ഹജ് സർവീസുകൾ ഇന്ന് മുതൽ; സംസ്ഥാന ക്യാമ്പിന് തുടക്കം 

കൊണ്ടോട്ടി- ഈ വർഷത്തെ ഹജിന് കേരളത്തിൽ നിന്നുളള തീർഥാടകർ കരിപ്പൂർ വഴി ഇന്നു മുതൽ യാത്ര തിരിക്കും. നാലു വർഷത്തിന് ശേഷം പുനരാരംഭിക്കുന്ന കരിപ്പൂർ ഹജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തീർഥാടക സംഘത്തിന്റെ ഇടത്താവളമായി സംസ്ഥാന ഹജ് കമ്മറ്റിയൊരുക്കിയ ഹജ് ക്യാമ്പിൽ രാവിലെ മുതൽ തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു.
ആദ്യ വിമാനം ഇന്ന് ഉച്ചക്ക് 2.25 നാണ് പുറപ്പെടുന്നത്. 298 തീർഥാടകരാണ് യാത്രയാവുക. മൂന്ന് മണിക്കുളള രണ്ടാമത്തെ വിമാനത്തിലും 298 തീർഥാടകരാണ് പുറപ്പെടുന്നത്. ആദ്യ വിമാനങ്ങളിലെ തീർഥാടകരിൽ കൂടുതലും മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുളളവരാണ്.
രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷം ബാഗേജ് വിമാന കമ്പനിയെ ഏൽപിച്ചാണ് ഇവർ ഹജ് സെല്ലിൽ എത്തുന്നത്. ഇവിടെ നിന്ന് തിരിച്ചറിയാനുളള ലോഹവള, പാസ്‌പോർട്ട്, വിസ പേപ്പർ, ഹജ് വേളയിൽ ചെലവഴിക്കാനുളള 2100 സൗദി റിയാൽ എന്നിവ ഏറ്റുവാങ്ങിയാണ് തീർഥാടകർ വിശ്രമ സ്ഥലത്തെത്തുന്നത്. ഭക്ഷണം, പ്രാഥമിക കാര്യങ്ങൾക്കുളള സൗകര്യം, പ്രാർഥിക്കാനുളള സ്ഥലം തുടങ്ങിയവ ക്യാമ്പിലൊരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സ്ഥലമുണ്ട്. തീർഥാടകരെ സ്വീകരിക്കാൻ ഹജ് വളണ്ടിയർമാരും ക്യാമ്പിലുണ്ട്. ഈ വർഷം 13,472 പേർക്കാണ് അവസരം ലഭിച്ചത്. ഇവരിൽ 11,094 തീർഥാടകർ കരിപ്പൂരിൽ നിന്നും 2378 പേർ നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയാവും.
ആദ്യ ഹജ് തീർഥാടകൻ മൊയ്തീൻ കോയക്ക് മുഖ്യമന്ത്രി ബോർഡിംഗ് പാസ് നൽകി. ഹജ് വകുപ്പ് മന്ത്രി കെ.ടി ജലീൽ അധ്യക്ഷനായി. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി സ്വാഗതവും ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പ്രാർഥനയും, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ബോധന പ്രസംഗവും നടത്തി. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്‌സിൻ, പി.ടി.എ.റഹീം, മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണൻ, ജില്ലാ കലക്ടർ ജാഫർ മാലിക്, എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു സംബന്ധിച്ചു.  

