കഴിഞ്ഞയാഴ്ച ഞാൻ വായിച്ച പ്രധാനപ്പെട്ട ഒരു വാർത്ത വന്നത് ഉൾപേജിൽ ഫീച്ചർ ആയിട്ടായിരുന്നു. ആഹാര ശീലത്തിലും ജീവിത രീതിയിലും വലിയ വ്യത്യാസം വരുത്താവുന്ന ആ വാർത്തയുടെ തുടർച്ചയായി പിന്നെ ഒന്നും കണ്ടതുമില്ല. ഇനി വരുമായിരിക്കും. പ്രാധാന്യ ബോധം ഓരോരുത്തർക്കും ഓരോന്നല്ലേ? ബഹുജനം പല വിധം എന്നു പഴമൊഴി.
വൃത്താന്തം ഇതായിരുന്നു. തിരുവനന്തപുരത്തെ ഏതാനും പ്രദേശങ്ങളിൽ ഓൺലൈൻ ആയി പാൽ കിട്ടാൻ പോകുന്നു. നാളേക്കു വേണ്ട പാൽ ഇന്നു വൈകുന്നേരം വരെ ആവശ്യപ്പെടാം. പണം കൊടുക്കുന്നത് തീർച്ചയായും ബാങ്ക് വഴി. പാൽക്കടയിൽ പോയി വങ്ങുന്നതിനേക്കാൾ ഒരു പൈസ കൂടുതൽ കൊടുക്കേണ്ട. രാവിലെ നമ്മളെ വിളിച്ചുണർത്താതെ വീട്ടിന്റെ മുന്നിലൊരിടത്ത് പാൽക്കവർ എത്തിച്ചു മിണ്ടാതെ പോയാൽ മതി എങ്കിൽ അതും ഓൺലൈൻ നിർദേശത്തിൽ ഉൾപ്പെടുത്തണം. ആനന്ദലബ്ധിക്കിനി എന്തു വേണം?
ഇതുവരെ പാൽ വേണ്ട ആൾ പാൽക്കടയിൽ എത്തി വേണ്ടതെല്ലാം വാങ്ങി മടങ്ങുകയായിരുന്നു പതിവ്. രാവിലെ നടത്തവും പാൽക്കച്ചവടവും ഒരുമിച്ചാക്കാം. അതിനു പരിപാടിയില്ലാത്തവർക്ക് കവർ പാൽ കൊണ്ടു നടന്ന് കാശുണ്ടാക്കുന്നവരെ ഏർപ്പെടുത്താം.
കവറൊന്നിന് ഒരു രൂപയോ മറ്റോ കൂടുതൽ കൊടുക്കേണ്ടിവരുമെന്നു മാത്രം. ഓൺലൈൻ പാൽ വിൽപന ശരിയായാൽ അതൊന്നും വേണ്ടി വരില്ല. ഒരു ക്ലിക് അത്ര മതി പാൽ വരുത്താൻ. പാൽ വിൽപനക്കാർ ചിലർ മുറുമുറുക്കുമായിരിക്കും. വഴിവക്കിലെ പുകവലി സാമഗ്രികളും ടൈപ് റൈറ്റിംഗ് സെന്ററുകളും പോലെ, പാൽ വിതരണക്കാരും സ്ഥലം കാലിയാക്കും. അവിടവിടെ പ്രതിഷേധം ഉയരാം. പക്ഷേ പുതിയ സാങ്കേതിക വിദ്യയുടെയും വ്യാപാര ശൈലിയുടെയും മുന്നേറ്റത്തിൽ അവർ പുതിയ ലാവണങ്ങളും വരുമാന വഴികളും കണ്ടെത്തും, കണ്ടെത്തണം.
