. അമേരിക്കയിൽ ഡൗ ജോൺസ്, നാസ്ഡാക്‌സ്, എസ് ആന്റ് പി ഇൻഡക്‌സുകൾ നഷ്ടത്തിലാണ്. 
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 57.73 ഡോളറിലാണ്. ന്യൂയോർക്കിൽ സ്വർണം 1409 ഡോളറിൽ നിന്ന് 1430 വരെ കയറിയ ശേഷം വാരാന്ത്യം 1400 ലെ താങ്ങ് നഷ്ടപ്പെട്ട് 1398 ഡോളറിലാണ്.

Latest News