ഖത്തർ നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല -സൗദി  

ആദിൽ അൽ ജുബൈർ 

റിയാദ് - ഭീകരതക്ക് സാമ്പത്തിക സഹായവും തീവ്രവാദ സംഘടനാ നേതാക്കൾക്ക് അഭയവും നൽകുന്നത് ഖത്തർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ മുന്നോട്ടുവെച്ച 13 നിബന്ധനകളിൽ വിട്ടുവീഴ്ചക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ആദിൽ അൽജുബൈർ. 
വിഷയത്തിൽ വില പേശലിന് തങ്ങൾ ഒരുക്കമല്ല. വാഷിംഗ്ടണിലെ സൗദി എംബസിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾ കുവൈത്ത് മുഖേനയാണ് നിബന്ധനകൾ പാലിക്കാൻ ആവശ്യപ്പെട്ടത്. ഇത് നടപ്പിൽ വരുത്താൻ 10 ദിവസത്തെ സാവകാശവും അനുവദിച്ചിരുന്നു. തങ്ങൾ ആവശ്യപ്പെട്ട നിർദേശങ്ങളിൽ അനുകൂലമായ തീരുമാനം എടുക്കാത്തപക്ഷം, ഖത്തർ മേഖലയിൽ ഒറ്റപ്പെട്ട അവസ്ഥയിൽ തുടരേണ്ടി വരുമെന്നും ആദിൽ ജുബൈർ സൂചിപ്പിച്ചു. ഭീകരതക്ക് സഹായം നൽകുന്നത് ഖത്തർ അവസാനിപ്പിച്ചേ മതിയാവൂ എന്നും അദ്ദേഹം ആവർത്തിച്ചു. തീവ്രവാദത്തിനും ഭീകര സംഘടനകൾക്കും സാമ്പത്തിക സഹായം നൽകുന്നത് നിർത്തിവെക്കണമെന്നും ഭീകരതയുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങൾ അന്വേഷിക്കുന്നവർക്ക് അഭയം നൽകരുതെന്നും നാല് രാജ്യങ്ങളും മുന്നോട്ടുവെച്ച നിബന്ധനകളിലുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം ബ്രദർഹുഡ്, ദാഇശ്, അൽഖാഇദ, അൽനുസ്‌റ ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകളുമായി ഒരു ബന്ധവും പാടില്ല. തങ്ങളുമായി സഹകരിക്കുന്ന വ്യവസായികളോട് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കണമെന്നും ഈ നാല് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങൾ നിർദേശിച്ച നിബന്ധനകൾ അംഗീകരിക്കാത്ത പക്ഷം ഖത്തറിന് മേൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് റഷ്യയിലെ യു.എ.ഇ അംബാസഡർ ഉമർ ഗബ്ബാശ് വ്യക്തമാക്കി. ലണ്ടനിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഖത്തറിന് മേൽ പുതിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഗൾഫ് രാജ്യങ്ങൾ പഠിക്കുന്നതായി ഉമർ ഗബ്ബാശ് പറഞ്ഞു. ജി.സി.സിയിൽ നിന്ന് ഉടനെ അല്ലെങ്കിലും പുറത്തു പോവുക മാത്രമായിരിക്കില്ല ശിക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. ഖത്തറിനെ ചൊല്ലി ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി നീണ്ടുനിൽക്കാനാണ് സാധ്യതയെന്ന് യു.എ.ഇ ഗവൺമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

 

Latest News