പാൽ ഇപ്പോൾ പ്ലാസ്റ്റിക്കിൽ വരുന്നു, കൂടായും കുപ്പിയായും പാക്കറ്റായും. പ്ലാസ്റ്റിക്കിന്റ് അവതാരത്തിനു മുമ്പ് ദൽഹി മിൽക് സ്‌കീം പോലുള്ള പുരോഗമനവാദികൾ ചില്ല് ഉപയോഗിച്ചുനോക്കി. ലോഹത്തിന്റെ അടപ്പോടുകൂടിയ ചില്ലു കുപ്പി രണ്ടളവിൽ വന്നു. ഗ്യാസ് സിലിണ്ടർ പോലെ കുപ്പിയും ചെറിയൊരു മുൻകൂർ പണം ഈടാക്കിയിരുന്നു. കുപ്പി ഉടഞ്ഞാൽ ഉടച്ചയാൾ നഷ്ടം സഹിക്കേണ്ടി വരും. കുപ്പിയല്ലേ, ഉടയുകയും ചെയ്യും. മദർ ഡയറിയുടെ ആക്രമണ കാലത്ത് കുപ്പിയും കവറും വേണ്ടെന്നായി. നേരത്തേ വാങ്ങിവെച്ചിരിക്കുന്ന ടോക്കൺ അവിടവിടെ സ്ഥാപിച്ചിട്ടിള്ള കൊച്ചു യന്ത്രത്തിൽ തള്ളിക്കയറ്റുക.
ആവശ്യമുള്ള പാൽ ഒഴുകി വരും. പാലൊഴുക്ക് ഞാൻ കോരിത്തരിപ്പോടെ നോക്കിനിന്നതോർക്കുന്നു. ചില്ലിനും പ്ലാസ്റ്റിക്കിനും ഇടമില്ലാതിരുന്ന കാലം അകലെയല്ല. കല്യാണി അമ്മയും മാക്കോതയും കറക്കുമ്പോൾ പാത്രത്തിലേക്കു വീഴുന്ന നൂലു പോലുള്ള പാൽ പരിചയമില്ലാത്ത ഏതോ സംഗീതോപകരണത്തിന്റെ ശബ്ദം പുറപ്പെടുവിച്ചിരുന്നു. നേരം വെളുത്താൽ കുടവും കുപ്പിയുമായി വരുന്ന പാൽക്കാരൻ മാക്കോത തികഞ്ഞ അവകാശവാദവുമായി എത്തുന്ന പൈക്കുട്ടിയെ അകറ്റിനിർത്താൻ വിദഗ്ധനായിരുന്നു. മൃഗങ്ങളുടെ അവകാശം കയ്യേറുന്നതായിരുന്നല്ലോ എന്നും മനുഷ്യന്റെ സാമർഥ്യം.
കല്യാണിയമ്മ പ്ലാസ്റ്റിക് കണ്ടിട്ടേയുണ്ടാവില്ല. പിച്ചള കൊണ്ടും വെള്ളോടു കൊണ്ടും ചെമ്പ് കൊണ്ടും ഉണ്ടാക്കിയ പല രൂപത്തിലും അളവിലുമുള്ള പാത്രങ്ങൾ അവർ ഉപയോഗിച്ചു പോന്നു. മാക്കോത പിടിക്കാൻ സൗകര്യമുള്ള അലൂമിനിയം പാത്രങ്ങൾ അവതരിപ്പിച്ചു. അവയിലൊന്നിൽ മായം ചേർക്കാൻ വേണ്ട വെള്ളം കരുതി വെച്ചിരിക്കും. മായം ചേർക്കാത്ത പാൽ സ്വപ്‌നങ്ങളിലിഴയുന്ന പട്ടുപോലെയെന്ന് പരസ്യ വാക്യത്തിന്റെ അനുകരണം.
യുഗാന്തരങ്ങളിലൂടെ ഒഴുകിവരുന്ന പാലിന്റെ കഥ ബാല്യത്തിന്റെ ആമോദമായിരുന്നു. പാലു കൊണ്ടു നിറഞ്ഞ കടലിൽ ജരയെയും നരയെയും ഒതുക്കാനുള്ള മരുന്നും മോഹവും കാമവും തർപ്പണം ചെയ്യാനുള്ള അമൃതും ഒളിപ്പിച്ച് വെച്ചിരുന്നുവെന്നാണ് വിശ്വാസം. അതിന്റെ പേരിൽ സുരന്മാരും അസുരന്മാരും പോരടിച്ചു. ഭൂലോകം നിറയെ പാൽക്കടൽ കണ്ട മനുഷ്യൻ ആകാശഗംഗയെന്ന ക്ഷീരപഥത്തിലൂടെ സഞ്ചരിച്ചു. എവിടെയും എന്നും അന്വേഷണം പാലിനു തന്നെ. നാടു മുഴുവൻ പാലും തേനും ഒഴുക്കുന്നതാണ് രാജധർമ്മം.
