ജിദ്ദ- ഔദ്യോഗിക സന്ദർശനാർഥം സൗദി അറേബ്യയിലെത്തിയ ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമോണ്ട് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ സന്ദർശിച്ചു. അൽസലാമ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക മേഖലയിലെ സഹകരണം ഒന്നുകൂടി ശക്തമാക്കുന്നത് സംബന്ധിച്ചും ഗൾഫ് മേഖലയിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും നാവിക പാതയിലും ഇറാൻ വെല്ലുവിളി ഉയർത്തുന്നതിനെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, കാബിനറ്റംഗവും സഹമന്ത്രിയുമായ ഡോ. മുസായിദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ, ബ്രിട്ടീഷ് എംബസി ചാർജ് ഡി അഫയേഴ്സ് റിച്ചാർഡ് ഓപ്പൻഹേം, വിഷൻ 2030 പ്രതിനിധി കെൻ കോസ്റ്റ, ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറിയുടെ ഉപദേഷ്ടാവ് ഡംഗൻ മക്കോർട്ട് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു.






