ദിലീപിന്‍റേയും നാദിര്‍ഷായുടേയും മൊഴിയെടുത്തു

ആലുവ- നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി നല്‍കിയ നടന്‍ ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായേയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ എഡജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള  പോലീസ് സംഘമാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് താന്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനാണ് എത്തിയതെന്ന് ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വേറൊന്നും പ്രചരിപ്പിക്കരുതെന്നും മാധ്യമ വിചാരണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്യം തുറന്നു പറയാം. ആര്‍ക്കും വിഷമമൊന്നും തോന്നരുത്. ചിലരുടെ മാധ്യമ വിചാരണയ്ക്ക് നിന്നു കൊടുക്കാന്‍ നേരമില്ല. എനിക്ക് പറയാനുള്ളത് പോലീസിനോടും കോടതിയോടും ഞാന്‍ പറഞ്ഞോളാം. എന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാന്‍ പോകുന്നില്ല. ഞാനിപ്പോള്‍ പോകുന്നത് എന്റെ പരാതിയില്‍ മൊഴി കൊടുക്കാനാണ്- ദിലീപ് പറഞ്ഞു.
ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രണ്ട് മാസം മുമ്പാണ് അന്ന് ഡി.ജി.പി ആയിരുന്ന ലോകനാഥ് ബെഹ്്‌റക്ക് ദിലീപ് പരാതി നല്‍കിയിരുന്നത്. വിഷ്ണു എന്നയാള്‍ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്നെയാണ് ഫോണില്‍ വിളിച്ചതെന്ന് പിന്നീട് കണ്ടെത്തി.

Latest News