നമ്മുടെ വിശ്വാസത്തിലും ശ്വാസത്തിലും അലിഞ്ഞുകേറിയിരിക്കുന്ന പാലിന്റെ ഉപയോഗം അത്രയേറെയാണെന്നു പറഞ്ഞുകൂടാ. സമീകൃതമോ സമ്പൂർണമോ ആയ ആഹാരമെന്ന് നമ്മൾ ഘോഷിക്കുന്ന പാൽ വേണ്ടുവോളം കഴിക്കാൻ നിവൃത്തിയുള്ളവരായിരുന്നില്ല കേരളീയർ. കറുത്ത ചായ വെളുപ്പിക്കാനും മോരു പുളിപ്പിക്കാനും ഇത്തിരി പാൽ. അതല്ലാതെ പ്രഥമരാത്രിയിൽ വധൂവരനു കൊണ്ടുകൊടുക്കുന്നതു പോലെ ഒരു പാത്രം നിറയെ പാൽ കുടിക്കാൻ കഴിയുന്നവർ നന്നേ കുറയും. അതിനുള്ള പണമില്ലെന്നു മാത്രമല്ല, സാധനം കിട്ടാനുമില്ല. അരിയും പച്ചക്കറിയും പോലെ പാലും നമുക്ക് അടുത്ത സംസ്ഥാനങ്ങളിൽനിന്നു വരുത്തേണ്ടതാണ് സ്ഥിതി. അതുകൊണ്ടാകുമോ, പാൽ കവരുന്ന ഗണപതിയും നവനീതചോരനായ കൃഷ്ണനും ഒരിക്കലും മതി വരുന്നില്ല?
നമ്മുടെ സാഹിത്യത്തിലും പ്രാർഥനയിലും നിറഞ്ഞു തുളുമ്പുന്നതാണ് പാൽ. പാൽ കുടിച്ച് മതിവരാത്ത അത്ഭുതം കാണിക്കുന്ന പിള്ളയാർ രസികനും സർവ വ്യാപ്യിയുമാകുന്നു. പാൽക്കാരികളെ വട്ടു കളിപ്പിക്കുന്ന കണ്ണനും അതു പോലെ തന്നെ. പാൽക്കടലാണ് സർഗക്രിയയുടെ വേദിക. ദേവഗാന്ധാരിയിൽ മുഴങ്ങുന്ന 'ക്ഷീരസാഗരശയന' എന്ന സംഗീത സംബോധന പോരേ ഒരു പ്രഭാതം പൊട്ടി വിടരാൻ? പാൽ കലരാത്ത രുചിവിശേഷമില്ല.
പാൽക്കടലിൽ പാമ്പിൻമുകളിൽ നടക്കുന്ന സൃഷ്ടിയും സംരക്ഷണവും പകിട്ടേറിയ പ്രാചീന സങ്കൽപമാകുന്നു. ആ സങ്കൽപത്തിലൂടെ മനുഷ്യൻ പാലിനെ ബൃഹത്തായ ഒരു ധവള ബിംബകമാക്കി. പ്രാചീനതയിൽ അർവാചീനത തള്ളിക്കയറുന്നതാണ് പാൽ വിൽ പനക്ക് ഓൺലൈൻ സംവിധാനം ഉണ്ടാക്കുമ്പോൾ കാണാവുന്ന കാഴ്ച. ആഘോഷിക്കേണ്ടതാണ് ഈ നേട്ടം. കേരളം കണി കണ്ടുണരുന്ന വെണ്മയാകട്ടെ മിൽമ. വെറുമൊരു പരസ്യ വാക്യത്തിനപ്പുറം നീളുന്ന വികാസം അത് ഉൾക്കൊള്ളുന്നു.