ചെന്നൈ- ആറുമാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ തമിഴ്നാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.മുഗിലനെ ആന്ധ്രാപ്രദേശിലെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കട്പാടിയില്‍വെച്ച് ആന്ധ്ര പോലീസ് തമിഴ്‌നാട് പോലീസിനു കൈമാറിയ മുഗിലനെ അര്‍ധ രാത്രിയോടെ ചെന്നൈയിലെത്തിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനും പീപ്പിള്‍സ് വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹെന്റി ടിഫഗ്‌നെയാണ് തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ മുഗിലനെ കണ്ടതിനെ തുടര്‍ന്ന് പോലീസിനു വിവരം നല്‍കിയത്.
കൂടങ്കുളത്ത് ആണവ മാലിന്യം തള്ളുന്നതിനെതിരെ മുദ്രാവാക്യം മുഴക്കുന്ന മുഗിലന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. നിയമ സഹായമില്ലാതെ ജയിലുകളില്‍ കഴിയുന്ന തമിഴരെ വിട്ടയക്കണമെന്ന ആവശ്യവും ഇദ്ദേഹം ഉന്നയിച്ചിരുന്നു. ഒട്ടേറെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്തു.
ഫെബ്രുവരി 15 മുതലാണ് മുഗിലന്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. തൂത്തുക്കുടിയില്‍ വേദാന്ത പ്ലാന്റിനെതിരെ സമരം ചെയ്ത 13 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു തിരോധാനം.
എഗ്‌മോര്‍ സ്‌റ്റേഷനില്‍നിന്ന് മധുരയിലെക്ക് ട്രെയിന്‍ കയറിയതായിരുന്നു അദ്ദേഹം. എന്നാല്‍ എഗ്് മോറില്‍ തന്നെ മുഗിലന്‍ ഇറങ്ങിപ്പോയെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പോലീസ് വെളിപ്പെടുത്തിയിരുന്നത്.
ചെന്നൈയിലെ വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട മുഗിലന്റെ തിരോധാനം കോളിളക്കമുണ്ടാക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തിരുന്നു. ബലാത്സംഗ, വഞ്ചനാ കേസിലും തമിഴ് നാട് പോലീസ് മുഗിലനെ അന്വേഷിച്ചു വരികയായിരുന്നു. ഒളിവില്‍ പോയതാണോ തട്ടിക്കൊണ്ടു പോയതാണോ എന്ന് വ്യക്തമായിട്ടില്ല.