ബാഗേജ് സുരക്ഷക്ക് കരുതലേറെ
കൊണ്ടോട്ടി- ഹജ് തീർഥാടകരുടെ ബാഗേജ് സുരക്ഷക്ക് ഇത്തവണ കേന്ദ്ര ഹജ് കമ്മിറ്റിയുടെ കരുതലേറെ. തീർഥാടകരുടെ മുഴുവൻ വിവരങ്ങളും ചേർത്ത് പ്രത്യേക ദേശീയ പതാക ആലേഖനം ചെയ്ത കാർഡാണ് ബാഗേജിൽ പതിപ്പിക്കുന്നത്. 
ഈ വർഷം മുതലാണ് തീർഥാടകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന പ്രത്യേക കാർഡ് നൽകിവരുന്നത്. ഹജ് ക്യാമ്പിൽ ബാഗേജ് പരിശോധനക്ക് എത്തുമ്പോൾ ഇവ ഓരോ ബാഗേജിലും ഹജ് സെല്ല് ഉദ്യോഗസ്ഥർ പതിക്കുന്നുണ്ട്.
തീർഥാടകർ മക്കയിൽ താമസിക്കുന്ന മുഴുവൻ വിവരങ്ങളും മക്തബ് നമ്പർ രേഖപ്പെടുന്ന ഈ കാർഡിൽ എഴുതിച്ചേർക്കുന്നുണ്ട്. മക്കയിലെ താമസ സ്ഥലത്തെ കെട്ടിട നമ്പർ, റൂം നമ്പർ, കവർ നമ്പർ, വിമാന നമ്പർ, എംബാർക്കേഷൻ പോയിന്റ് എന്നിവയാണ് കാർഡിൽ എഴുതിയിരിക്കുന്നത്. ലഗേജ് നഷ്ടപ്പെട്ടാൽ ഇവ കൃത്യമായി തീർഥാടകനിൽ എത്തിപ്പെടാൻ ഇത് കൂടുതൽ സഹായകമാവും.
ഇതോടൊപ്പം കഴിഞ്ഞ വർഷം ബാഗേജിൽ കെട്ടിയിരുന്ന ഐഡിന്റി കാർഡിന്റെ പിറകിൽ കാറ്റഗറി, മൊബൈൽ നമ്പർ, റൂം നമ്പർ, ഹജ് കോൺസുലേറ്റ് നമ്പർ തുടങ്ങിയ വിവരങ്ങളും പതിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതെഴുതിച്ചേർക്കലായിരുന്നു. എന്നാൽ ഇത്തവണ കാർഡിന്റെ പിറകിൽ സ്റ്റിക്കർ പതിക്കുകയാണ്. ഇതോടൊപ്പം തീർഥാടകൻ തന്നെ ബാഗേജിൽ വിവരങ്ങൾ പതിച്ച് സ്റ്റിക്കർ പതിക്കുന്നുണ്ട്.
54 കിലോ സാധനങ്ങൾ കൊണ്ടുപോകാനുളള ബാഗേജുകളാണ് ഇത്തവണ അനുവദിക്കുന്നത്. 22 കിലോയുടെ രണ്ട് ബാഗേജും 10 കിലോ ഹാൻഡ് ബാഗിലുമാണ് കൊണ്ടുപോകാൻ അനുമതി. നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജു കളാണ് യാത്രയിൽ ഉപയോഗിക്കേണ്ടതെന്ന് കേന്ദ്ര ഹജ് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്.

വനിതാ ഹജ് ഹൗസ് അടുത്ത വർഷത്തിന് മുമ്പ് പൂർത്തിയാക്കും -മുഖ്യമന്ത്രി
കൊണ്ടോട്ടി- വനിതാ തീർഥാടകർക്കുളള ഹജ് ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾ അടുത്ത ഹജ് ക്യാമ്പിന് മുമ്പ് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരിപ്പൂർ ഹജ് ഹൗസിൽ വനിതാ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് കോടിയാണ് ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഇത് തീർഥാടകർക്ക് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. 
കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.സി.ഷീബ, വാർഡ് കൗൺസിലർ രജനി, ഹജ് ക്യാമ്പ് കൺവീനർ പി.അബ്ദുറഹിമാൻ, പ്രൊഫ. എ.കെ.അബ്ദുൽ ഹമീദ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കാസിം കോയ പൊന്നാനി, ഡോ. ഇ.കെ.അഹമ്മദ്കുട്ടി സംബന്ധിച്ചു.
   

Latest News